| Friday, 8th April 2022, 5:44 pm

മധുരമനോജ്ഞ ബംഗാളും ദീദിയെന്ന പ്രതീക്ഷാ താരകവും

ശ്രീജിത്ത് ദിവാകരന്‍

2024 എന്ന ചിന്തയാണ് രാജ്യത്തെ മുഴുവന്‍ ജനാധിപത്യ-മതേതരവാദികളുടേയും മനസില്‍ ഒരേസമയം ആശങ്കയും പ്രതീക്ഷയും നിറച്ച് നിലനില്‍ക്കുന്നത്. ഉത്തര്‍പ്രദേശില്‍ ജനാധിപത്യവും മതേരത്വവും ഒരിക്കല്‍ കൂടി പരാജയപ്പെട്ടതിന് ശേഷം ഇനിയെന്ത് എന്ന ചോദ്യം സര്‍വരുടെയും ഉള്ളിലുണ്ട്. അതിലൊരു വിഭാഗം ഉറ്റുനോക്കുന്നത് പശ്ചിമ ബംഗാളിലേക്കും അവിടത്തെ മുഖ്യമന്ത്രി മമത ബാനര്‍ജിയിലേക്കുമാണ്.

ബി.ജെ.പിയെ വെല്ലുവിളിച്ചും അവരെ വെല്ലുന്ന വില്ലത്തരം കാട്ടിയും മമത ബാനര്‍ജി ‘ഖേലെ ഹോബേ’ അഥവാ കളി തുടങ്ങാമെന്ന് മുദ്രവാക്യം ഉയര്‍ത്തി നില്‍ക്കുന്നത് കാണുമ്പോള്‍ ചിലര്‍ക്കെങ്കിലും പ്രതീക്ഷ താരകമിന്ന് ദീദിയാണ്. ജനാധിപത്യത്തിന്റെ, ബി.ജെ.പി വിരുദ്ധതയുടെ കേന്ദ്രസ്ഥാനം മധുരമനോജ്ഞ ബംഗാളും.

പക്ഷെ, വടക്കുകിഴക്കിന്റെ വഴിയില്‍ ബി.ജെ.പിയെ വളര്‍ത്തുകയാണോ തളര്‍ത്തുകയാണോ ശരിക്കും ദീദി? ഇന്ത്യന്‍ മുസ്‌ലീം സമൂഹത്തിന്റെ രക്ഷകരാണോ തൃിണമൂല്‍? ബംഗാളില്‍ നിന്ന് വഴിഞ്ഞൊഴുകുന്ന ചോരപ്പുഴകളിലൂടെ ജനാധിപത്യവും മതേതരത്വവുമാണോ പടരുന്നത്?

ചുരുങ്ങിയ പക്ഷം ബംഗാളില്‍ നിന്നുള്ള വാര്‍ത്തകള്‍ പറയുന്നത് അങ്ങനെയല്ല. മുഴുവന്‍ വാര്‍ത്തകളും വിശ്വസിക്കാനുമാകില്ല. ഇന്ത്യയില്‍ ഇന്ന് ബി.ജെ.പിക്കും സംഘപരിവാറിനും വേണ്ടി ഏറ്റവുമധികം പണിയെടുക്കുന്നത്, അവരുടെ പ്രവര്‍ത്തകരല്ല, മാധ്യമങ്ങളാണ്. പക്ഷേ ബി.ജെ.പിയെക്കാള്‍ മുന്നേ മാധ്യമങ്ങളെ സ്വന്തം വഴിക്ക് നടത്തിച്ച ഭരണാധികാരിയാണ് മമത.

സിംഗൂര്‍-നന്ദിഗ്രാം കാലത്ത് സി.പി.ഐ.എം നയിക്കുന്ന ഇടതുപക്ഷത്തിനെതിരെ ഉയര്‍ന്ന മാധ്യമസംഘാടനത്തെ തനിക്കനുകൂലമായി കാലങ്ങളോളം തിരിച്ചുവിടാന്‍ മമതക്ക് കഴിഞ്ഞു. ഗുജറാത്ത് വംശഹത്യക്ക് ശേഷം പോലും ബി.ജെ.പി സര്‍ക്കാരിന്റെ ഭാഗമാകാന്‍ മടിയില്ലാതിരുന്ന, ബംഗ്ലാദേശി മുസ്‌ലീങ്ങളുടെ നുഴഞ്ഞുകയറ്റം പശ്ചിമ ബംഗാളില്‍ വര്‍ധിക്കുന്നത് തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കുന്നില്ല എന്നാരോപിച്ച് എം.പി സ്ഥാനം രാജിവെച്ച മമത ബാനര്‍ജിക്ക് ഇന്ത്യന്‍ മുസ്‌ലീങ്ങളുടെ രക്ഷകര്‍ത്തൃ പ്രതിച്ഛായ നേടിക്കൊടുക്കുന്നതില്‍ ഈ മാധ്യമങ്ങള്‍ വഹിച്ച പങ്ക് ചില്ലറയല്ല.

എന്നാല്‍ ബീര്‍ഭൂമില്‍ എട്ട് മുസ്‌ലിങ്ങളെ തീവെച്ച് കൊന്നതും അനീസ് ഖാന്‍ എന്ന വിദ്യാര്‍ത്ഥി നേതാവിനെ മൂന്നാം നിലയില്‍ നിന്ന് താഴെയെറിഞ്ഞ് കൊന്നതും രണ്ട് മുനിസിപ്പല്‍ കൗണ്‍സിലര്‍മാരെ വെടിവെച്ച് കൊന്നതും അതിലൊരു കൊലപാതകത്തിന്റെ ദൃക്സാക്ഷി കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കാണപ്പെട്ടതുമെല്ലാം വിരല്‍ ചൂണ്ടുന്നത് മമത ബാനര്‍ജിയുടെ നേര്‍ക്കാണ്.

ചോരയില്‍ മുക്കി, അഴിമതി കൊണ്ട് നട്ടംതിരിച്ച് ജനാധിപത്യവും മതേതരത്വവും കൊണ്ടുവരാനാകുമോ? ഈ കൊലപാതകങ്ങളിലും ചോരക്കളിയിലും ബി.ജെ.പിയുടെ സ്വാധീനം വര്‍ധിക്കുന്നത് ആര്‍ക്കും കാണാവുന്നതാണ്. മമത ബാനര്‍ജിയുടെ പടയോട്ടം ആരംഭിക്കാന്‍ നിമിത്തമായ നന്ദിഗ്രാമില്‍ അന്ന് സി.പി..ഐ.എമ്മിനെതിരെ കണ്ണിന് കണ്ണ് എന്ന മട്ടില്‍ യുദ്ധം നടത്താന്‍ മമത ബാനര്‍ജി വളര്‍ത്തിയെടുത്ത അധികാരി കുടുംബത്തിന്റെ കേന്ദ്രമായ സുവേന്ദു അധികാരിയാണ് ഇന്ന് ബി.ജെ.പിയുടെ സംസ്ഥാനത്തെ ഏറ്റവും വലിയ നേതാവ്. മമതയുടെ യുദ്ധതന്ത്രങ്ങള്‍ ആരേക്കാളും വ്യക്തമായി അറിയാവുന്നയാള്‍.

സുവേന്ദു അധികാരി, മമത ബാനര്‍ജി

കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി പശ്ചിമ ബംഗാളില്‍ ഓരോ തെരഞ്ഞെടുപ്പുകളും യുദ്ധസമാനമായ സംഘര്‍ഷങ്ങളുടെ വേദിയാണ്. തെരഞ്ഞെടുപ്പുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വിജയമുണ്ടാകുമ്പോഴും പടിപടിയായി ബി.ജെ.പി വളര്‍ന്നുകൊണ്ടേയിരിക്കുന്നുണ്ട്. പല ജില്ലകളിലും പല ലോബികളും അധികാരസ്ഥാനങ്ങളുമായി മാറിക്കഴിഞ്ഞ തൃണമൂല്‍ നേതാക്കള്‍ സ്വന്തം ഗുണ്ടാപ്പടയും സേനയുമായി പ്രദേശിക ഭരണങ്ങള്‍ നടത്തുന്നുണ്ട്.

കെട്ടിട നിര്‍മാണം, മണല്‍ക്കടത്ത്, വസ്തുക്കച്ചവടം, കൃഷി എന്നിങ്ങനെയുള്ള ഓരോരോ മേഖലകളും നിയന്ത്രിക്കുന്ന നേതാക്കളുണ്ട്. അവിടെ ഉയര്‍ന്നുവരുന്ന മറ്റ് ശക്തികളെ കായികമായി തന്നെ നേരിട്ടാണ് ഇവര്‍ ശക്തിയുറപ്പിക്കുന്നത്. ഇതെല്ലാം ചേര്‍ന്ന് അസ്വസ്ഥമാക്കുന്ന രാഷ്ട്രീയാന്തരീക്ഷത്തിന്റെ അനിശ്ചിതാവസ്ഥയാണ് പലപ്പോഴും മമത ബാനര്‍ജിക്ക് ഗുണമായി മാറുന്നത്. എന്നാല്‍ മറുഭാഗത്ത് ബി.ജെ.പിയെ നിര്‍ണായക ശക്തിയാക്കി വളര്‍ത്തിയതും മമതയുടെ ഈ അക്രമോത്സുകമായ രാഷ്ട്രീയനീക്കങ്ങള്‍ തന്നെ.

ഫെബ്രുവരിയില്‍ പശ്ചിമ ബംഗാളില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പുരൂലിയ ജില്ലയിലെ ഝാല്‍ഡ മുനിസിപ്പാലിറ്റിയിലെ രണ്ടാം വാര്‍ഡില്‍ നാലാം വട്ടവും വിജയിച്ച തപന്‍ കണ്ടുവിനെ മാര്‍ച്ച് 13ന് വൈകുന്നേരം നടക്കാനിറങ്ങിയപ്പോഴാണ് വെടിവെച്ച് കൊന്നത്. നിലവില്‍ കോണ്‍ഗ്രസ് അംഗമായ തപന്‍ നേരത്തേ ഫോര്‍വേഡ് ബ്ലോക്ക് നേതാവായിരുന്നു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും തൃണമൂലും ഒപ്പമെത്തിയതോടെ തൃണമൂലില്‍ ചേരാനാവശ്യപ്പെട്ട് പലരും തപന്‍ കണ്ടുവിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് നാട്ടുകാരും വീട്ടുകാരും പറയുന്നു. എന്നാല്‍ അദ്ദേഹം വഴങ്ങിയില്ല.

തപന്‍ കണ്ടു

കൊല്ലപ്പെടുമ്പോള്‍ തപനിനൊപ്പം ഉണ്ടായിരുന്ന, കേസിലെ ദൃക്സാക്ഷിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നിരജ്ഞന്‍ ബൈഷ്ണവിനെ സ്വന്തം വീട്ടില്‍ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൊലീസിന്റെ അവഹേളനവും ഭീഷണിയും കാരണം മാനസികമായി നിരജ്ഞന്‍ തകര്‍ന്നിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.

മാര്‍ച്ച് 13ന് തപന്‍ കണ്ടുവിനെ വെടിവെച്ച് കൊന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ നോര്‍ത്ത് 24 പര്‍ഗാനയിലെ പനിഹാട്ടി മുനിസിപ്പല്‍ കൗണ്‍സിലറായ അനുപം ദത്തയെ ചിലര്‍ വെടിവെച്ച് കൊന്നു. തൃണമൂല്‍ കോണ്‍ഗ്രസ് അംഗമായിരുന്ന അനുപം ദത്ത പാര്‍ട്ടിയുടെ ചില നേതാക്കളുമായി പിണക്കത്തിലായിരുന്നു.

എസ്.എഫ്.ഐയുടെ മുന്‍ നേതാവും പ്രാദേശികമായി ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട് എന്ന സംഘടനയുടെ പ്രവര്‍ത്തകനുമായ അനീസ് ഖാനെ പശ്ചിമ ബംഗാള്‍ പൊലീസ് വീടിന്റെ മൂന്നാം നിലയില്‍ നിന്ന് താഴെയെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. വിദ്യാര്‍ത്ഥി സമരങ്ങളിലും പൗരത്വ ബില്‍ വിരുദ്ധ സമരത്തിലും ശക്തമായി രംഗത്തുണ്ടായിരുന്ന അനീസ് ഖാന്‍ നല്ല പ്രാസംഗികനും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായിരുന്നു.

കര്‍ണാടകയിലെ ഹിജാബ് പ്രശ്നത്തില്‍ മമത ബാനര്‍ജി നിലപാട് കൈക്കൊള്ളാത്തതിനെതിരെ രൂക്ഷവിമര്‍ശനവും അദ്ദേഹം ഉയര്‍ത്തിയിരുന്നു. അലിയ സര്‍വകലാശാലയില്‍ മാസങ്ങളായി സംസ്ഥാന സര്‍ക്കാരിനെതിരെ നടക്കുന്ന സമരത്തിലും അനീസ് ഖാന്‍ പങ്കെടുത്തിരുന്നു. അനീസിനെ തേടിയെത്തിയ പൊലീസുകാരില്‍ രണ്ട് പേര്‍ യൂണിഫോമിലും രണ്ട് പേര്‍ മഫ്ടിയിലുമായിരുന്നുവെന്നാണ് ആരോപണം. എന്നാല്‍ പൊലീസ് ഈ വീട്ടില്‍ എത്തിയിട്ടില്ല എന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്.

അനീസ് ഖാന്‍

പിന്നീട് ഒരു മന്ത്രി തന്നെ വീട്ടിലെത്തി, കുടുംബത്തിലാര്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും തരാം, കേസില്‍ നിന്നും വിവാദത്തില്‍ നിന്നും പിന്‍വാങ്ങണമെന്ന് ആവശ്യപ്പെട്ടതായും അനീസിന്റെ പിതാവ് സലാം ഖാന്‍ ആരോപിച്ചു. ഇതും സര്‍ക്കാര്‍ നിഷേധിച്ചു.

ഇതിനും ശേഷമാണ് തൃണമൂല്‍ നേതാക്കള്‍ തമ്മിലുള്ള ഗുണ്ടാ പോരാട്ടം ബീര്‍ഭൂമില്‍ കൂട്ടക്കുരുതിക്കും കലാപത്തിനും പാലായനങ്ങള്‍ക്കുമെല്ലാം കാരണമായത്. നേരത്തേ തന്നെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമെന്ന നിലയിലും പല ആക്രമണ സംഭവങ്ങള്‍ നടന്ന സ്ഥലമെന്നുമുള്ള കുപ്രസിദ്ധിയുള്ളതാണ് ബീര്‍ഭൂമിന്. ജില്ലയിലെ രാംപൂര്‍ ഹട്ടിനടുത്തുള്ള ബഗ്തൂയ് ഗ്രാമത്തിലാണ് തൃണമൂല്‍ പോരാട്ടം ഒമ്പത് ജീവനുകളെടുക്കുകയും നിരവധി വീടുകള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തത്.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ബഹാദൂര്‍ ഷേഖിനെ ഒരു കൂട്ടം ആളുകള്‍ ബോംബെറിഞ്ഞ് കൊന്നതാണ് സംഭവങ്ങളുടെ ആരംഭം. തിരിച്ചടിക്കാനെത്തിയ തൃണമൂല്‍ സംഘം ബഗ്തൂയിയിലെ വീടുകള്‍ക്ക് തീയിടുകയും അക്രമം അഴിച്ചുവിടുകയും ചെയ്തു. രാത്രി നെല്‍പ്പാടങ്ങള്‍ക്കിടയിലൂടെ 12 കിലോമീറ്ററെങ്കിലും ഓടി മിഹിലാല്‍ ഷേഖും സഹോദരന്‍ ബാനിറൂള്‍ ഷേഖും രക്ഷപ്പെട്ടുവെങ്കിലും അവരുടെ കുടുംബത്തിലെ ഒരു പെണ്‍കുട്ടിയുള്‍പ്പെടെ ഏഴ് സ്ത്രീകളും ഒരു യുവാവും കൊല്ലപ്പെട്ടു.

മിഹിലാലിന്റെ ഭാര്യ ഷെലി ബീവി, ഏഴ് വയസുള്ള മകള്‍ തുളി ഖാട്ടും, മിഹിലാലിന്റെ ഉമ്മ 75 വയസുള്ള നൂര്‍നെഹാര്‍ ബീവി, മൂത്ത ചേച്ചി രുപാലി ബീവി, സഹോദരന്റെ ഭാര്യ ജഹനാര ബീവി, മറ്റൊരു സഹോദരഭാര്യ മീന ബീവി, മരുമകള്‍ ലിലി ഖാട്ടും, ലിലിയുടെ ഭര്‍ത്താവ് കാജി സജിദൂര്‍ റഹ്മാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഗ്രാമം തന്നെ ജീവനുംകൊണ്ട് നാടുവിട്ടു.

അനീസിന്റെ കൊലപാതകത്തിലും ബഗ്തൂയിയിലെ കൂട്ടക്കൊലയിലും മുഖ്യപ്രതിപക്ഷമായ ബി.ജെ.പിക്ക് വലിയ രോഷമോ പ്രതിഷേധമോ ഇല്ല. നന്ദിഗ്രാമില്‍ സാക്ഷാല്‍ മമത ബാനര്‍ജിയെ തന്നെ പരാജയപ്പെടുത്തിയ, പഴയ മുന്നണി പോരാളി സുവേന്ദു അധികാരിയെന്ന പ്രതിപക്ഷ നേതാവ് ചില്ലറ ബഹളങ്ങള്‍ ഉണ്ടാക്കുന്നത് മാത്രമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുള്ള തലവേദന.

പ്രതിപക്ഷത്ത് ഒരംഗം പോലുമില്ലാത്ത കോണ്‍ഗ്രസും ഇടതുപക്ഷവും പക്ഷേ, ഈ പ്രശ്നങ്ങള്‍ കാര്യമായി തന്നെ ഏറ്റെടുത്തിട്ടുണ്ട്. ബി.ജെ.പിക്കെതിരെയുള്ള പോരാട്ടമാണ് മമതയുടെ രാഷ്ട്രീയമെന്ന പ്രചാരണത്തില്‍ ഒപ്പം നില്‍ക്കുന്ന മുസ്‌ലിം സമൂഹത്തോടുള്ള നീതികേടാണ് ഈ രണ്ട് സംഭവങ്ങളെന്ന് കോണ്‍ഗ്രസും ഇടതുപക്ഷവും പറയുന്നു. ഒരു പെണ്‍കുട്ടിയടക്കം ഏഴ് സ്ത്രീകളെ തൃണമൂല്‍ നേതാക്കള്‍ ചുട്ടുകൊല്ലാനായുള്ള സാഹചര്യം സൃഷ്ടിച്ചതടക്കം പൊലീസിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുന്നുണ്ട്.

ഇതിനെല്ലാം പുറമേയാണ് കൊല്‍ക്കത്ത നഗരത്തിനകത്തുള്ള ബാലിഗഞ്ച് മണ്ഡലത്തില്‍ ബി.ജെ.പിയുടെ മുന്‍ നേതാവ് ബാബുല്‍ സുപ്രിയോക്ക് സീറ്റ് അനുവദിച്ച മമത ബാനര്‍ജിയുടെ നിലപാട്. മുതിര്‍ന്ന നേതാവും മന്ത്രിയുമായിരുന്ന സുബ്രതാ മുഖര്‍ജിയുടെ മരണത്തെ തുടര്‍ന്നാണ് ബാലിഗഞ്ചില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ ഏപ്രില്‍ 12ന് നടക്കുന്ന തെരഞ്ഞെടുപ്പിലാണ് കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പുറത്തായതിന്റെ പേരില്‍ കഴിഞ്ഞ നവംബറില്‍ ബി.ജെ.പി വിട്ട് തൃണമൂലില്‍ അഭയം തേടിയ ഗായകന്‍ ബാബുല്‍ സുപ്രിയോക്ക് മമത സീറ്റ് നല്‍കിയത്.

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് പൗരത്വ ബില്ലിനെതിരെയുള്ള പ്രക്ഷോഭ കാലത്തും മുസ്‌ലിം വിദ്വേഷവും വെറുപ്പും വര്‍ഗീയതയും നിറഞ്ഞ നിലപാടുകള്‍ കൈക്കൊണ്ട് വിവാദ നായകനായിരുന്നു സുപ്രിയോ. ‘ഏയ് തൃണമൂല്‍ ആര്‍ നോയ്’ അഥവാ ഈ തൃണമൂല്‍ ഇനിയില്ല, എന്ന ബി.ജെ.പിയുടെ പ്രചരണഗാനവും പാടിയത് ബാബുല്‍ സുപ്രിയോ തന്നെ.

ബാബുല്‍ സുപ്രിയോ

അസന്‍ഹോളില്‍ കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കവേ കടുത്ത വര്‍ഗീയതയും നിരന്തരമായ അക്രമവുമായിരുന്നു ബാബുല്‍ സുപ്രിയോയുടെ മാര്‍ഗം തന്നെ. പൗരത്വ ബില്ലിനെതിരെ സമരം ചെയ്യുന്ന മുസ്‌ലീങ്ങളുടെ തൊലിയുരിയണം എന്നുവരെ പറഞ്ഞ സുപ്രിയോയ്ക്ക് വോട്ടില്ല എന്ന് ഇമാം അസോസിയേഷന്‍ വ്യക്തമാക്കി കഴിഞ്ഞു. മുസ്‌ലിം സമൂഹത്തിനെതിരെ സുപ്രിയോ ചെയ്ത പ്രവര്‍ത്തികള്‍ക്ക് ഈ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലം മറുപടി നല്‍കുമെന്ന് കോണ്‍ഗ്രസും ഇടതുപക്ഷവും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും മമത ബാനര്‍ജിയുടെ പേരില്‍ വോട്ട് ലഭിക്കുമെന്നാണ് തൃണമൂലിന്റെ പ്രതീക്ഷ.

ഇത്തരത്തില്‍ മുസ്‌ലിം സമൂഹത്തിനെതിരെ എന്ത് നിലപാട് കൈക്കൊണ്ടാലും, പരസ്യമായി വലിയ ശബ്ദത്തിലും കോലാഹലത്തിലും ബി.ജെ.പിയെ എതിര്‍ക്കുന്നത് നിമിത്തം മുസ്‌ലിങ്ങളുടെ വോട്ട് മറ്റെങ്ങും പോകില്ലെന്ന് മമത ഉറപ്പിക്കുന്നു. കാരണം മതേതത പാര്‍ട്ടികളുടെ വേരറുത്താണ് മമത മുഖ്യപ്രതിപക്ഷമായി ബി.ജെ.പി നിലനിര്‍ത്തുന്നത്.

മറ്റൊന്ന് കൂടി പറയാതെ മധുരമനോജ്ഞ ബംഗാളിനെ കുറിച്ചുള്ള ചര്‍ച്ച പൂര്‍ത്തിയാകില്ല. അത് സി.പി.ഐ നേതാവും നന്ദിഗ്രാമിലെ എം.എല്‍.എയുമായിരുന്ന സഖാവ് ഇല്യാസ് മുഹമ്മദിന്റെ മരണത്തെ കുറിച്ചാണ്. അമ്പതാം വയസില്‍ രാഷ്ട്രീയ/ സാമൂഹിക ജീവിതത്തില്‍ നിന്ന് നിഷ്‌കാസിതനായ അദ്ദേഹം ഏകദേശം 14 വര്‍ഷത്തോളം തന്റെ തകര്‍ന്നതും പൊളിഞ്ഞതുമായ വിനീതവസതിയില്‍ രാഷ്ട്രീയ വനവാസം അനുഷ്ഠിച്ച്, കഴിഞ്ഞ ദിവസം വെറും 64ാം വയസില്‍ മരിച്ചു.

ഇല്യാസ് മുഹമ്മദ് താമസിച്ചിരുന്ന വീട്                                                                                                                              ഫോട്ടോ: ടെലിഗ്രാഫ്

നന്ദിഗ്രാമിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് തൃണമൂലിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ മുഖ്യധാര ഇടതുപക്ഷത്തിന് എതിരായി സകലസംഘടനകളും ഒറ്റക്കെട്ടായി അണിനിരന്ന ആ സമരത്തിനിടയില്‍, രണ്ടുവട്ടം നന്ദിഗ്രാമിന്റെ എം.എല്‍.എയായിരുന്ന ഇല്യാസ് മുഹമ്മദ് ഒരു സര്‍ക്കാരിത സംഘടനയില്‍ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയെന്ന് ഒരു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഒളിക്യാമറയിലെടുത്ത, കൈക്കൂലി വാങ്ങുന്നതെന്ന് റിപ്പോര്‍ട്ടര്‍ ആരോപിച്ച, ആ ദൃശ്യത്തോടെ ആ ജനകീയ നേതാവിന്റെ രാഷ്ട്രീയജീവിതം അവസാനിച്ചു.

പിന്നീട് നിയമസഭയുടെ അന്വേഷണ സമിതി അദ്ദേഹം കുറ്റക്കാരനല്ല എന്ന് കണ്ടെത്തിയെങ്കിലും ഇല്യാസ് മുഹമ്മദ് രാഷ്ട്രീയം അവസാനിപ്പിച്ചു. ഇല്യാസ് മുഹമ്മദ് രാജിവെച്ച ഒഴിവില്‍ ആദ്യം ഫിറോസ ബീവിയിലൂടെ തൃണമൂല്‍ കോണ്‍ഗ്രസ് നന്ദിഗ്രാം പിടിച്ചു. പിന്നീട് സുവേന്ദു അധികാരിക്ക് മമത ബാനര്‍ജിക്ക് നല്‍കിയ ആ മണ്ഡലം അയാളിലൂടെ തന്നെ ഇന്ന് ബി.ജെ.പിയിലെത്തി.

ഇല്യാസ് മുഹമ്മദ്

അതുതന്നെയായിരുന്നു ആ പ്രക്രിയയുടെ ലക്ഷ്യമെന്ന് ബോധ്യപ്പെടുത്തുന്ന മറ്റൊന്നുകൂടിയുണ്ട്. ഈ ഒളിക്യാമറ ദൃശ്യം റിപ്പോര്‍ട്ട് ചെയ്ത്, കൈക്കൂലി വാങ്ങുന്നതാണ് ഇതെന്ന് വിളിച്ചുപറഞ്ഞ്, ഒരു ജനകീയ രാഷ്ട്രീയ പ്രവര്‍ത്തകന്റെ ജീവിതം അവസാനിപ്പിച്ച ശങ്കുദേബ് പാണ്ഡ എന്ന ജേര്‍ണലിസ്റ്റ് വൈകാതെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതാവായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സുവേന്ദു അധികാരിക്കൊപ്പം അയാള്‍ ബി.ജെ.പിയിലുമെത്തി. സുവേന്ദുവും നന്ദിഗ്രാമും ശങ്കുദേബ് പാണ്ഡയും എല്ലാം ബി..ജെ.പിയിലെത്തി നില്‍ക്കുന്ന ഈ കാലത്ത് തൃണമൂല്‍ നേതാക്കള്‍ക്കടക്കം പലര്‍ക്കും ഉറപ്പാണ് ഇല്യാസ് മുഹമ്മദിന് നേരെ നടന്ന ഒളിക്യാമറ ഓപ്പറേഷന്‍ വെറും വ്യാജമാണെന്ന്.

നന്ദിഗ്രാം ഗ്രാമസമിതി ഉപമേധാവിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ അബുതാഹിര്‍ പറഞ്ഞതായി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയാണ്;

”ഇല്യാസ് മുഹമ്മദ് വളരെ ബഹുമാന്യനായ ഒരു നേതാവായിരുന്നുവെന്നതിന് അപ്പുറത്ത് വളരെ സാധാരണക്കാരനായ മനുഷ്യനായിരുന്നു. അദ്ദേഹം ആരുടെയെങ്കിലും പക്കല്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നത് വിശ്വസിക്കാനേ പറ്റില്ല. അദ്ദേഹം രാജിവെച്ചത് ഞങ്ങള്‍ക്ക് ഗുണമായിരുന്നുവെന്നത് ശരിയാണ്. പക്ഷേ സത്യസന്ധമായ ഒരു മനുഷ്യനായി ജീവിച്ചാണ് അദ്ദേഹം മരിച്ചതെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.”

ഇല്യാസ് മുഹമ്മദ് എന്ന നന്ദിഗ്രാമിലെ ആദ്യ മുസ്‌ലിം എം.എല്‍.എയുടെ രാഷ്ട്രീയജീവിതം അവസാനിപ്പിച്ചത് ആരാണ് എന്നതിനുള്ള ഉത്തരം നമുക്ക് ലഭിക്കില്ല. പക്ഷേ എങ്ങനെയാണ് നന്ദിഗ്രാം ബി.ജെ.പി വിജയിക്കുന്ന, ബി.ജെ.പിയുടെ പ്രതിപക്ഷ നേതാവിന്റെ മണ്ഡലം ആയത് എന്ന ചോദ്യത്തിനുള്ള ഉത്തരവും ഇതും ഒന്നു തന്നെയാണ്.

അപ്പോള്‍ നമുക്ക് ഇന്ത്യന്‍ മതേതരത്വത്തിന്റെ രക്ഷകയായി, അരുക്കാക്കപ്പെടുന്ന ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ പ്രതീക്ഷാ കേന്ദ്രമായി മമത ബാനര്‍ജിയെന്നയാളെ കരുതാനാകില്ല. അതില്‍ യുക്തിരാഹിത്യവും ചരിത്രാജ്ഞതയും രാഷ്ട്രീയരാഹിത്യവുമുണ്ട്.

Content Highlight: Sreejith Divakaran on West Bengal politics, Trinamool Congress, BJP and Mamata Banerjee

ശ്രീജിത്ത് ദിവാകരന്‍

മാധ്യമ പ്രവര്‍ത്തകന്‍, ഡൂള്‍ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more