| Friday, 30th December 2022, 9:07 am

ക്യാമറയില്‍ പതിയാത്ത പെലെയുടെ മൂന്ന് ഗോളുകള്‍...

ശ്രീജിത്ത് ദിവാകരന്‍

1.
1961 മാര്‍ച്ച് അഞ്ചിന് ഫ്ളൂമിനെന്‍സിനെതിരെയുള്ള സാന്റോസിന്റെ മത്സരമായിരുന്നു. മാരക്കാനയില്‍ വച്ചാണത്. മാരക്കാനയാകട്ടെ ഫ്ളൂമിനെന്‍സിന്റെ ഹോംഗ്രൗണ്ടാണ്. അവരുടെ ഒരു ഗോള്‍ ശ്രമം സാന്റോസിന്റെ ഗോള്‍കീപ്പര്‍ ലാര്‍സിയോ തടഞ്ഞിതിനെ തുടര്‍ന്നുള്ള കൗണ്ടര്‍ അറ്റാക്ക് ആരംഭിച്ചത് ഡിഫന്‍ഡര്‍ ഡാല്‍മോയില്‍ നിന്നാണ്. സ്വന്തം ബോക്സിന്റെ അരികില്‍ വച്ച് തന്നെ ഡാല്‍മോ അത് പെലെയുടെ കാലുകളിലെത്തിച്ചു. പന്ത് നിയന്ത്രിച്ച് തന്റെ വിഖ്യാതമായ ഇടതുകാല്‍-വലതുകാല്‍ നീക്കത്തിലൂടെ നൃത്തം ചെയ്തെന്ന പോലെ പെലെ മുന്നോട്ട് പോയി.

ഫ്ളൂമിനെന്‍സിന്റെ ഒരാള്‍, രണ്ടാള്‍, മൂന്നാള്‍… ആറ് കളിക്കാരെയും കടന്ന് പെലെയും പന്തും ആ മിന്നല്‍ വേഗതയിലുള്ള നൃത്തവും സോണ്‍ സെവന്റീനില്‍ എത്തി. ഫ്ളൂമിനെന്‍സിന്റെ വിഖ്യാതനായ ഗോള്‍കീപ്പര്‍ കാസ്റ്റിലോയ്ക്കരികില്‍ എത്തുന്നതില്‍ മുന്നേ ഗോള്‍പോസ്റ്റിലേയ്ക്ക് ആ പന്ത് കുതിച്ചിരുന്നു. കാസ്റ്റിലോയ്ക്കെന്നല്ല ആര്‍ക്കും ആ പന്തിന്റെ ലക്ഷ്യത്തെ തടുക്കുവാനാവില്ലായിരുന്നു.

പെലെയുടെ ജീവിതത്തിലെ മിക്കവാറും മാജിക്കല്‍ മുഹൂര്‍ത്തങ്ങളെന്ന പോലെ സ്വഭാവികമായും ഇതും ക്യാമറയില്‍ പതിഞ്ഞിരുന്നില്ല. പക്ഷേ ബ്രസീലിയില്‍ പത്രമായ ഓ ഗ്ലോബോ ഇതേ കുറിച്ചെഴുതിയ റിപ്പോര്‍ട്ട് ഫിഫ അടുത്ത കാലത്ത് പുനപ്രസിദ്ധീകരിച്ചിരുന്നു.

”ആവേശം കൊണ്ട് ത്രസിച്ച് പോയ കാണികളില്‍ പലരും ആ ഗോള്‍ രണ്ട് ഗോളായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. മാരക്കാനയിലെ സ്റ്റേഡിയത്തില്‍ മുമ്പൊരിക്കലും കാണാത്ത വിധത്തില്‍ ഫ്ളൂമിനെന്‍സിന്റെ പാതകയും ചിഹ്നങ്ങളുമായി സ്റ്റേഡിയത്തില്‍ നിറഞ്ഞിരുന്ന അവരുടെ ആരാധക വൃന്ദമടക്കം അവിടത്തെ മുഴുവന്‍ കാണികളും ഏതാണ്ട് രണ്ട് മിനുട്ട് നീണ്ട് നിന്ന സ്റ്റാന്‍ഡിങ് ഓവേഷന്‍ നടത്തിയാണ് ആ ഗോളിനെ എതിരേറ്റത്.”

മൂന്ന് ലോകകപ്പുകള്‍ നേടിയ പെലെയുടെ ഏറ്റവും സുന്ദരമായ ഗോളായിരുന്നു ഇതെന്നാണ് അക്കാലത്തെ ഭൂരിപക്ഷം ബ്രസീല്‍ ആരാധകരും വിശ്വസിച്ച് പോന്നിരുന്നത്.

2.
യൂട്യൂബില്‍ പെലെ റണ്‍ എറൗണ്ട് എന്ന് അടിച്ചാല്‍ 1970 ലോകകപ്പിലെ ഉറുഗ്വേയ്ക്കെതിരെയുള്ള ബ്രസീലിന്റെ സെമി ഫൈനല്‍ മാച്ചിലെ ഇരുപത്-ഇരുപത്തിയഞ്ച് സെക്കന്‍ഡുള്ള ഒരു വീഡിയോ കാണാം. പിന്നീടുള്ള കാലത്ത് പലരും പരീക്ഷിച്ച, ധാരാളം ദീര്‍ഘ പ്രബന്ധങ്ങള്‍ രചിക്കപ്പെട്ട നീക്കമാണത്.

ബ്രസീലിന്റെ അറ്റാക്കിങ് മിഡ് ഫീല്‍ഡര്‍, ഒമ്പതാം നമ്പര്‍ താരം ടോസ്റ്റാവോ ലെഫ്റ്റ് വിങ്ങില്‍, ഏതാണ്ട് ട്വെല്‍ത് സോണില്‍ നിന്ന്, ഡയഗണല്‍ ആയി നല്‍കിയ ക്രോസ് സ്വീകരിക്കാന്‍ പാഞ്ഞ് വരുന്ന പെലെയും തടയാന്‍ യുറുഗ്വേയുടെ ഗോള്‍കീപ്പര്‍ ലാഡിസ്ലാവോ മസൂര്‍കിവിസ്‌കും പന്തിനരികിലേക്ക്.

തന്നെ മറികടക്കുന്ന വിധത്തില്‍ പെലെ തട്ടുന്ന പന്ത് തടയുന്നതിന് ഗോള്‍ കീപ്പര്‍ ജംപ് ചെയ്യുമ്പോള്‍ ആ പന്ത് തൊടാതെ ഗോളിയുടെ വലതുഭാഗത്ത് കൂടെ ഓടി അദ്ദേഹത്തെ ആശയക്കുഴപ്പത്തിലാക്കി കബളിപ്പിച്ച ശേഷം നിമിഷാര്‍ധത്തില്‍ ആരും തൊടാതെ നീങ്ങിയിരുന്ന പന്ത് കളക്ട് ചെയ്ത് പോസ്റ്റിനെ ലക്ഷ്യമാക്കി വലത് കാലുകൊണ്ട് ചിപ് ചെയ്തുവെങ്കിലും നിര്‍ഭാഗ്യവശാല്‍ പോസ്റ്റിന് പുറത്തേയ്ക്ക് ആ പന്ത് പോയി.

യുക്തിയുടെ സീമകളെ അതിലംഘിച്ച ഒരേയൊരു ഫുട്ബോളര്‍ എന്ന് പെലെയെ യോഹാന്‍ ക്രൈഫ് വിശേഷിപ്പിച്ചത് വെറുതെയല്ല. പിന്നീട് റണ്‍ എറൗണ്ട് ഫുട്ബോളിലെ ശൈലിയായി. ‘അത് ഗോളായിരുന്നുവെങ്കില്‍ കുറേ കൂടി മനോഹരമായേനെ’- പെലെ തന്റെ ആത്മകഥയിലെഴുതുന്നു.

3.
തന്റെ പ്രൊഫഷണല്‍ ഫുട്ബോള്‍ ജീവിതകാലത്ത് 1281 ഗോളുകള്‍ നേടിയിട്ടുണ്ടെങ്കില്‍ ഏറ്റവും പ്രിയപ്പെട്ടതായി പെലെ കണക്കാക്കുന്നത് 1959-ലെ സാവോ പോളോ സ്റ്റേറ്റ് ലീഗ് മാച്ചില്‍ അത്ലറ്റികോ യുവന്റെസിനെതിരെ നേടിയ ഒരുഗോളാണ്. ക്യാമറകളില്‍ അതില്ല. ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. പെലെയും സഹകളിക്കാരും കാണികളും പിന്നീട് പലപ്പോഴായി പറഞ്ഞതില്‍ നിന്നുള്ള ഏകദേശ വിവരണം ഇങ്ങനെയാണെന്ന് പല ഫുട്ബോള്‍ ലേഖനങ്ങളും പറയുന്നു.

”എതിരാളികളുടെ പെനാല്‍റ്റി ബോക്സിനുള്ളില്‍ നിന്ന് പന്ത് ലഭിച്ച പൊലെ പൊടുന്നനെയുള്ള ഒരു നീക്കത്തിലൂടെ വലത് കാലുപയോഗിച്ച് പന്തുയര്‍ത്തി ആദ്യ ഡിഫന്‍ഡറുടെ തലയ്ക്ക് മുകളിലൂടെ കടത്തി വെട്ടിച്ചപ്പുറത്തെത്തിയപ്പോള്‍ മുന്നില്‍ രണ്ട് ഡിഫന്റര്‍മാരാണ്. അന്തരീക്ഷത്തിലുള്ള പന്തുമായി ഇടത്തോട്ടേക്ക് കുതിക്കുന്നതിയായി ആഞ്ഞ പെലെയുടെ നീക്കത്തില്‍ കബളിപ്പിക്കപ്പെട്ട അവര്‍ക്ക് രണ്ട് പേര്‍ക്കും ഇടയിലൂടെ ഗോളിക്ക് പ്രതികരിക്കാന്‍ പോലും അവസരം കിട്ടും മുമ്പ് ഹെഡ് ചെയ്യപ്പെട്ട പന്ത് ഗോള്‍ പോസ്റ്റിനുള്ളിലെത്തി”

***
”പ്രചോദനവും സ്നേഹവുമായിരുന്നു, കിങ് പെലെയുടെ യാത്രയെ അടയാളപ്പെടുത്തുന്നത്. അദ്ദേഹം ഇന്ന് ശാന്തനായി വിടപറഞ്ഞു. തന്റെ യാത്രയില്‍ എഡ്സണ്‍ തന്റെ അസാമാന്യ കായികപ്രതിഭയാല്‍ ലോകത്തെ വശീകരിച്ചു, ഒരു യുദ്ധം അവസാനിപ്പിച്ചു, ലോകമെമ്പാടും സാമൂഹ്യപ്രവര്‍ത്തനം നടത്തി. എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഔഷധമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നത്. സ്നേഹം ലോകം മുഴുവന്‍ പ്രസരിപ്പിച്ചു.

അദ്ദേഹത്തിന്റെ ഇന്നത്തെ സന്ദേശം വരും തലമുറകള്‍ക്കുള്ള പൈതൃകസമ്പാദ്യമാണ്. സ്നേഹം, സ്നേഹം, സ്നേഹം. എന്നെന്നേക്കും.” -പെലെയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ പറയുന്നു.
***

രണ്ട് ലോക മഹായുദ്ധങ്ങളും ഒക്ടോബര്‍ വിപ്ലവവും ശീതയുദ്ധവും രാജ്യങ്ങളുടെ ഉയര്‍ച്ചയും തകര്‍ച്ചയും നടന്ന സംഭവബഹുലമായ കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട നൂറ് പേരില്‍ ഒരാളായി പരിഗണിക്കപ്പെടുന്ന എഡ്‌സണ്‍ അരാന്റസ് ഡോ നാസിമെന്റോ എന്ന ഇതിഹാസമേ! വിട.

Content Highlight: Sreejith Divakaran writes about Pele’s 3 famous goals

ശ്രീജിത്ത് ദിവാകരന്‍

മാധ്യമ പ്രവര്‍ത്തകന്‍, ഡൂള്‍ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more