| Friday, 20th November 2020, 2:03 pm

കാണാതായവരെ തേടിയുള്ള താങ്കളുടെ സഞ്ചാരത്തില്‍ ദയവായി ആ ചെറുപ്പക്കാരന്റെ രൂപം കൂടി മനസ്സിലുണ്ടാകണം

ശ്രീജിത്ത് ദിവാകരന്‍

ബഹുമാനപ്പെട്ട മാഡം സീമ ധാക്ക,

അഭിനന്ദനങ്ങളും വലിയ നന്ദിയും ആദ്യമേ അറിയിക്കട്ടേ. കഴിഞ്ഞ രണ്ട് ദിവസമായി രാജ്യം മുഴുവന്‍, ദേശീയ-പ്രദേശിക-സാമൂഹ്യ മാധ്യമങ്ങളൊക്കെ, താങ്കളുടെ പ്രമോഷന്‍ വാര്‍ത്തയും അതിന് കാരണമായ പ്രവര്‍ത്തികളും ആഘോഷിക്കുകയാണ്. എത്ര ആവര്‍ത്തിച്ച് പറഞ്ഞാലും എത്ര ആഘോഷിച്ചാലും മതിയാകാത്ത വിധം സുധീരവും അര്‍പ്പിതവുമായ കാര്യമാണ് നിങ്ങള്‍ ചെയ്തത്. കാണാതായ 76 കുട്ടികളെ മൂന്ന് മാസത്തിനുള്ളില്‍ കണ്ടെത്തുക എന്നത്, അതില്‍ മുക്കാല്‍ പങ്കും 14 വയസിന് താഴെയുള്ള കുഞ്ഞുങ്ങളായിരിക്കുക എന്നത്, എത്ര പ്രശംസിച്ചാലും മതി വരാത്ത കര്‍ത്തവ്യമാണ്. വലിയ സ്നേഹവും കടപ്പാടും രേഖപ്പെടുത്തുന്നു. ഒരു പ്രമോഷനും പ്രശംസയും പുരസ്‌കാരവും ഈ പ്രവര്‍ത്തികള്‍ക്ക് പകരമാകില്ല.

താങ്കള്‍ ജോലി ചെയ്യുന്ന ഡല്‍ഹി നഗരം എനിക്ക് രണ്ടാമത്തെ വീടാണ്. ഒന്നര പതിറ്റാണ്ടോളം താമസിച്ചിരുന്ന, ഇപ്പോഴും പ്രിയപ്പെട്ടവരേറെയും ജീവിക്കുന്ന നഗരമാണ്. അതുകൊണ്ട് തന്നെ ആ നഗരത്തിന്റെ പേരിലും വലിയ നന്ദിയുണ്ട്. താങ്കളുടെ പോലീസ് സ്റ്റേഷന്‍ പരിധിയായ സമയ്പൂര്‍ ബദ്ലിയും വളരെ പരിചിതമായ പ്രദേശമാണ്.

സീമ ധാക്ക

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഹരിയാന ബോര്‍ഡറിലുള്ള ഷാംലി ജില്ലക്കാരിയാണ് താങ്കളെന്ന് അറിഞ്ഞു. കാര്‍ഷിക കുടുംബത്തില്‍ നിന്നാണെന്നും. പേരിന്റെ സൂചന ശരിയാണെങ്കില്‍ ഒരു പക്ഷേ രാജസ്ഥാനിലെ സീക്കറില്‍ വേരുകളുണ്ടായിരിക്കണം താങ്കളുടെ കുടുംബത്തിന്. ഞങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമായ, കാര്‍ഷിക സമരങ്ങള്‍ ഏറെ നടന്നിട്ടുള്ള, പ്രിയപ്പെട്ട സഖാക്കളും സുഹൃത്തുക്കളുമുള്ള ദേശമാണ് സീക്കര്‍.

താങ്കളുടെ കഴിഞ്ഞ ദിവസങ്ങളിലെ അഭിമുഖങ്ങള്‍ പലതും കണ്ടിരുന്നു. അതില്‍ ആവര്‍ത്തിച്ച് പറയുന്നത് ‘I am a mother and never want someone to lose their child,’. തീര്‍ച്ചയായും താങ്കളുടെ ഏഴ് വയസുകാരനായ മകന്‍ ജീവിതകാലം മുഴുവന്‍ അഭിമാനത്തോടെ പറയും, ഒരുപാട് കുടുംബങ്ങളുടെ കണ്ണീരിന് പരിഹാരം കണ്ടയാളാണ് അവന്റെ അമ്മയെന്ന്.

താങ്കളൊരു അമ്മയായത് കൊണ്ട് ഒരാള്‍ക്കും സ്വന്തം കുഞ്ഞുങ്ങള്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകരുത് എന്നായിരുന്നു ആഗ്രഹമെന്ന ആ പ്രാഥമിക പ്രതികരണം കൊണ്ടുതന്നെ വലിയ ആദരവോടെയും പ്രതീക്ഷയോടെയും ഒരു കാര്യം ശ്രദ്ധയില്‍ പെടുത്താനാണ് ഇതെഴുതുന്നത്. ഫാത്തിമ നഫീസിനെ താങ്കള്‍ക്ക് അറിയുമായിരിക്കുമല്ലോ. നാലുവര്‍ഷമായി കാണാതായ മകനെ തേടിയലയുകയാണ് ആ സ്ത്രീ. അവരുടെ കണ്ണീര് വീണ് കുതിര്‍ന്ന നഗരമാണ് ഡല്‍ഹി. താങ്കളെ പോലെ തന്നെ പടിഞ്ഞാറന്‍ യു.പിയില്‍ നിന്നാണ് അവരും വരുന്നത്. ബുദായോന്‍ പ്രദേശത്തെ ഒരു സാധാരണ കുടുംബം. മകന്‍ എം.എസ്.സിയ്ക്ക് രാജ്യത്തെ തന്നെ ഏറ്റവും പ്രശസ്ത കോളേജുകളിലൊന്നില്‍ ചേരുന്നത് എത്ര സന്തോഷകരമായിരുന്നിരിക്കും അവര്‍ക്ക്!

ഫാത്തിമ നഫീസ്‌

2016 ഒക്ടോബര്‍ 14ന് രാത്രിക്ക് ശേഷം ആരും നജീബ് അഹ്മദ് എന്ന യുവാവിനെ കണ്ടിട്ടില്ല. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പിന്തുണക്കാരും തീവ്രവാദികളുമായ വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തകര്‍ നജീബിനെ ഭീഷണിപ്പെടുത്തിയിരുന്നതായി മൊഴിയുണ്ട്. ഈ തീവ്രവാദി വിദ്യാര്‍ത്ഥി സംഘടനയെ പിന്തുണയ്ക്കുന്ന ജെ.എന്‍.യുവിലെ ഭരണകൂടമോ പോലീസ് സംവിധാനമോ പ്രാഥമിക അന്വേഷണത്തില്‍ യാതൊരു സഹകരണം നടത്തിയില്ല. ഇതെഴുതുമ്പോള്‍ നാല് വര്‍ഷവും ഒരു മാസവും ആറ് ദിവസവും കഴിഞ്ഞു. താങ്കള്‍ പറഞ്ഞത് പോലെ ഒരു അമ്മയും മക്കളെ നഷ്ടപ്പെടാന്‍ ആഗ്രഹിക്കുന്നുണ്ടാകില്ല. ചുരുങ്ങിയ പക്ഷം കാണാതായ മക്കള്‍ക്ക് എന്ത് സംഭവിച്ചു എന്ന് അറിയാനെങ്കിലും അവര്‍ക്ക് അവകാശമുണ്ട്. ആ ഉമ്മ ഡല്‍ഹിയിലെ അധികാര കേന്ദ്രങ്ങളില്‍ മുഴുവന്‍ മകന് വേണ്ടിയുള്ള അന്വേഷണം നടത്താനായി കയറിയിറങ്ങുമ്പോള്‍ താങ്കള്‍ പോലീസുകാരിയായി നഗരത്തിലുണ്ട്.

അറിയാം. താങ്കള്‍ക്ക് ഒറ്റയ്ക്ക് തീരുമാനമെടുത്ത് അന്വേഷണം നടത്താനൊന്നും കഴിയില്ല. പക്ഷേ കാണാതായ കുട്ടികളെ തേടിയിറങ്ങിയ താങ്കളുടെ ആ അന്വേഷണത്വരയുണ്ടല്ലോ അത് ഏതെങ്കിലും തരത്തില്‍ നജീബിന്റെ ഉമ്മയ്ക്ക് ആശ്വാസമാകുമെങ്കില്‍ ചെയ്യണം. ഈ അന്വേഷണത്തിന്റെ വഴികളിലെവിടെയെങ്കിലും ഏകനായ ആ യുവാവിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകാനുള്ള സാധ്യയുണ്ടെങ്കില്‍ ദയവായി കൈമാറണം. ഇനിയും കാണാതായ മനുഷ്യരെ തേടി താങ്കള്‍ സഞ്ചരിക്കുമെന്നറിയാം. അപ്പോളാ ചെറുപ്പക്കാരന്റെ രൂപം കൂടി മനസില്‍ ദയവായി ഉണ്ടാകണം. ആ ഉമ്മയുടേയും. വലിയ നന്ദിയും സ്നേഹവും വീണ്ടും അറിയിക്കുന്നു.

സ്നേഹത്തോടെ, ഡി.ശ്രീജിത്ത് (ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഒരു മലയാളി ജേണലിസ്റ്റ്)

ഡൂള്‍ന്യൂസിനെ  ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശ്രീജിത്ത് ദിവാകരന്‍

മാധ്യമ പ്രവര്‍ത്തകന്‍, ഡൂള്‍ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more