ആനാല്‍ തൊഴിലാളി വര്‍കം അഴിക്കപ്പെടവില്ലെ!
All India Strike
ആനാല്‍ തൊഴിലാളി വര്‍കം അഴിക്കപ്പെടവില്ലെ!
ശ്രീജിത്ത് ദിവാകരന്‍
Tuesday, 29th March 2022, 8:46 pm

‘വെയില്‍ ചിന്നുന്നുണ്ട്. ഓര്‍മകള്‍ ഉണരുന്നുണ്ട്. കാക്കകള്‍ കരയുന്നുണ്ട്. മരങ്ങള്‍ ഉലയുന്നുണ്ട്. കാടിളകുന്നുണ്ട്. ചൂഷണം പെരുകുന്നുണ്ട്. അതുകൊണ്ട് തന്നെ സമരം തുടരുന്നുമുണ്ട്’ -(നിരാശാഭരിതനായ സുഹൃത്തിനൊരു കത്ത്-യു.പി. ജയരാജ്)

 

കേരള ചരിത്രത്തില്‍ രേഖപ്പെടുത്തിയ ആദ്യത്തെ തൊഴില്‍ സമരം നയിച്ചത് മഹാത്മാ അയ്യന്‍കാളിയായിരുന്നു. ഒരേസമയം കര്‍ഷകത്തൊഴിലാളികളുടെ വേതന വര്‍ധനവും ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനവും ആവശ്യപ്പെട്ടായിരുന്നു സമരം.

കുട്ടികളെ പഠിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പാടത്ത് പണിയെടുക്കില്ല എന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സാധുജന പരിപാലനസംഘം പ്രഖ്യാപിച്ചു. അഥവാ കേരള ചരിത്രത്തിലെ ആദ്യത്തെ തൊഴില്‍ സമരം തൊഴിലാളികള്‍ക്ക് വേണ്ടി മാത്രമുള്ളതായിരുന്നില്ല, അവരുള്‍പ്പെടുന്ന സമൂഹത്തിന്റെ വിദ്യാഭ്യാസ അവകാശത്തിന് കൂടി വേണ്ടിയുള്ളതായിരുന്നു.

പാടത്ത് മുട്ടപ്പുല്ല് മുളക്കുമെന്ന സ്ഥിതിവന്നപ്പോള്‍ വേതന വര്‍ധനവ് അംഗീകരിച്ച സവര്‍ണ ജന്മിവര്‍ഗം പക്ഷേ, ദളിത് കുട്ടികളെ പള്ളിക്കൂടത്തില്‍ കയറ്റണമെന്ന ആവശ്യം അംഗീകരിച്ചില്ല. സമരം അതുകൊണ്ട് തന്നെ അവസാനിച്ചുമില്ല.

തൊഴിലാളികളുടെ അവകാശ സമരം സമൂഹത്തിന് വേണ്ടിയാണ് എന്ന ബോധ്യമുണ്ടാകണമെങ്കില്‍ ആദ്യം കേരള ചരിത്രത്തിലെ ഈ ഉജ്ജ്വല പ്രക്ഷോഭത്തെ കുറിച്ചറിയണം.

1904ല്‍ ദളിത് വിദ്യാര്‍ത്ഥികള്‍ക്കായി അയ്യന്‍കാളി വെങ്ങാനൂരില്‍ ആരംഭിച്ച കുടിപ്പള്ളിക്കൂടം സവര്‍ണജന്മികള്‍ തീയിട്ട് നശിപ്പിച്ചതിനെ തുടര്‍ന്ന് പ്രക്ഷോഭം ആരംഭിച്ചു. ഇതേത്തുടര്‍ന്ന് 1907ല്‍ അന്നത്തെ സര്‍ക്കാര്‍ ദളിത് വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസാവകാശം അനുവദിച്ചുവെങ്കിലും നായര്‍ പ്രമാണിമാര്‍ക്ക് അത് സഹിച്ചില്ല.

തുടര്‍ന്നാണ് 1907ല്‍ തന്നെ സ്ഥാപിക്കപ്പെട്ട ഊരൂട്ടമ്പലം സ്‌കൂളിലേക്ക് പഞ്ചമി എന്ന എട്ട് വയസുകാരിയേയും അവളുടെ അനുജന്‍ കൊച്ചുകുട്ടിയേയും കൊണ്ട് അയ്യന്‍കാളിയെത്തിയത്. വിദ്യാഭ്യാസ ഡയറക്ടറുടെ പ്രത്യേക ഉത്തരവുമായി എത്തിയ അയ്യന്‍കാളിയെ തടയാന്‍ ഹെഡ്മാസ്റ്റര്‍ക്കായില്ല. തുടര്‍ന്നുള്ളത് ചരിത്രം.

അവിടെ നിന്ന് ഇറങ്ങിയോടിപ്പോയ സവര്‍ണ വിദ്യാര്‍ത്ഥികളോ, അയ്യന്‍കാളിയേയും കൂട്ടരേയും ആക്രമിക്കുകയും ഊരൂട്ടമ്പലം സ്‌കൂള്‍ കത്തിച്ച് കളയുകയും ചെയ്ത കൊച്ചപ്പിപ്പിള്ള എന്ന സവര്‍ണ ജന്മിയോ അല്ല ചരിത്രത്തില്‍ ഇടം പിടിച്ചത്. പഞ്ചമിയും അവളിരുന്ന ബെഞ്ചും മഹാത്മാ അയ്യന്‍കാളിയുമാണ്.

ജന്മിയും കൂട്ടരും നടത്തിയ ദളിത് വേട്ടയെ തുടര്‍ന്നാണ് കേരളചരിത്രത്തിലെ ഏറ്റവും വലിയ കര്‍ഷകത്തൊഴിലാളി പ്രക്ഷോഭം ആരംഭിക്കുന്നത്. അയ്യന്‍കാളിയെ ജീവനോടെ പിടിച്ച് നല്‍കുന്നവര്‍ക്ക് ജന്മിക്കൂട്ടം 2000 രൂപ ഇനാം പ്രഖ്യാപിച്ചിട്ടും സമരം തുടര്‍ന്നു. ജന്മിമാരുടെ പാടത്ത് നെല്ലിന് പകരും പുല്ല് വളര്‍ന്നു. പടര്‍ന്ന് പിടിച്ച സമരം അവസാനിപ്പിക്കാന്‍ ദിവാന്‍ രാജഗോപാലാചാരി നേരിട്ടിറങ്ങേണ്ടി വന്നു. 1914ല്‍ തിരുവിതാംകൂര്‍ വീണ്ടും ദളിത് വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ പ്രവേശനത്തിന് ഉത്തരവിറക്കി.

അഥവാ കേരളമെന്ന ദേശം ആരും ശൂന്യതയില്‍ നിന്ന് സൃഷ്ടിച്ചതല്ല.

ഇന്നീ കാണുന്ന കേരളം അരുക്കാക്കപ്പെട്ട മനുഷ്യര്‍ സമരം ചെയ്തും പ്രക്ഷോഭം നടത്തിയും ജീവന്‍ കൊടുത്തും ത്യാഗം സഹിച്ചും ഉണ്ടാക്കിയെടുത്തതാണ്. വസ്ത്രം ധരിക്കാനും ആരാധിക്കാനും ജാതി വെളിപ്പെടുത്തുന്ന കല്ലുമാലകള്‍ ഉപേക്ഷിക്കാനും വോട്ട് ചെയ്യാനും വഴിനടക്കാനും ജോലി ലഭിക്കാനും ലഭിച്ച ജോലിക്ക് കൂലി കിട്ടാനും തൊഴില്‍ സമയം നിശ്ചയിക്കാനും കൂലി കാലാനുസൃതം വര്‍ധിപ്പിച്ച് കിട്ടാനും പീഡനങ്ങള്‍ അവസാനിപ്പിക്കാനുമെന്ന് വേണ്ടി, നീതിയുടെ ഓരോ വഴിയും സമരം ചെയ്ത് ചെയ്താണ് തുറന്ന് കിട്ടിയത്. ഇനിയും എത്രയോ പോരാട്ടങ്ങള്‍ ബാക്കിയുമാണ്.

സ്വാതന്ത്ര്യത്തിന് ശേഷവും രാജ്യത്തുടനീളം മനുഷ്യര്‍ പോരാട്ടം തുടര്‍ന്നുകൊണ്ടിരുന്നു. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ തിരുവിതാംകൂറില്‍ സമരങ്ങള്‍ തുടരുകയായിരുന്നു. തെലങ്കാനയിലും തേഭാഗയിലും സമരങ്ങളുണ്ടായി. കര്‍ഷകര്‍ ഭൂമിക്കും നീതിക്കും വേണ്ടി പോരാടി. വിദ്യാര്‍ത്ഥികളും സ്ത്രീകളും അവകാശപ്രക്ഷോഭങ്ങള്‍ നയിച്ചു.

കശ്മീരിലെ പോരാട്ടങ്ങളാകട്ടെ ഒരിക്കലും അവസാനിച്ചില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍, യു.പിയില്‍, ബംഗാളില്‍, ഒഡീഷയില്‍, ഗുജറാത്തില്‍, ഛത്തീസ്ഗഢീല്‍, ബീഹാറില്‍ എന്നിങ്ങനെ ഒരോ ദേശത്തും ഓരോ കാലത്തും ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. കാരണം ജനാധിപത്യത്തിന്റെ നിലനില്‍പും ഊര്‍ജവും, ഭരണകൂടത്തിനെ തിരുത്താന്‍ പ്രേരിപ്പിക്കുന്ന ജനങ്ങളുടെ കൂട്ടായ്മകളാണ്.

ഇന്ത്യന്‍ ജനപഥങ്ങള്‍ 2014ന് ശേഷം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഇത്തരം ജനകീയ കൂട്ടായ്മകള്‍ക്കെതിരെ ഭരണകൂടവും അവരുടെ പിണിയാളുകളായ മുതലാളിത്ത മാധ്യമങ്ങളും ഒന്നായി രംഗത്തിറങ്ങുന്നുവെന്നതാണ്.

2019ല്‍ ദല്‍ഹിയിലെ രബിദാസ് ക്ഷേത്രം പൊളിക്കാനുള്ള കോടതി ഉത്തരവിനെതിരെ, അതിന് മുന്‍കയ്യെടുത്ത ബി.ജെ.പി സര്‍ക്കാരിനെതിരെ ദളിത് സമൂഹം തലസ്ഥാന നഗരിയില്‍ നടത്തിയ പ്രക്ഷോഭം ജനപങ്കാളിത്തം കൊണ്ട് ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നായിരുന്നു. എന്നാല്‍ അതേക്കുറിച്ചുള്ള വാര്‍ത്തകള്‍ പത്രങ്ങളുടെ പ്രാദേശിക പേജുകളിലും ടി.വി വാര്‍ത്തകളിലെ പരാമര്‍ശവും മാത്രമായി ഇല്ലാതായി.

ഒ.ബി. വാനുകളും മള്‍ട്ടി ക്യാമറ ഷൂട്ടും കൂടാരവും കൊണ്ട് ദിവസങ്ങളോളം മണിക്കൂറുകളോളം ലൈവ് നടത്തി ചാനലുകള്‍ പൊലിപ്പിച്ചില്ല. രാവിലെ മുതല്‍ ചര്‍ച്ചകളും വിചാരണകളും നടത്തി വിധി കല്‍പ്പിച്ചില്ല. അവഗണിച്ചു.

മഹാരാഷ്ട്രയിലും ദല്‍ഹിലും നടന്ന കര്‍ഷകസമരങ്ങള്‍ നഗരത്തിന്റെ മധ്യത്തിലാവുകയും അത് ടെലിവിഷനുകളിലൂടെ അല്ലാതെ തന്നെ നാഗരിക ജനവിഭാഗത്തിന് നേരിട്ട് കാണുകയും ചെയ്യാവുന്ന സാഹചര്യം ഉണ്ടായപ്പോഴാണ് അതിനെ ഏറ്റെടുക്കാന്‍ മാധ്യമങ്ങള്‍ തയ്യാറായത്. ഈ പ്രക്ഷോഭങ്ങളെ പിന്തുണച്ച് മഹാരാഷ്ട്രയുടേയും രാജസ്ഥാന്റെയും ഹരിയാനയുടെയും ഉത്തര്‍പ്രദേശിന്റെയും വിവിധ ഗ്രാമങ്ങളിലുണ്ടായ മുന്നേറ്റങ്ങള്‍ ചാനലുകളോ പത്രങ്ങളോ ദേശീയ വാര്‍ത്തകളാക്കിയില്ല.

ഗുജറാത്തിലെ ദളിത് പ്രക്ഷോഭത്തിന്റെ തുടര്‍സമരങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ നിശബ്ദമാക്കപ്പെട്ടു. പൗരത്വ ബില്ലിനെതിരെ നടന്ന ജനകീയ പ്രക്ഷോഭം സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രക്ഷോഭമായാണ് കണക്കാക്കപ്പെടുന്നത്. എന്നിട്ടും കൊവിഡിന്റെ ആദ്യഘട്ടത്തില്‍ കേന്ദ്രസര്‍ക്കാരിനൊപ്പം ഈ പ്രക്ഷോഭത്തെ അവഗണിക്കാന്‍ മാധ്യമങ്ങളും ശ്രമിച്ചു.

സ്വതന്ത്ര ഇന്ത്യ അതുവരെ കണ്ട ഏറ്റവും വലിയ സമരങ്ങളിലൊന്ന് 1974ലെ റെയില്‍വേ തൊഴിലാളി സമരമായിരിക്കും. 1974 മേയ് എട്ട് മുതല്‍ 27 വരെയുള്ള 20 ദിവസം നീണ്ടുനിന്ന സമരത്തില്‍ 17 ലക്ഷം പേര്‍ പങ്കെടുത്തു.

ഇന്ത്യയിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളായ റെയില്‍വേ വര്‍ഷങ്ങളായി തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കാത്തതിനെതിരെയും ജോലി സമയം എട്ട് മണിക്കൂറായി നിജപ്പെടുത്തണമെന്നാവശ്യപ്പെട്ടും 1967, 1968, 1970, 1973 വര്‍ഷങ്ങളില്‍ നടത്തിയ പണിമുടക്കുകള്‍ക്കവസാനമാണ്, ഈ നീണ്ടുനിന്ന സമരം ചെയ്യാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരായത്.

ജോര്‍ജ് ഫെര്‍ണാണ്ടസ് നയിച്ച ആ സമരത്തെ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ക്രൂരമായി അടിച്ചമര്‍ത്തുകയായിരുന്നു. ആയിരക്കണിക്ക് പേരെ ജയിലിലടച്ചും നൂറുകണക്കിന് പേരെ പിരിച്ചുവിട്ടും സര്‍ക്കാര്‍ പ്രതികാരം തീര്‍ത്തു.

ആ തൊഴിലാളികളുടെ ത്യാഗത്തില്‍ നിന്ന് പടുത്തുയര്‍ത്തിയതാണ് റെയില്‍വേ ജോലിയുടെ സുരക്ഷയും ആനുകൂല്യങ്ങളും. ഇന്ന് രാജ്യത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ സ്ഥാപനമായ റെയില്‍വേയെ കുത്തകമുതലാളിമാര്‍ക്ക് വിറ്റു തള്ളരുത് എന്നാവശ്യപ്പെട്ടാണ് തൊഴിലാളികള്‍ സമരം ചെയ്യുന്നത്.

കരണ്‍ ഥാപ്പര്‍ക്ക് കുറച്ച് നാള്‍ മുമ്പ് കൊടുത്ത ഒരു അഭിമുഖത്തില്‍ (ദ വയര്‍) അരുന്ധതി റോയി പറയുന്നുണ്ട്, ഇന്ത്യയില്‍ അടുത്തിടെ നടന്ന വലിയ മാറ്റം അംബാനിയേക്കാള്‍ വലിയ ധനവാനായി അദാനി മാറിയെന്നുള്ളതാണെന്ന്.

നരേന്ദ്ര മോദിയുടെ ഏറ്റവും പ്രിയപ്പെട്ട വ്യവസായി അദ്ദേഹത്തിന്റെ രണ്ടാമത്തെ ഏറ്റവും പ്രിയപ്പെട്ട വ്യവസായിയേക്കാള്‍ വലിയ ധനവാനായിരിക്കുന്നു. അദാനിയുടെ സ്വത്ത് 88 ബില്യണ്‍ ഡോളറും അംബാനിയുടെത് വെറും 87 ബില്യണ്‍ ഡോളറുമാണിപ്പോള്‍ എന്നാണ് തോന്നുന്നത്. അദാനിയുടെ 88 ബില്യണില്‍ 51 ബില്യണും കഴിഞ്ഞ വര്‍ഷം, ഇന്ത്യയിലെ ബഹുഭൂരിപക്ഷം മനുഷ്യരും തൊഴില്‍രാഹിത്യത്തിലും പട്ടിണിയിലും ദാരിദ്ര്യത്തിലും നിലംപതിച്ച കാലത്ത്, ഉണ്ടായതാണ്,”- അരുന്ധതി റോയി പറയുന്നു.

അഥവാ കൊവിഡ് കാലത്ത്, നമ്മളും നമ്മുടെ സംസ്ഥാനവും നമ്മുടെ മനുഷ്യരും ഇന്ത്യയിലെ തൊണ്ണൂറ് ശതമാനവും, ഭയന്നും വിറച്ചും തൊഴിലില്ലാതെയും ജീവിതമെങ്ങനെ മുന്നോട്ട് പോകുമെന്ന് അറിയാതെയും ജീവിച്ച കാലത്ത് 51 ബില്യണ്‍ ഡോളറാണത്രെ ഗൗതം അദാനിയെന്ന നരേന്ദ്ര മോദിയുടെ വലം കൈ സൃഷ്ടിച്ചെടുത്ത്.

51,000 കോടി ഡോളര്‍. ഏതാണ്ട് അഞ്ച് ലക്ഷം കോടി രൂപ. നമുക്ക് ചിന്തിച്ചാല്‍ പിടികിട്ടില്ല അതിലെ പൂജ്യത്തിന്റെ എണ്ണം.

പെട്രോള്‍ വില വര്‍ധിപ്പിക്കുന്നത്, പാചകവാതക വില വര്‍ധിപ്പിക്കുന്നത്, പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തള്ളുന്നത്, അദാനിക്ക് നല്‍കിയ തുറമുഖത്തിലൂടെ ടണ്‍ കണക്കിന് കൊക്കെയ്ന്‍ കൊണ്ടുവരുന്നത്, തൊഴില്‍ സുരക്ഷ ഇല്ലാതാക്കുന്നത്, നൂറുനൂറ് പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ റദ്ദാക്കുന്നത്- എല്ലാം തടയാനാണ് പ്രക്ഷോഭം.

നമ്മുടെ പൊതുവിദ്യാഭ്യാസത്തിനും പൊതുജനാരോഗ്യത്തിനും കൂടുതല്‍ വകയിരുത്തലുകള്‍ ഉണ്ടാകണമെന്നും പെട്രോളിയം നികുതിയില്‍ ഇളവ് വരുത്തണമെന്നുമടക്കമുള്ള 12 ആവശ്യങ്ങളുയര്‍ത്തിയാണ് തൊഴിലാളിവര്‍ഗം സമരം നടത്തുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ സമരം ഇല്ല, എന്ന് പറഞ്ഞ് പുച്ഛിക്കരുത്.

കര്‍ണാടകയില്‍, ഉത്തര്‍പ്രദേശില്‍, ഹരിയാനയില്‍, ഛത്തീസ്ഗഢില്‍ എന്നിങ്ങനെ പലയിടത്തും ജീവിത നിലവാര സൂചികകള്‍ താഴേക്ക് പോയത് തൊഴിലാളിവര്‍ഗത്തിന്റെ പ്രക്ഷോഭങ്ങളും സംഘടിത ശക്തിയും ഇല്ലാതായത് കൊണ്ടാണ്.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ദേശീയ പൊതുപണിമുടക്ക് നടന്നത് 1982 ജനവരി 19ന് ആയിരുന്നു. തൊഴിലില്ലായ്മ പരിഹരിക്കുക, തൊഴിലില്ലായ്മാ വേതനം നല്‍കുക, കര്‍ഷക തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പ് വരുത്തുക, കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് താങ്ങുവില നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടന്ന ആ പൊതുപണിമുടക്കിന്റെ ദിവസം പത്ത് തൊഴിലാളികള്‍ രക്തസാക്ഷികളായി.

അതില്‍ രണ്ട് പേരൊഴിച്ച് ബാക്കി എട്ടുപേരും കൊല്ലപ്പെട്ടത് കേരളത്തിന് പുറത്തായിരുന്നു. തമിഴ്നാട്ടില്‍ നാലുപേരും ഉത്തര്‍പ്രദേശില്‍ നാലുപേരും പൊലീസ് വെടിവെയ്പില്‍ മരിച്ചു. നാല് പതിറ്റാണ്ടുമുമ്പ് തൊഴിലാളികള്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ ഇന്നും ഉത്തര്‍പ്രദേശില്‍ ബാധകമാണ്. 1974ലെ റെയില്‍വേ സമരം ഇന്നും രാജ്യത്ത് പ്രസക്തമാണ്. രാജ്യത്ത് എല്ലായിടത്തും ഉയര്‍ന്ന് വരേണ്ട തൊഴിലാളി മുന്നേറ്റങ്ങള്‍ കേരളത്തില്‍ മാത്രം കാണുമ്പോള്‍ ദുഖിക്കുകയോ നിരാശരാവുകയോ അല്ല, ആനന്ദിക്കുകയാണ് വേണ്ടത്.

മനുഷ്യാന്തസ്സിന് നേരെ ചീറ്റുന്ന ജനാധിപത്യവിരുദ്ധത, നാടുവാഴിത്തം, ക്രിമിനല്‍ സംഘങ്ങളുടെ വാഴ്ച, ജാതി മേധാവിത്തത്തിന്റെ സമസ്ത മേഖലയിലേയും വാഴ്ച- എന്നിവ കേരളത്തില്‍ താരതമ്യേന കുറഞ്ഞ അളവില്‍ മാത്രം കാണുന്നത് നമ്മുടെ ഈ ജനാധിപത്യ ബോധ്യം കൊണ്ടാണ്.

പൊതു വിദ്യാഭ്യാസവും പൊതുജനാരോഗ്യവും ഇവിടെ നിലനില്‍ക്കുന്നത് തൊഴിലാളിവര്‍ഗത്തിന്റെ രോഷം ഭയന്നാണ്. ജീവിതനിലവാര സൂചികകളില്‍ കേരളം ഒന്നാമതാകുമ്പോള്‍, കേരളത്തിന്റെ സാക്ഷരതയെ കുറിച്ച്, കേരളത്തിന്റെ മറ്റ് വെളിച്ചങ്ങളെ കുറിച്ച് പറയുമ്പോള്‍ അഭിമാനപൂരിതമാകുന്നുണ്ടോ അന്തരംഗം? എങ്കില്‍ അതെല്ലാം വലിയ പ്രക്ഷോഭങ്ങളുടെ ഫലമായിട്ട് കിട്ടിയതാണ് എന്ന് പലകുറി ഓര്‍ക്കണം.

പൊതുനിരത്തില്‍ നടക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചതാണ്. എന്നിട്ടും ജനങ്ങള്‍ സമരം ചെയ്യേണ്ടി വന്നു, കാലങ്ങളോളം. അയ്യങ്കാളിക്ക് ബാലരാമപുരത്തെ പൊതുവീഥിയില്‍ വില്ലുവണ്ടി പായിക്കേണ്ടി വന്നു, സവര്‍ണ ബോധങ്ങളെ തകിടം മറിക്കാന്‍.

ക്ഷേത്രപ്രവേശനത്തിന് അനുമതി പ്രഖ്യാപിച്ച് കാലങ്ങള്‍ക്ക് ശേഷവും അവര്‍ണര്‍ ക്ഷേത്രത്തില്‍ കയറിയിട്ടില്ല. അതിന് സത്യാഗ്രഹങ്ങളനവധി വേണ്ടി വന്നു. സുപ്രീംകോടതി സ്ത്രീകളോട് ക്ഷേത്രത്തില്‍ കയറാന്‍ പറഞ്ഞിട്ടും എതിരുനിന്ന സവര്‍ണഭാവനയെ തോല്‍പ്പിക്കാനാണ് പ്രസംഗങ്ങളുടെ, ജനകീയ ശൃംഖലകളുടെ മാനുഷിക കരുത്ത് കേരളം പുറത്തെടുത്തത്. ആ സമരവും അവസാനിച്ചിട്ടില്ല.

സമരം ചെയ്യുന്നത് തുടരും. അത് പുരോഗമിച്ച സമൂഹത്തിന്റെ അടയാളമാണ്. ഒരു രാമനും മഴുവെറിഞ്ഞുണ്ടാക്കിയതല്ല ഈ കേരളം. നൂറുകണക്കിന് പ്രക്ഷോഭങ്ങള്‍ കൊണ്ട്, നിരന്തരമായ സമരങ്ങള്‍ കൊണ്ട്, ആയിരക്കണക്കിന് മനുഷ്യരുടെ ത്യാഗം കൊണ്ട്, വെടിയും അടിയും ഇടിയും നേരിട്ട്, പടുത്തുയര്‍ത്തിയതാണ്. അത് നിലനിര്‍ത്താനും ഇതേ സമരങ്ങള്‍ വേണമെങ്കില്‍ അത് തുടരുക തന്നെ ചെയ്യണം.

ഒരു തോല്‍വി കൊണ്ട് തൊഴിലാളി വര്‍ഗം തോല്‍ക്കില്ല. ലോകത്തിന്റെ കണ്ണില്‍ മൂന്നാം ലോകമായ ഇന്ത്യയില്‍, ആര്‍ക്കും വേണ്ടാത്ത നാലാം ലോകത്തിലെ പ്രജകളായി തൊഴിലാളികള്‍ അവശേഷിക്കുമ്പോഴും, ലോകത്ത് തൊഴിലാളി വര്‍ഗം തോല്‍ക്കുകയില്ല എന്ന് അവര്‍ മന്ത്രിക്കുന്നുണ്ട്.

ആനാല്‍ തൊഴിലാളി വര്‍കം അഴിക്കപ്പെടവില്ലെ. മേലും ഒന്റുപെട്ട് മുന്നേറുകിന്റത്. തിയാകികള്‍ക്ക് പുരച്ചി വണക്കം‘. (അതുകൊണ്ടൊന്നും തൊഴിലാളിവര്‍ഗം തകരുകയില്ല. ഒന്നായി മുന്നേറുക തന്നെ ചെയ്യും. രക്തസാക്ഷികള്‍ക്ക് വിപ്ലവാഭിവാദ്യങ്ങള്‍.)

നഗരങ്ങളില്‍, മറ്റ് സംസ്ഥാനങ്ങളില്‍ സമരവും പ്രക്ഷോഭവും ഇല്ലെങ്കില്‍, മനുഷ്യരേ, നമ്മുടെ നാട്ടില്‍ ജനാധിപത്യം അവശേഷിക്കുന്നുണ്ട് എന്നതില്‍ ആഹ്ലാദിക്കുകയാണ് വേണ്ടത്. ഒരില പച്ചയായുണ്ട്, എന്ന് ഒരു മരം കാടിനോട് പറയുന്നു.

Content Highlight: Sreejith Divakaran on the workers protests in India, All India strike

ശ്രീജിത്ത് ദിവാകരന്‍
മാധ്യമ പ്രവര്‍ത്തകന്‍, ഡൂള്‍ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.