മേലുദ്യോഗസ്ഥരോട് എതിർത്ത് സംസാരിക്കാമെന്നത് നായകനു മാത്രം അവകാശപെട്ട പ്രത്യേകതയാണെന്നാണ് കണ്ണൂർ സ്‌ക്വാഡ് കണ്ട ശ്രീജിത്ത് ഐ.പി. എസ് പറയുന്നത്.
പൊലീസിൽ ആരുമറിയാതെ പോവുന്ന ഒരുപാട് ഹീറോസിന്റെ കഠിനാധ്വാനം നല്ല രീതിയിൽ ചിത്രീകരിച്ച് ജനങ്ങൾക്കിടയിൽ എത്തിച്ച കണ്ണൂർ സ്‌ക്വാഡിന്റെ അണിയറ പ്രവർത്തകരോടുള്ള നന്ദിയും ശ്രീജിത്ത് അറിയിച്ചു. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മുൻപും പലരും പൊലീസ് കഥകൾ എടുക്കാൻ വേണ്ടി ശ്രമിക്കുകയും അഭിപ്രായങ്ങൾ ചോദിക്കുകയും ചെയ്തിട്ടുണ്ട്. കൊച്ചിൻ ഹനീഫയെ പോലെ തമാശക്കാരനായ അല്ലെങ്കിൽ സുരേഷ്ഗോപിയെ പോലെ അതിഭാവുകത്വമുള്ള പൊലീസ് വേഷങ്ങളാണ് എല്ലാവരുടെയും മനസിലുള്ളത്.
ശരിക്കും അതിനിടയിൽ എവിടെയോ ആണ് യഥാർത്ഥ പൊലീസ്ക്കാരന്റെ ജീവിതമുള്ളത്. അത് ചിത്രീകരിക്കുന്നതിൽ പലപ്പോഴും പലരും തയ്യാറാവാറില്ല.
കണ്ണൂർ സ്‌ക്വാഡിൽ മാസ് കാണിച്ചിട്ടുണ്ടെങ്കിലും കുറെയൊക്കെ റിയാലിറ്റിയാണ്. മമ്മൂട്ടിയെന്ന മഹാനടന്റെ ബോഡി ലാംഗ്വേജിൽ വരെ ഒരു എ.എസ്.ഐയുടെ എല്ലാ പരിമിതികളും ഉൾക്കൊണ്ടുള്ള പ്രകടനം കാണാൻ സാധിച്ചിരുന്നു. അതാണ് കണ്ണൂർ സ്‌ക്വാഡിൽ ഞങ്ങൾ കാണുന്ന ഒരു വിജയം.
അന്ന് ഞാൻ സംവിധായകൻ റോണിയോട് പറഞ്ഞു, ഞങ്ങൾക്ക് രാത്രി പലപ്പോഴും ഒരുപാട് സന്ദർഭങ്ങളിൽ കാട്ടിൽ പോവേണ്ടി വന്നിട്ടുണ്ട്. സംഘട്ടനങ്ങൾ ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ട്. ബോംബ് ബ്ലാസ്റ്റും നേരിട്ടിട്ടുണ്ട്. പക്ഷെ ആ സമയത്തൊന്നും ആർക്കും ആരും ബി.ജി.എം വായിച്ചിട്ടില്ല. പോവുമ്പോൾ ഞങ്ങൾ ഒറ്റയ്ക്ക് പോകണം. മേലുദ്യോഗസ്ഥരോട് തിരിച്ച് എതിർത്ത് സംസാരിക്കാമെന്നത് നായകനു മാത്രം അവകാശപ്പെട്ട പ്രത്യേകതയാണ്. ഞങ്ങൾക്കൊന്നും അങ്ങനെ ചെയ്യാൻ പറ്റില്ല.