| Saturday, 3rd February 2018, 7:56 pm

സമരത്തിന്റെ പേരില്‍ ചിലര്‍ പണം പിരിച്ചു; സോഷ്യല്‍ മീഡിയ കൂട്ടായ്മക്കെതിരെ ശ്രീജിത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സഹോദരന്റെ മരണത്തില്‍ നീതിതേടി സെക്രട്ടേറിയറ്റിനു മുന്നില്‍ താന്‍ നടത്തിയ സമരത്തെ പിന്തുണയ്ക്കാനെത്തിയ സോഷ്യല്‍മീഡിയ കൂട്ടായ്മയിലെ ചിലര്‍ പണപ്പിരിവ് നടത്തിയതായി ശ്രീജിത്ത്. സോഷ്യല്‍ മീഡിയ കൂട്ടായ്മയിലെ ചിലര്‍ തന്നെ മാനസികമായി പീഡിപ്പിച്ചെന്നും ഒപ്പം നിന്ന പലരും പിന്നീട് തള്ളിപ്പറഞ്ഞെന്നും ശ്രീജിത്ത് പറഞ്ഞു.

“സമരം ചെയ്യുന്ന സമയത്ത് പണം നല്‍കി സഹായിക്കാന്‍ സന്നദ്ധരായി ചിലര്‍ മുന്നോട്ടുവന്നിരുന്നു. പരമാവധി ഒഴിവാക്കാനാണ് ശ്രമിച്ചിട്ടുള്ളത്. എന്നാല്‍, താന്‍ മാറുന്ന സമയത്ത് കൂടെയുണ്ടായിരുന്ന സോഷ്യല്‍മീഡിയ കൂട്ടായ്മയിലെ ചിലര്‍ പണം വാങ്ങിയിരുന്നതായി പിന്നീട് അറിഞ്ഞു. ഇതു കൂടാതെ മറ്റു ചില പണപ്പിരിവുകളും നടന്നിട്ടുണ്ട്. ഇത്തരം പിരിവുകളുമായി എനിക്കു ബന്ധമില്ല. ഇപ്പോഴും ചിലര്‍ പിരിവു നടത്തുന്നതായി കേള്‍ക്കുന്നുണ്ടെന്നും” ശ്രീജിത്ത് പറഞ്ഞു.

എന്നാല്‍ സോഷ്യല്‍മീഡിയ കൂട്ടായ്മയിലെ കുറേപേര്‍ അവസാനം വരെ ഒപ്പം നിന്നതായും ശ്രീജിത്ത് പറഞ്ഞു. ഉറച്ച പിന്തുണ നല്‍കിയ അവര്‍ എന്നും ഒപ്പമുണ്ടായിരുന്നു, ശ്രീജിത്ത് പറഞ്ഞു.

അതേസമയം, കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്ഥര്‍ സ്വന്തം നാട്ടുകാരാണെന്നും അതുകൊണ്ട് തുടര്‍ന്ന് നാട്ടില്‍ ജീവിക്കാന്‍ ആശങ്കയുണ്ടെന്നും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് സംശയിക്കുന്നതായും ശ്രീജിത്ത് പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more