| Sunday, 12th September 2021, 4:30 pm

മുസ്‌ലിങ്ങളെ ആക്രമിക്കാന്‍ സഭയും സംഘവും ഒന്നുചേരുന്നതിലെ ലക്ഷ്യങ്ങള്‍

ശ്രീജിത്ത് കൊണ്ടോട്ടി

മുസ്‌ലിങ്ങളെ കുറിച്ച് ഏറ്റവും കൂടുതല്‍ തെറ്റിദ്ധാരണ പുലര്‍ത്തുന്നതും അത്തരം പ്രചരണങ്ങളില്‍ ഏര്‍പ്പെടുന്നതും ആ വിഭാഗവുമായി നേരിട്ട് ഒരു തരത്തിലും ബന്ധപ്പെടാത്ത ആളുകളാണെന്ന് തോന്നിയിട്ടുണ്ട്. വീട് മലപ്പുറത്താണ് എന്ന മറുപടിക്ക് ‘അവന്മാരുടെ ഇടയില്‍ എങ്ങനെ ജീവിക്കുന്നു’ എന്ന് ആശ്ചര്യപ്പെടുന്ന ഒരുപാട് പേരെ ജീവിതത്തില്‍ കണ്ടിട്ടുണ്ട്.

ജോലിക്കാരന്‍ മുസ്ലിം ആയിരുന്നു, പെരുന്നാളിന് മുസ്ലിം സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ബിരിയാണി കഴിച്ചിട്ടുണ്ട് എന്നൊക്കെ മേമ്പൊടിക്ക് പറയുമെങ്കിലും തുടര്‍ന്നുള്ള പറച്ചില്‍ കേട്ടാല്‍ അവരുടെയൊന്നും ചുറ്റുവട്ടത്തുപോലും മുസ്‌ലിങ്ങള്‍ ആയി ആരുമുണ്ടാകില്ല എന്ന് തോന്നിപ്പോകും.

‘നാര്‍ക്കോട്ടിക്ക് ജിഹാദ്’ എന്ന അങ്ങേയറ്റത്തെ വിദ്വേഷം മുസ്‌ലിങ്ങള്‍ക്കെതിരെ പ്രസംഗിച്ച പാലാ ബിഷപ്പും അതേറ്റുപിടിച്ച മറ്റ് കൃസ്തീയ പുരോഹിതരും എന്തിന് പി.സി. ജോര്‍ജ്ജിനെ പോലുള്ളവര്‍ പോലും തങ്ങളുടെ മുസ്‌ലിം വിരുദ്ധ മനസികാവസ്ഥ മറച്ചുവെയ്ക്കാന്‍ ഈ രീതിയിലുള്ള മുസ്ലിം സൗഹൃദ കഥകള്‍ തുടക്കത്തില്‍ അവതരിപ്പിക്കാന്‍ ശ്രദ്ധിക്കാറുണ്ട്.

കുരിശുയുദ്ധ കാലത്ത് മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഏറ്റവും കുറച്ച് നടന്നതും പരസ്പരം സംശയദൃഷ്ടിയോടെ നോക്കിക്കാണാതിരുന്നതും കൃസ്ത്യാനികളും മുസ്‌ലിങ്ങളും ഇടകലര്‍ന്ന് ജീവിക്കുന്ന പ്രദേശങ്ങളില്‍ ആയിരുന്നു എന്ന് നിരീക്ഷിക്കുന്നവര്‍ ഉണ്ട്. മുസ്ലിം ജനസംഖ്യ തീരെ കുറഞ്ഞ മധ്യതിരുവിതാംകൂര്‍ ഭാഗങ്ങളില്‍ ഇപ്പോള്‍ ശക്തമാകുന്ന ലവ് ജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ് പ്രചരണങ്ങളെ, ജോലി സംബന്ധമായോ മറ്റ് ആവശ്യങ്ങള്‍ക്കോ ആയി ഇവിടങ്ങളില്‍ നിന്ന് മലബാറിലെ വ്യത്യസ്ത പ്രദേശങ്ങളില്‍ സ്ഥിരതാമസമാക്കി തലമുറകള്‍ ആയി ജീവിച്ചുപോരുന്ന ആളുകള്‍ക്ക് അത്ര ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതല്ല എന്ന് തോന്നിയിട്ടുണ്ട്.

ഇതര വിഭാഗങ്ങള്‍ തമ്മില്‍ ഇടചേര്‍ന്നു ജീവിക്കുമ്പോള്‍ പരസ്പരം മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനുമുള്ള സാഹചര്യം ഉണ്ടാകുന്നു എന്നത് കേരളത്തിലേതുപോലെ ഒരു സാമൂഹ്യാവസ്ഥ നിലനില്‍ക്കുന്ന പ്രദേശത്തെ സംബന്ധിച്ച് വലിയ കാര്യമാണ്. മതസംഘടനകള്‍ നടത്തുന്ന, ഒരു പ്രത്യേക വിഭാഗം മാത്രം പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വ്യത്യസ്ത വിഭാഗങ്ങള്‍ ഇടകലര്‍ന്നു പഠിക്കുന്ന പൊതുവിദ്യാലയങ്ങളിലും പഠിച്ചു പുറത്തുവരുന്നവരുടെ സാമൂഹ്യ കാഴ്ചപ്പാടിലും ഈ വ്യത്യാസം പ്രകടമാണ്.

ഏതൊരു സാമൂഹിക വിഭാഗം ആയാലും അവരുമായി അടുത്ത് ഇടപഴകുന്നവര്‍ക്കും നേരിട്ട് അനുഭവങ്ങള്‍ ഉള്ളവര്‍ക്കും ആയിരിക്കും ആ വിഭാഗത്തെ കുറിച്ച് പൊതുവായി അഭിപ്രായം പറയാനും വിലയിരുത്താനും സാധിക്കുക എന്ന് തോന്നുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യ ഉള്ള പ്രദേശം മലപ്പുറം ആണല്ലോ. 1921 ലെ മലബാര്‍ കലാപം പല രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു കാലമാണല്ലോ ഇത്. ഹിന്ദുക്കള്‍ക്കെതിരെ മാപ്പിളമാര്‍ നടത്തിയ ഏകപക്ഷീയമായ ആക്രമണവും കൂട്ടക്കൊലയുമാണ് ‘മലബാര്‍ കലാപം’ എന്ന് ഹിന്ദുത്വ ശക്തികള്‍ ഇപ്പോള്‍ വലിയ തോതില്‍ പ്രചരിപ്പിക്കുന്നുണ്ട്.

മുന്‍പും പല കോണില്‍ നിന്നും ഇത്തരം അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു എങ്കിലും യഥാര്‍ത്ഥത്തില്‍ ഈ വിധത്തിലുള്ള പ്രചരണം ശക്തമാകുന്നത് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ആണ്. ഇതുമായി ബന്ധപ്പെട്ട ചരിത്ര രേഖകളും പുസ്തകങ്ങളും വ്യത്യസ്ത വായനകളും എല്ലാം മാറ്റിവെച്ചുകൊണ്ട് ഒരു കാര്യം ചിന്തിക്കാം. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളില്‍ ഭൂരിഭാഗവും ഇന്നത്തെ മലപ്പുറം ജില്ലയില്‍ ആണല്ലോ. അതില്‍ തന്നെ ഏറ്റവും പ്രധാന കേന്ദ്രങ്ങള്‍ ഏറനാട് താലൂക്കില്‍ പെട്ട പ്രദേശങ്ങളും ആയിരുന്നു.

1921 ലെ പാണ്ടിക്കാട്

ഹിന്ദുത്വവാദികളുടെ മലബാര്‍ കലാപവുമായി ബന്ധപ്പെട്ട പ്രചരണങ്ങളില്‍ എന്തെങ്കിലും വസ്തുത ഉണ്ടായിരുന്നു എങ്കില്‍ സ്വാഭാവികമായും ഇരുസമുദായങ്ങളും തമ്മിലുള്ള സൗഹാര്‍ദത്തെ അത് കാര്യമായി തന്നെ ബാധിക്കണമല്ലോ. കേരളത്തില്‍ സാമുദായിക സൗഹാര്‍ദ്ദം വലിയ തോതില്‍ നില നില്‍ക്കുന്ന പ്രദേശങ്ങളില്‍ ഒന്ന് ഏറനാടും വള്ളുവനാടും ഉള്‍പ്പെടുന്ന ഈ പ്രദേശങ്ങള്‍ ആണെന്ന കാര്യത്തില്‍ ഇവിടെ ജീവിക്കുന്നവര്‍ക്ക് സംശയമുണ്ടാകും എന്ന് തോന്നുന്നില്ല.

മലബാര്‍ കലാപം ഹിന്ദുക്കള്‍ക്കെതിരെയുള്ള മുസ്‌ലിങ്ങളുടെ സംഘടിത അതിക്രമം ആയിരുന്നു എങ്കില്‍, കലാപ ബാധിത പ്രദേശങ്ങളിലെ ഹിന്ദു വിഭാഗങ്ങള്‍ അങ്ങനെ കരുതിയിരുന്നു എങ്കില്‍ ഇങ്ങനെ ഒരു സാമൂഹ്യ അവസ്ഥ ഇവിടെ രൂപം കൊള്ളുകയും കാലങ്ങളായി ഇങ്ങനെ നിലനിന്നുപോരുകയും ചെയ്യില്ലല്ലോ.

മലപ്പുറം ജില്ലയിലെ ബി.ജെ.പി നേതാക്കള്‍ പോലും ഇപ്പോള്‍ ശക്തമായിക്കൊണ്ടിരിക്കുന്ന മുസ്ലിം വിരുദ്ധ പ്രചരണങ്ങളില്‍ നേരിട്ട് കക്ഷി ചേരുകയോ ഏറ്റുപിടിക്കുകയോ ചെയ്യുന്നത് വളരെ കുറവായിരിക്കും. മുസ്ലിം ഭൂരിപക്ഷ പ്രദേശം എന്ന നിലയില്‍ മലപ്പുറത്തെ കുറിച്ച് കഥകള്‍ മെനയുന്നതും ഭീതി പടര്‍ത്തുന്നതും ദേശീയപാത 17 ലൂടെ പോലും ഇതുവരെ യാത്ര ചെയ്യാത്തവര്‍ ആയിരിക്കും എന്ന് തോന്നിയിട്ടുണ്ട്.

മലപ്പുറത്തെ ഒരു ബി.ജെ.പിക്കാരനെക്കാള്‍ പാലായിലെ ഒരു സാധാരണ ക്രിസ്തുമത വിശ്വാസിയും ആറന്മുളയിലെ ഒരു ഹിന്ദു വിശ്വാസിയും മുസ്‌ലിങ്ങളെ ഭയക്കുന്നു, അല്ലെങ്കില്‍ അത്തരം വിദ്വേഷ പ്രചരണങ്ങള്‍ ഏറ്റുപിടിക്കുന്നു എങ്കില്‍ പരസ്പരം മനസ്സിലാക്കലിന്റെ പ്രശ്‌നം ആയിരിക്കും അതിന് കാരണം എന്ന് കരുതേണ്ടിവരും. സംഘടിതമായ മുസ്ലിം വിരുദ്ധ പ്രചരണങ്ങളില്‍ അവര്‍ വീണു പോകുന്നതാകാം കാരണം.

തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കേരളത്തിലെ ക്രിസ്ത്യന്‍ വിഭാഗങ്ങളെ കൂടെ കൂട്ടാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ആണ് സംഘപരിവാര്‍ ദേശീയ തലത്തില്‍ തന്നെ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ മുസ്ലിം വിരുദ്ധത വളര്‍ത്താനും അതിനെ തങ്ങള്‍ക്ക് അനുകൂലമായി വോട്ടാക്കി മാറ്റാനും ഉള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പാലാ ബിഷപ്പിന്റെ വിഷലിപ്തമായ വാക്കുകളെ ഈയൊരു രാഷ്ട്രീയ സാഹചര്യത്തില്‍ ഒളിഞ്ഞുകിടക്കുന്ന വലിയ അപകടത്തിന്റെ മുന്നൊരുക്കമായി വായിക്കേണ്ടിവരും.

രാഷ്ട്രീയ ലക്ഷ്യം മാത്രമല്ല, സാമ്പത്തികമായ ചില ലക്ഷ്യങ്ങള്‍ കൂടി ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നില്‍ ഉണ്ടെന്ന് കാണാന്‍ സാധിക്കും. ഒരു മലയാളി മുസ്ലിം സംരംഭകന്റെ ‘ഫ്രഷ് ഫുഡ്’ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ സംഘപരിവാര്‍ ആരംഭിച്ച വിദ്വേഷ പ്രചരണങ്ങള്‍ ഈയിടെ വാര്‍ത്തയായിരുന്നുവല്ലോ. ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉള്‍പ്പടെയുള്ള മേഖലകള്‍ മുസ്‌ലിങ്ങള്‍ കുത്തകയായി വെച്ചുകൊണ്ടിരിക്കുകയാണെന്നും ഭക്ഷ്യോല്‍പ്പന്ന മേഖലയിലെ ഈ സ്വാധീനം അവസാനിപ്പിക്കണം എന്നതും അജണ്ടയായി ഏറ്റെടുത്തവര്‍ ആണ് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നില്‍.

ഈയിടെ പാലായിലെ ഒരു നോണ്‍ വെജിറ്റേറിയന്‍ റെസ്റ്റോറന്റിനു നേരെ സമാനമായ രീതിയില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പാലാ പോലെയൊരു നഗരത്തിലും മുസ്‌ലിങ്ങള്‍ കച്ചവട സ്ഥാപനങ്ങള്‍ ആരംഭിക്കുകയും അത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്നതായിരുന്നു ചിലരെ അസ്വസ്ഥരാക്കിയത്. പാലാ ബിഷപ്പിന്റെ പ്രസംഗത്തെ ഈയൊരു സാഹചര്യത്തില്‍ കൂടി നോക്കിക്കാണേണ്ടേതുണ്ട്.

മുസ്‌ലിങ്ങളുടെ ബേക്കറിയില്‍ നിന്നും കൂള്‍ ബാറുകളില്‍ നിന്നും റെസ്റ്റോറന്റുകളില്‍ നിന്നും ഭക്ഷണം കഴിച്ചാല്‍ മയക്കുമരുന്ന് നല്‍കി മതം മാറ്റിക്കളയും എന്നും ക്രിസ്ത്യാനികള്‍ ഈ അപകടം നിസ്സാരമായി കാണരുത് എന്നുകൂടി ‘നാര്‍ക്കോട്ടിക്ക് ജിഹാദ്’ പ്രസംഗത്തില്‍ പാലാ ബിഷപ്പ് പറയാതെ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ രാഷ്ട്രീയ ലക്ഷ്യം മാത്രമല്ല, സാമ്പത്തികമായ ഗൂഢ ലക്ഷ്യങ്ങളും ഇത്തരം പ്രസ്താവനകള്‍ക്ക് പിന്നിലുണ്ട് എന്ന് കരുതേണ്ടിവരും.

ഇത്രയും കാലം കൃത്യമായ നേതൃത്വമോ മാര്‍ഗ രേഖയോ പ്രവര്‍ത്തന ലക്ഷ്യങ്ങളോ ഇല്ലാതെ വ്യത്യസ്ത പേരിലുള്ള ഫ്രിഞ്ച് ഗ്രൂപ്പുകള്‍ ആയിട്ടായിരുന്നു ക്രിസ്ത്യന്‍ മതമൗലികവാദ പ്രവര്‍ത്തനം നടന്നിരുന്നത് എങ്കില്‍ ഇപ്പോള്‍ അത് മുഖ്യധാരാ മതസംഘടനകള്‍ നേരിട്ട് ഏറ്റെടുത്തിരിക്കുകയാണ്. പാലാ ബിഷപ്പിന്റെ പ്രസ്താവനയെ എതിര്‍ക്കാനോ തിരുത്താനോ കത്തോലിക്ക സഭാ നേതൃത്വത്തില്‍ നിന്ന് ആരും എത്തുന്നില്ല എന്ന് മാത്രമല്ല ഇതര സഭാധ്യക്ഷന്‍മാര്‍ ഉള്‍പ്പെടെ അതിനെ പിന്തുണച്ചുവരുന്ന കാഴ്ചയാണ് കാണുന്നത്.

പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്

വ്യത്യസ്ത സമുദായങ്ങളെ ശത്രുക്കളാക്കി നിര്‍ത്തി രാഷ്ട്രീയ നേട്ടം ഉണ്ടാക്കുക എന്നത് ഹിന്ദുത്വ രാഷ്ട്രീയക്കാരുടെ ലക്ഷ്യമാണെന്നതില്‍ സംശയമില്ല എങ്കിലും ഇത്തരം സാമൂഹ്യാവസ്ഥ സൃഷ്ടിക്കപ്പെടുന്നതില്‍ അവരെ മാത്രം കുറ്റപ്പെടുത്തുന്നതിലും അര്‍ത്ഥമില്ല. സംഘപരിവാറിനൊപ്പം തന്നെ സഭാ അദ്ധ്യക്ഷന്‍മാര്‍ക്കും അവരുടേതായ ലക്ഷ്യങ്ങളും താല്‍പര്യങ്ങളും ഈ വിഷയത്തില്‍ ഉണ്ട്. അതുകൊണ്ട് തന്നെ കേവലം സംഘപരിവാര്‍ ചട്ടുകങ്ങളായി അവരെ കാണുന്നതും പൂര്‍ണമായി ശരിയാകണമെന്നില്ല.

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന സാമുദായിക സ്പര്‍ദ്ദ വളര്‍ത്തുന്നതാണെന്ന് തിരിച്ചറിഞ്ഞ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അതിനെതിരെ രംഗത്തു വന്നിട്ടുണ്ട്. പ്രതീക്ഷിച്ച പോലെ ബി.ജെ.പി നേതാക്കള്‍ ബിഷപ്പിന് പിന്തുണയുമായി വരുന്നതും കണ്ടു. കേവല രാഷ്ട്രീയ നേട്ടം മാത്രം മുന്നില്‍ കാണാതെ ജനാധിപത്യ കക്ഷികള്‍ ഈ വിഷയത്തില്‍ ന്യായമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ടത് അനിവാര്യമാണ്. അള്‍ത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനുള്ള വേദിയല്ല എന്ന യാക്കോബായ സഭാ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ പോലെ ചില പ്രത്യാശയുടെ കിരണങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ചേരി തിരിഞ്ഞുള്ള പ്രതികരണങ്ങള്‍ ആണ് ഉണ്ടാകുന്നത്.

ഉത്തരവാദിത്തപ്പെട്ട കത്തോലിക്കാ സഭാ അധ്യക്ഷന്‍മാര്‍ ആരും തന്നെ ഈ പ്രസ്താവനയെ അപലപിക്കാന്‍ തയ്യാറായിട്ടില്ല എന്നതും പിന്തുണക്കാന്‍ ആളുകള്‍ ഏറിവരുന്നു എന്നതും കേരളത്തെ സംബന്ധിച്ച് അത്ര ശുഭസൂചകമായ കാര്യമല്ല. പലാ ബിഷപ്പ് ഹൗസിലേക്ക് മുസ്‌ലിം സംഘടനകള്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് മറുപടി എന്നോണം ബിഷപ്പിനെ പിന്തുണച്ചുള്ള സഭാ വിശ്വാസികളുടെ പ്രകടനങ്ങളും നടക്കുന്നുണ്ട്. ഇരുഭാഗത്തു നിന്നുമുള്ള ഇത്തരം വൈകാരിക പ്രകടനങ്ങള്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്ന തരത്തില്‍ ആയിക്കൊണ്ടിരിക്കുകയാണ്.

ഹിന്ദു പെണ്‍കുട്ടികളെ മുസ്‌ലിങ്ങള്‍ പ്രണയം നടിച്ചു മതം മാറ്റുന്നു എന്ന പ്രചരണം മുന്‍പ് ഒറ്റപ്പെട്ട കോണുകളില്‍ നിന്നും മാത്രമായിരുന്നു എങ്കില്‍ ഇപ്പോള്‍ അത് കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും അടങ്ങുന്ന ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ബി.ജെ.പി നേതാക്കള്‍ക്ക് വളരെ എളുപ്പത്തില്‍ ആരോപിക്കാവുന്ന ഒന്നായി മാറിയിട്ടുണ്ട്.

മുസ്‌ലിങ്ങളെ കുറിച്ച് എത്ര ഭീകരമായ ആരോപണം ഉന്നയിച്ചാലും ഒരു കാര്യവും ഇല്ലാതെ അദ്ദേഹം അങ്ങനെ പറയുമോ എന്ന് ചിന്തിക്കുന്നവരുടെ എണ്ണം ഏറിവരികയാണ്. ഒറ്റപ്പെട്ട ചില കേസുകളെ സാമാന്യവല്‍ക്കരിച്ചു വിദ്വേഷം പടര്‍ത്തുന്നവര്‍ മുസ്ലിം സൗഹൃദങ്ങളെ പോലും സംശയദൃഷ്ടിയോടെ കാണണം എന്ന സന്ദേശമാണ് കൈമാറുന്നത്.

കത്തോലിക്കാ സഭ മുന്‍പും ലവ് ജിഹാദ് ആരോപണവുമായി വന്നിട്ടുണ്ട്. അന്നത് പുകമറ സൃഷ്ട്ടിക്കുന്ന വെറും ആരോപണം മാത്രമായിരുന്നു എങ്കില്‍ ഇന്നത് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉള്ള വസ്തുതകള്‍ ആയി വിശ്വാസി സമൂഹത്തിന് മേല്‍ ഭീതി പടര്‍ത്തുകയാണ് ചെയ്യുന്നത്. ഇവിടെ സംഘ്പരിവാറിനൊപ്പം ചേര്‍ന്നുള്ള രാഷ്ട്രീയ നേട്ടം മാത്രമല്ല, സാമ്പത്തികമായ ചില ലക്ഷ്യങ്ങള്‍ കൂടി മുന്നില്‍ കാണുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Sreejith Kondotty writes about the reasons behind Christian Muslim conflict

ശ്രീജിത്ത് കൊണ്ടോട്ടി

We use cookies to give you the best possible experience. Learn more