| Thursday, 22nd April 2021, 11:29 am

മഹാദുരന്തകാലത്തും ക്രിമിനലുകള്‍ രാജ്യത്തെ ലേലം വിളിച്ച് വില്‍ക്കുകയാണ്

ശ്രീജിത്ത് ദിവാകരന്‍

ഇക്ണോമിക് റ്റൈംസിന്റെ ഓട്ടോ ജേണലിസ്റ്റായ ചഞ്ചല്‍ പാല്‍ ചൗഹാന്‍, റ്റെംസ് ഓഫ് ഇന്ത്യയിലെ കോപി എഡിറ്ററായിരുന്ന, ഇപ്പോള്‍ ന്യൂസ് ലോണ്‍ഡ്രിയിലുള്ള, ആഷിഷ് യെച്ചൂരി -സീതാറാമിന്റേയും ഇന്ദ്രാണി മജൂംദാറിന്റെയും മകന്‍- എന്നിങ്ങനെ രണ്ട് സീനിയര്‍ ജേണലിസ്റ്റുകള്‍ കോവിഡ് ബാധിച്ച് 24 മണിക്കൂറിനുള്ളില്‍ മരിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ ജേണലിസം ചെയ്യുന്നവര്‍ക്കറിയാം, ഫോണില്‍ വാര്‍ത്ത വരുന്നതിന്റെ പത്തിരട്ടി ഓക്സിജന്‍ അവലൈബലിറ്റി തിരക്കി പരിചയക്കാരുടെ സന്ദേശങ്ങളും കാളുകളും വരുന്നുണ്ടാകും. നിസ്വരും നിരാലംബരുമായ ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് മാത്രമല്ല, പണവും സ്വാധീനവും അധികാര ബന്ധങ്ങളും ഉള്ളവര്‍ക്ക് പോലും ഓക്സിജനും ചികിത്സയും ലഭിക്കുന്നില്ല. ഭരണവര്‍ഗ്ഗത്തിന്റെ സ്തുതിപാഠകരും അടിമകളും ഇടനിലക്കാരുമായ, നിര്‍ലജ്ജമായി അധികാരവുമായി സന്ധി ചെയ്തിട്ടുള്ള, ഡല്‍ഹി മുഖ്യധാര ജേണലിസം പോലും അവരവര്‍ക്ക് നേരെ വരുന്ന ഈ ഭീഷണിയെ മനസിലാക്കി തുടങ്ങിയിട്ടുണ്ട്.

ഭരണം എന്നൊന്ന് ഇല്ലെന്നും ഏത് മഹാദുരന്തവും കോര്‍പറേറ്റുകള്‍ക്ക് രാജ്യത്തെയും ജനതയേയും വില്‍ക്കാനുള്ള അവസരമായി കാണുന്ന ഒരു കൂട്ടം ക്രിമിനലുകള്‍ രാജ്യത്തെ ലേലം വിളിച്ച് വില്‍ക്കുകയും മനുഷ്യരെ വിഘടിപ്പിക്കാനുള്ള വര്‍ഗ്ഗീയത വളര്‍ത്തുകയുമാണ് ചെയ്യുന്നതെന്നും എല്ലാവര്‍ക്കും അറിയാം.

നമുക്കും ഇക്കാര്യം അറിയാഞ്ഞിട്ടല്ല. പക്ഷേ നമ്മുടെ താത്പര്യങ്ങള്‍ വേറെയാണ്. ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചത് നമുക്ക് വലിയ വാര്‍ത്തയല്ല. കേന്ദ്ര മന്ത്രിയായ ഒരു കേരളീയന്‍ മലയാളികളോട് കാണിക്കുന്നയും പറയുകയും ചെയ്യുന്ന ക്രൂരത നമ്മുടെ വിഷയമല്ല. ഭരണ സംവിധാനത്തേയോ ഭരണഘടനയേയോ ജനാധിപത്യത്തേയോ അടിസ്ഥാനപരമായ മനുഷ്യത്വത്തേയോ ഒരു വിലയുമില്ലാത്തതായി കാണുന്ന ഒരുവന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം, ഏറ്റവും ജനസംഖ്യയുള്ള നാട്, ദുരന്തത്തില്‍ നിന്ന് ദുരന്തത്തിലേയ്ക്ക് ചലിക്കുന്നത് ഒരു പ്രശ്നവുമില്ല.’

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം കൂടിയായ മഹാരാഷ്ട്രയ്ക്ക് കോവിഡ് വാക്സിനുകള്‍ നല്‍കരുതെന്ന് പറയുന്ന കേന്ദ്ര സര്‍ക്കാരിനോട് ഒരു മമത കുറവുമില്ല. പ്രധാനമന്ത്രിയുടെ നാട്ടില്‍, രണ്ട് പതിറ്റാണ്ടിലേറെ ബി.ജെ.പി ഭരിക്കുന്ന, ഹിന്ദുത്വയുടെ ആസ്ഥാനമായ ഗുജറാത്തില്‍, ഓക്സിജനില്ല എന്ന് മാത്രമല്ല, ഓക്സിജന്‍ ഇല്ലാത്ത മനുഷ്യരെ ദഹിപ്പിക്കാല്‍ പോലും സ്ഥലമില്ലാത്തിനോട് നമുക്ക് മൃദുസമീപനമാണ്. വാക്സിന്‍ സ്വകാര്യമേഖലയ്ക്ക് പെട്രോളിയം ഉത്്പന്നങ്ങള്‍ പോലെ സ്വന്തമിച്ഛയില്‍ വില്‍ക്കാന്‍ അനുമതി നല്‍കിയ കേന്ദ്രത്തിന്റെ പോളിസിയെ കുറിച്ച് മാതൃഭൂമി എഴുതിയ മൃദുവായ എഡിറ്റോയലില്‍ ഉള്ള ഒരു വാചകം ‘മുഖ്യമന്ത്രി കോവിഡ് വിമുക്തനായി തലസ്ഥാനത്ത് തിരിച്ച് വന്ന് സജീവമായതോടെ ഒരാഴ്ചയിലേറെയായി നിലനിന്ന കുഴഞ്ഞ് മറിഞ്ഞ അവസ്ഥയ്ക്ക് മാറ്റം വന്നു. ‘ഒരാഴ്ചയിലേറെയായി കുഴഞ്ഞ് മറിഞ്ഞ അവസ്ഥ നിലനിന്ന സ്ഥലമേത്? – കേരളം! വൗ!

കേന്ദ്രത്തിനെ ഒരു വാക്കുകൊണ്ടല്ല, ഒരു സിലബ്ള്‍ കൊണ്ടുപോലും പോലും വിമര്‍ശിക്കില്ല. ഒരു പദ്ധതിയും പരിപാടിയുമില്ലാതെ, ഓക്സിജനും വാക്സിനുമില്ലാതെ, ഉള്ള വാക്സിന്‍ വിറ്റ് പണം പെരുപ്പിച്ചുകൊള്ളാന്‍ കോര്‍പറേറ്റുകള്‍ക്ക് അനുമതി നല്‍കുന്ന, വീടടച്ച് ഇരുന്നാല്‍ നിങ്ങക്ക് കൊള്ളാം എന്ന് ആഹ്വാനം ചെയ്തതിന്റെ അവസാന വാചകമായി രാമനവമി, രാമപൂജ എന്നൊക്കെ പറഞ്ഞ് വിശ്വാസത്തെ പ്രകോപിപ്പിച്ച് വിടുവായത്തരം പറഞ്ഞ പ്രധാനമന്ത്രിയുടെ വാചകമടി സൃഷ്ടിച്ച ഭയപ്പാടിനെയാണ് സൗജന്യ വാക്്സിന്‍ ലഭിക്കും, ഓക്സിജന് ക്ഷാമം ഇല്ലെന്ന് മാത്രമല്ല മറ്റുള്ളവരെ സഹായിക്കാനും നമുക്കാകും, കേരളത്തിന് ആവശ്യമായ വെന്റിലേറ്റര്‍ സൗകര്യം ഉണ്ട്, നാട് പട്ടിണിയാകാതെ നോക്കും, കോവിഡ് കാലം സാമ്പത്തിക പ്രതിസന്ധിയിലാക്കിയ സംസ്ഥാനമാണെങ്കിലും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ നോക്കും എന്നിങ്ങനെയുള്ള ഉറപ്പുകളുമായി മുഖ്യമന്ത്രി അകറ്റിയത്.

പി.എം. കെയറിലേയ്ക്ക് പോയ പണത്തിന്റെ കണക്കറിയില്ല. അത് എന്തിന് വേണ്ടി ചെലവഴിച്ചുവെന്നറിയില്ല. പക്ഷേ അതുകൊണ്ട് ഒരു മനുഷ്യനും പ്രയോജനം ഉണ്ടായിട്ടില്ല എന്ന് അറിയാം. കേരളത്തിലെ ദുരിതാശ്വാസ ഫണ്ട് ഈ നാടിന് ഉപയോഗപ്രദമാകുന്നുണ്ട് എന്നുമറിയാം. കോവിഡ് വാക്സിന്‍ സൗജന്യമായി സ്വീകരിക്കുന്ന ഒരു പൗരന്‍ എന്ന നിലയില്‍ എന്നെ കൊണ്ടാകുന്ന തുക ഞാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കും. രണ്ട് ഭരണ മാതൃകകള്‍ മുന്നിലുണ്ട്. സ്വീകാര്യമായതിന് പിന്തുണ നല്‍കുക എന്നുള്ളതാണ് നിലപാട്.
ജേണലിസ്റ്റുകളായ രേണുവിനും ചഞ്ചല്‍ പാലിനും ആഷിഷിനും ഒരിക്കല്‍ കൂടി ആദരാഞ്ജലികള്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sreejith Divakaran writes – Bjp Government – selling the country in pandemic

ശ്രീജിത്ത് ദിവാകരന്‍

മാധ്യമ പ്രവര്‍ത്തകന്‍, ഡൂള്‍ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more