മലയാളികള്‍ ഇപ്പോള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയാണ് എമ്പുരാന്‍. 2019ല്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ഇത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍.
മുരളി ഗോപി തിരക്കഥയെഴുതി ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോക നായകനായും എത്തിയത് മോഹന്‍ലാല്‍ തന്നെയായിരുന്നു.
ഇപ്പോള്‍ എമ്പുരാന്റെ ഓരോ അപ്ഡേറ്റും ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ സ്വീകരിക്കുന്നത്. അതിനിടയില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്ന് കേരളപിറവി ദിനത്തില്‍ അണിയറപ്രവര്‍ത്തകര്‍ എമ്പുരാന്റെ ഒരു ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു.
വെള്ള വസ്ത്രമിട്ട ഒരാള്‍ തിരിഞ്ഞു നില്‍ക്കുന്നതായിരുന്നു ആ പോസ്റ്റര്‍. അയാളുടെ പിന്നില്‍ ഒരു ഡ്രാഗണിന്റെ ചിത്രവും ഉണ്ടായിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇത് ആരാകുമെന്ന ചര്‍ച്ചകള്‍ കനത്തിരുന്നു.
ഇപ്പോള്‍ ആരാണ് അയാളെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് എമ്പുരാന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ശ്രീജിത്ത് ഗുരുവായൂര്‍. പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ എമ്പുരാനില്‍ വലിയ എക്‌സ്‌പെറ്റേഷനാണുള്ളതെന്നും അത് താന്‍ ക്രോസ് ചെയ്യാതിരിക്കുന്നതല്ലേ നല്ലതെന്നുമാണ് അദ്ദേഹം പറയുന്നത്.
സിനിമ തിയേറ്ററില്‍ എത്തുന്നതിന് മുമ്പ് അത്തരം കാര്യങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കണമെങ്കില്‍ അതിന്റെ ആദ്യ റൈറ്റ്‌സ് സിനിമയുടെ സംവിധായകനായ പൃഥ്വിരാജിനാണെന്നും ശ്രീജിത്ത് പറയുന്നു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീജിത്ത് ഗുരുവായൂര്‍.
‘ഓഡിയന്‍സിന് ഇപ്പോള്‍ എമ്പുരാനില്‍ വലിയ എക്‌സ്‌പെറ്റേഷനാണുള്ളത്. അത് ഞാന്‍ ക്രോസ് ചെയ്യാതിരിക്കുന്നതല്ലേ നല്ലത്. ഞാന്‍ അത് ക്രോസ് ചെയ്യുന്നതിലല്ല കാര്യം. സിനിമയുടെ മുമ്പ് അത്തരം കാര്യങ്ങള്‍ ഓഡിയന്‍സിലേക്ക് എത്തിക്കണമെങ്കില്‍ അതിന്റെ ആദ്യത്തെ റൈറ്റ്‌സ് സിനിമയുടെ സംവിധായകന് തന്നെയാണ്,’ ശ്രീജിത്ത് ഗുരുവായൂര്‍ പറഞ്ഞു.
Content Highlight: Sreejith Guruvayoor Talks About Dragon Symbol In Empuraan Movie