| Friday, 7th August 2020, 8:12 am

തകര്‍ക്കപ്പെട്ട രാമക്ഷേത്രം, ആര്‍ക്കിയോളജിയും ചരിത്രവും എന്ത് പറയുന്നു

ശ്രീജിത്ത് ദിവാകരന്‍

പല സുഹൃത്തുക്കളും ബാബ്രി പള്ളി നേരത്തേ രാമക്ഷേത്രമായിരുന്നുവെന്നും അതിന് ആര്‍ക്കിയോളജിക്കല്‍ തെളിവുകളുണ്ടെന്ന് പറയുന്നുണ്ടല്ലോ എന്നതിനെ കുറിച്ചും ചോദിക്കുന്നുണ്ടായിരുന്നു. ഇതിനെ കുറിച്ച് അറിവുള്ള പലരും പറയാത്തത് ഇതെത്ര തവണ ഏതെല്ലാം തരത്തില്‍ പറഞ്ഞതാണെന്നുള്ള മടുപ്പുകൊണ്ടു മാത്രമാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളിലൊന്നാണിത്.

ഒരു ജേര്‍ണലിസ്റ്റിന് വേണ്ട അറിവേ എനിക്കീക്കാര്യത്തിലുള്ളൂ. ഞാന്‍ ആര്‍ക്കിയോളജിസ്റ്റോ ഹിസ്റ്റോറിയനോ അല്ല. പക്ഷേ അടിസ്ഥാനപരമായി ബാബ്രിപള്ളി സംബന്ധിച്ച ചര്‍ച്ചകളും രേഖകളും വായിച്ചിട്ടുള്ള ആളാണ്.

1990 ഒക്ടോബറിലാണ് ആര്‍ക്കിയോളജില്‍ സര്‍വ്വേ ഓഫ ഇന്ത്യയുടെ മുന്‍ ഡയറക്ടറായിട്ടുള്ള ബി.ബി.ലാല്‍ അയോധ്യയില്‍ അദ്ദേഹം പുരാവസ്്തു ഗവേഷണം 1975-നും ’80 നും ഇടയില്‍ നടത്തിയിട്ടുണ്ടെന്നും അതില്‍ നിന്ന് കണ്ടെത്തിയ തൂണുകളുടെ അവശിഷ്ടങ്ങളില്‍ നിന്ന് അത് അക്കാലത്തെ ക്ഷേത്ര നിര്‍മ്മിതിയുടെ ഭാഗമായുള്ളതാണെന്നും അതുകൊണ്ട് ക്ഷേത്രം തകര്‍ത്തിട്ടാവണം ബാബര്‍ പള്ളി പണിതതെന്നും വാദമുയര്‍ത്തിയത്.

ഇക്കാലം രാജ്യം ചോരയില്‍ മുങ്ങിയ കാലമായിരുന്നു. ബാബ്രി പള്ളി പൊളിക്കുന്നതിനായി കര്‍സേവകര്‍ പലയിടത്തുനിന്നും അയോധ്യയിലേയ്ക്ക് യാത്ര ചെയ്യുന്ന കാലം. രഥയാത്രകളുടേയും ഹിന്ദുവാണെന്നതില്‍ അഭിമാനിക്കൂ എന്ന അട്ടഹാസങ്ങളുടേയും കാലം. ബി.ബി.ലാലിന്റെ ലേഖനം (പഠനമല്ല, ലേഖനം) വരുന്നത് വരെ രാമന്റെ ജന്മസ്ഥലമാണ് അയോധ്യയെന്ന കെട്ടുകഥയല്ലാതെ ഒന്നും സംഘപരിവാരത്തിന് തെളിവില്ലായിരുന്നു.

ആരോപണങ്ങളും കഥകളും ഊഹങ്ങളും നുണകളുമായിരുന്നു അവരുടെ അതുവരെയുള്ള ആയുധം. അതിനപ്പുറം തെളിവ് എന്ന് പറഞ്ഞ് കൊണ്ടാടാന്‍ ലഭിക്കുന്ന ആദ്യത്തെ ആധികാരിക ശബ്ദം ബി.ബി.ലാലിന്റേതായിരുന്നു.

എന്നാല്‍ സിംല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡീസിന്റെ വരെ ഡയറക്ടര്‍ ആയിരുന്ന അക്കാദമിക് രംഗത്ത് അറിയപ്പെട്ടിരുന്ന ഒരാളായ ബി.ബി. ലാലിന്റെ ഈ കണ്ടെത്തല്‍ അച്ചടിച്ച് വന്നത് ഒരു ആധികാരിക അക്കാദമിക് ജേര്‍ണലുകളിലുമായിരുന്നില്ല. ആര്‍.എസ്.എസിന്റെ മാഗസിനായ ‘മന്ദന്‍’ലായിരുന്നു. അക്കാദമിക് രംഗത്ത് നിന്ന് വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നപ്പോള്‍ ബി.ബി.ലാല്‍ തന്നെ ഇക്കാര്യത്തില്‍ ഒരു ചെറിയ തിരുത്ത് നടത്തി- ശരിക്കും ക്ഷേത്രമുണ്ടായിരുന്നോ എന്നറിയണമെങ്കില്‍ ബാബ്രി പള്ളിയുടെ അടിയില്‍ ഉദ്ഗ്രഥനം നടത്തണമെന്ന്.

2003-ലാണ്, ബാബ്രി പള്ളി പൊളിച്ച് പത്ത് വര്‍ഷത്തിന് ശേഷം, ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് ബാബ്രിപള്ളിയുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ എസ്‌കവേഷന്‍ നടത്തിയത്. അതും പുതിയതായി ഒന്നും കണ്ടെത്തിയിരുന്നില്ല.

അലഹബാദ് ഹൈക്കോടതി അതിനാല്‍ കോടതിവിധിയില്‍ പൂര്‍ണ്ണമായും ആശ്രയിച്ചത് രാമക്ഷേത്രം അവിടെയുണ്ടായിരുന്നുവെന്ന ഹിന്ദു മൈഥോളജിയും രാജ്യത്തെ ഭൂരിപക്ഷ ജനതയുടെ വിശ്വാസത്തേയുമാണ്. ഒരു ജനതയുടെ വിശ്വാസമാണ്; അതിനെ ബഹുമാനിക്കണമെന്നായിരുന്നു വിധി.

2003-ല്‍ നടന്ന പുരാവസ്തുഗവേഷണത്തിന്റെ നിരീക്ഷകരായിരുന്ന പ്രമുഖ ആര്‍ക്കിയോളജിസ്റ്റുകളായ ജയമേനോനും സുപ്രിയ വര്‍മ്മയും ക്ഷേത്രമുണ്ടായിരുന്നുവെന്നതിന് യാതൊരു തെളിവുമില്ലായിരുന്നുവെന്ന് പലവട്ടം ആവര്‍ത്തിച്ചിട്ടുണ്ട്.

പതിനാറാം നൂറ്റാണ്ടില്‍ ഏതെങ്കിലും ഒരു ക്ഷേത്രം പൊളിച്ച് ബാബര്‍ പള്ളിയുണ്ടാക്കി എന്നൊരു രേഖയും ചരിത്രത്തിലെവിടേയും ഇല്ല. ഒരു ചര്‍ച്ചയും ആരോപണവും കെട്ടുകഥ പോലും ഇല്ല.

കിഴക്കാണ് സൂര്യനുദിക്കുന്നത് എന്ന മട്ടിലുള്ള ലോക സത്യമാണിത്. അഥവാ സൂര്യനുദിക്കുന്ന ദിക്കിനെയാണ് നമ്മള്‍ കിഴക്കെന്ന് വിളിക്കുന്നത് എന്നുള്ള കാര്യം. ഇത് ലോകത്തിന് മുന്നിലുള്ള കാര്യമാണ്. പടുത്തുയര്‍ത്തിയ നുണകളെ പ്രതിരോധിക്കാന്‍ ആര്‍ത്തുവിളിക്കുന്ന ഹൂളിഗന്‍സിനോട് നാം ഇത് പകലാണെന്നും ഇത് രാത്രിയാണെന്നും നാം വസ്ത്രം ധരിച്ചിട്ടുണ്ടെന്നും ആവര്‍ത്തിക്കേണ്ടി വരുന്നുവെന്ന് മാത്രം.

ഒന്നു കൂടി പറയാം. 1528-ല്‍ അയോധ്യയില്‍ ബാബ്രി പള്ളി ഉയര്‍ന്ന ശേഷം, രണ്ട് നൂറ്റാണ്ടിലെ സമാധാനപരമായ ആരാധനയ്ക്ക് ശേഷം, 1855-ലാണ് ആദ്യമായി അയോധ്യയില്‍ ഒരു മതസംഘര്‍ഷം ഉണ്ടാകുന്നത്. അത് സുന്നികളും ഭൈരവ സമൂഹവും തമ്മിലാണ്.

അത് ഭൈരവരുടെ ആരാധനാകേന്ദ്രമായിരുന്ന ഒരു ഹനുമാന്‍ഗഢ് യഥാര്‍ത്ഥത്തില്‍ ഒരു മുസ്ലീം പള്ളി പൊളിച്ച് നിര്‍മ്മിച്ചതാണെന്ന സുന്നി സമൂഹത്തിന്റെ ആരോപണത്തെ തുടര്‍ന്നായിരുന്നു. ഭൈരവരുടെ വിശ്വാസ കേന്ദ്രമായിരുന്ന ഹനുമാന്‍ഗഢിനനുകൂലമായി നിലപാടെടുത്ത നവാബ് വാജിദ് അലി ഷായുടെ തീരുമാനത്തോടെ ആ തര്‍ക്കം അവസാനിച്ചു. അതായിരുന്നു രാജഭരണ കാലത്തെ മുസ്ലീം ഭരണാധികാരിയുടെ നിലപാട്.

ജനാധിപത്യകാലത്താണ് നമ്മളീ ചര്‍ച്ച നടത്തുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sreejith Divakaran Ram Temple Babri Masjid Demolition

ശ്രീജിത്ത് ദിവാകരന്‍

മാധ്യമ പ്രവര്‍ത്തകന്‍, ഡൂള്‍ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more