ഈ വർഷം ഇറങ്ങിയ ചിത്രങ്ങളിൽ കേരള ബോക്സ് ഓഫീസിൽ ഏറ്റവും വലിയ വിജയമായി മാറിയ ഒരു സിനിമയായിരുന്നു കണ്ണൂർ സ്‌ക്വാഡ്.
നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം കേസ് അന്വേഷണത്തിന്റെ ഭാഗമായി ഒരു നാൽവർ പൊലീസ് സംഘം നടത്തുന്ന യാത്രയാണ്. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം മികച്ച അഭിപ്രായമായിരുന്നു സ്വന്തമാക്കിയത്.
ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ കുറിച്ച് പറയുകയാണ് ശ്രീജിത്ത് ഐ.പി.എസ്. സിനിമയെ കുറിച്ചുള്ള തന്റെ അഭിപ്രായം അദ്ദേഹം നേരത്തെ തന്നെ പങ്കുവച്ചിരുന്നു. സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തിയെന്നും അത് മമ്മൂട്ടിയോട് പറഞ്ഞിരുന്നു എന്നും ശ്രീജിത്ത് പറയുന്നു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കണ്ണൂർ സ്‌ക്വാഡ് എന്ന സിനിമ മമ്മൂക്ക ചെയ്തു. അതിലെ അദ്ദേഹത്തിന്റെ അഭിനയ മികവിനെ കുറിച്ചാണ് എനിക്ക് പറയാൻ ഉള്ളത്. കാരണം നമ്മൾ ഒരു മേലുദ്യോഗസ്ഥന്റെ മുന്നിലിരിക്കുമ്പോൾ നമ്മുടെ ശരീരഭാഷയിൽ സ്വാഭാവികമായും ചില വ്യത്യാസങ്ങൾ വരും. എന്നാൽ അത് മമ്മൂക്കയെ പോലെ സമൂഹത്തിൽ ഉയർച്ചയും അംഗീകാരവും ഒക്കെയുള്ള ഒരാൾ പ്രകടനത്തിലൂടെ വരുത്തിയെടുക്കുക എന്നത് ചെറിയ കാര്യമല്ല. അത് ഒരിക്കലും എളുപ്പമല്ല.
ആ സിനിമയുടെ പ്രത്യേകതയായിട്ട് എനിക്ക് തോന്നുന്നത്, ഒരു എ.എസ്.ഐ എസ്. പിയുടെ മുന്നിൽ ചെന്നിരിക്കുമ്പോൾ പോലും അത്രയും കൃത്യമായി ശരീരം മുഴുവൻ ചുരുങ്ങുന്ന രീതിയിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്.
സാധാരണ ഒരു എസ്.പിയുടെ മുന്നിൽ അങ്ങനെ അവർ ഇരിക്കില്ല. എന്നാൽ മമ്മൂക്ക അങ്ങനെ ഇരിക്കുമ്പോൾ പോലും കസേരയുടെ ഒരു മൂലയിലേക്കായി കസേരയിലേക്ക് ചാരാതെയാണ് അദ്ദേഹം ഇരിക്കുന്നത്. ഞാൻ മമ്മൂക്കയോട് അത് പറയുകയും ചെയ്തു.
അപ്പോൾ അദ്ദേഹം പറഞ്ഞത് കഥാപാത്രം നമ്മളിലേക്ക് സന്നിവേശിപ്പിക്കുന്ന സമയത്ത് താനേ വരുന്ന വ്യത്യാസങ്ങളാണെന്നാണ്. അതെല്ലാമാണ് അദ്ദേഹത്തെ ഒരു മഹാനടൻ ആക്കുന്നത്,’ശ്രീജിത്ത് പറയുന്നു.
സെപ്റ്റംബര്‍ 28നാണ് കണ്ണൂര്‍ സ്‌ക്വാഡ് റിലീസ് ചെയ്തത്. ആദ്യദിനം മുതല്‍ തന്നെ ചിത്രത്തിന് മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചിരുന്നു. ടോട്ടല്‍ ബിസിനസിലൂടെ കണ്ണൂര്‍ സ്‌ക്വാഡ് 100 കോടി നേടിയിരുന്നു.
ജോര്‍ജ് മാര്‍ട്ടിന്‍ എന്നാണ് മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. ശബരീഷ് വര്‍മ, റോണി, അസീസ് നെടുമങ്ങാട്, വിജയരാഘവന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: Sreejith IPS Talk About Performance Of Mammooty In Kannur Squad Movie