| Monday, 25th April 2022, 8:00 pm

അതിഹൈന്ദവ ഓട്ടമത്സരത്തിലെ ആം ആദ്മി എന്ന പടക്കുതിര

ശ്രീജിത്ത് ദിവാകരന്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ്, സംഘപരിവാര്‍ രാജ്യം മുഴുവന്‍ ‘ഹിന്ദുവാണെന്നതില്‍ അഭിമാനിക്കൂ’ എന്ന ആഹ്വാനത്തോടെ, ലാല്‍കൃഷ്ണ അദ്വാനിയുടെ നേതൃത്വത്തില്‍ വെറുപ്പും വിദ്വേഷവും കലാപവും പടര്‍ത്തുന്ന കാലത്ത്, മലയാളം ഇന്ത്യാ റ്റുഡേയിലോ ഭാഷാപോഷിണിയിലോ എഴുത്തുകാരായ ആനന്ദും സക്കറിയയും തമ്മിലുള്ള സംഭാഷണം പ്രസിദ്ധീകരിച്ചിരുന്നു. സമകാലിക രാഷ്ട്രീയവും സാഹിത്യവും സാമൂഹിക ജീവിതവുമായിരുന്നു ചര്‍ച്ചാ വിഷയം.

അക്കാലത്ത് പൊതുമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന രണ്ട് ചര്‍ച്ചകള്‍, ഈ ഹിന്ദുത്വ ശക്തികളുടെ വിദ്വേഷ കലാപങ്ങളും തമിഴ്നാട്ടിലെ ജയലളിതയുടെ ‘ആഢംബര ജീവിത’വുമായിരുന്നു. അഴിമതിയുടെ പര്യായവും അടയാളവുമായി ജയലളിത ചിത്രീകരിക്കപ്പെട്ടു. അവരുടെ ആയിരക്കണക്കിന് പട്ടുസാരികളെ കുറിച്ചും നൂറുകണക്കിന് ജോഡി ചെരുപ്പുകളെക്കുറിച്ചുമുള്ള നിറം പിടിപ്പിച്ച കഥകളുടെ മഞ്ഞനിറം മുഖ്യധാര പത്രങ്ങളുടെ മുന്‍പേജുകളുടെ അലങ്കാരമായി.

ആനന്ദുമായുള്ള ഈ സംസാരത്തിനിടയില്‍ സക്കറിയ ചോദിക്കുന്നുണ്ട്, ജയലളിതയും അദ്വാനിയും തമ്മില്‍ പരസ്പരം മത്സരിച്ചാല്‍ ആര്‍ക്ക് വോട്ട് ചെയ്യുമെന്ന്. ആനന്ദ് അതിന് മറുപടി പറയാന്‍ ആലോചിക്കുമ്പോള്‍ സക്കറിയ പറയുന്നു, ‘എനിക്ക് സംശയങ്ങളൊന്നുമില്ല, ഞാന്‍ ജയലളിതക്കായിരിക്കും ചെയ്യുക,’ എന്ന്. കൃത്യമായ വാക്കുകളല്ല, ഏകദേശം അര്‍ത്ഥമിതാണ്.

പൊതുപ്രവര്‍ത്തകരുടെ അഴിമതി വലിയ പ്രശ്നം തന്നെയാണ്. അത് ദീര്‍ഘകാലമായി ലോകമെമ്പാടുമുള്ള ഭരണക്രമങ്ങളെ ദോഷകരമായി ബാധിച്ചിട്ടുള്ളതുമാണ്. എന്നാല്‍ ഒരു സമൂഹത്തെ അര്‍ബുദം പോലെ വര്‍ഗീയതയും മതവൈരവും വംശീയതയും പടരുമ്പോള്‍, പ്രാഥമിക പ്രശ്നമായി അഴിമതിയെയും മറ്റ് വിപത്തുക്കളേയും കാണുന്നവരുടെ രാഷ്ട്രീയം അപകടകരമാണ്.

ഫാഷിസവും നാസിസവും മനുഷ്യവംശങ്ങളുടെ ചരിത്രത്തില്‍ തന്നെയുള്ള ഏറ്റവും വലിയ മുറിവുകള്‍ സൃഷ്ടിച്ച ചരിത്രം ഓര്‍മയുള്ള മനുഷ്യര്‍ക്ക്, ഭൂരിപക്ഷജനതയില്‍ വംശീയ വികാരം പടര്‍ത്തുന്നതും ന്യൂനപക്ഷസമൂഹങ്ങളെ വേട്ടയാടുന്നതും മറ്റൊന്നിനോടും സമീകരിക്കാനാവാത്ത വിധം ദുഷ്ടമായതും സര്‍വശക്തിയുപയോഗിച്ച് എതിര്‍ക്കേണ്ടതുമായ അപകടമായി തോന്നും.

മാത്രമല്ല, പുതിയ കാലത്ത് അഴിമതി എന്നത് പണത്തിന്റെ ഇടപാടുകളും സ്വത്തിന്റെ സമാഹരണവും മാത്രമല്ല, ചങ്ങാത്ത മുതലാളിത്തത്തെ വളര്‍ത്തുന്നതും രാജ്യത്തിന്റെ ജനാധിപത്യ- ഭരണകൂട സംവിധാനങ്ങളെ ഒന്നാകെ സ്വന്തം ഇച്ഛകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നതാണെന്ന് അഴിമതി വിരുദ്ധ ആദര്‍ശശാലികള്‍ പലപ്പോഴും മറന്ന് പോവുകയും ചെയ്യുന്നുണ്ട്.

രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കണ്ണും മൂക്കുമില്ലാത്ത കൊടും അഴിമതികള്‍ക്കും പകല്‍ക്കൊള്ളകള്‍ക്കും ദുര്‍ഭരണത്തിനുമൊടുവില്‍ അഴിമതിവിരുദ്ധ സഖ്യം അണ്ണാ ഹസാരെ എന്ന ഹൈന്ദവവാദിയായ ഗാന്ധിയന്റെ നേതൃത്വത്തില്‍ രംഗത്ത് വന്നത് യഥാര്‍ത്ഥത്തില്‍ ബി.ജെ.പിക്ക് വഴിയൊരുക്കലായിരുന്നുവെന്ന് അന്നേ പലര്‍ക്കും ബോധ്യപ്പെട്ടതാണ്. പക്ഷേ അഴിമതിയുടെ പേരില്‍ സര്‍ക്കാരിനെ ചോദ്യം ചെയ്യാനെത്തിയ ജനകീയ കൂട്ടായ്മയ്ക്ക് അന്ന് പ്രതിപക്ഷത്തായിരുന്ന മിക്കവാറും എല്ലാ പാര്‍ട്ടികളും പിന്തുണ കൊടുത്തു.

അവസാനമായപ്പോഴേക്കും അണ്ണാ ഹസാരെയുടെയും സംഘത്തിന്റെയും ബി.ജെ.പി അജണ്ടകള്‍ പുറത്ത് വന്നെങ്കിലും അപ്പോഴേക്കും സമരനായകരില്‍ പ്രമുഖനായ അരവിന്ദ് കെജ്‌രിവാള്‍ സ്വന്തം പാര്‍ട്ടിയായ ആം ആദ്മിയെ രംഗത്ത് അവതരിപ്പിച്ചിരുന്നു.

ശാന്തിഭൂഷണ്‍, പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ്, ആഷിഷ് ഖേതന്‍ തുടങ്ങി അക്കാലത്ത് ജനകീയ പോരാട്ടങ്ങളുടെ മുഖമായി അറിഞ്ഞിരുന്ന ഏതാണ്ടെല്ലാവരും ആം ആദ്മി പാര്‍ട്ടിക്ക് ഒപ്പം നിന്നു. കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ബി.ജെ.പിക്ക് അനുകൂലമായി പുനസംഘടിപ്പിക്കപ്പെട്ട മാധ്യമങ്ങളൊക്കെ നരേന്ദ്ര മോദിയുടെ ആഗമനത്തിന് മുന്നോടിയായ വിദൂഷസാന്നിധ്യത്തെ എന്ന പോലെ ഈ ആം ആദ്മി വരവിനെ ആഘോഷിച്ചു. ചൂല്‍ അഴിമതിക്കെതിരെയുള്ള ആയുധമായി വ്യാഖ്യാനിക്കപ്പെട്ടു. ദല്‍ഹിയിലെ സാധാരണക്കാര്‍ ‘ഝാഡൂവാല’ പാര്‍ട്ടിയെ കോണ്‍ഗ്രസിന് എതിരായി പ്രതിഷ്ഠിച്ചു.

അഴിമതിക്കെതിരെയുള്ള പ്രക്ഷോഭം ആരംഭിക്കുന്നതിന് മുന്നോടിയായി ദല്‍ഹി പ്രസ്‌ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരെ കാണുമ്പോള്‍, ഗുജറാത്തിനെ കുറിച്ചുള്ള ചോദ്യത്തിന് മോദിയെ പിന്തുണച്ച് സംസാരിച്ച അണ്ണാ ഹസാരെയെ ഒന്ന് പിന്നോട്ടാക്കി, ഇതിലെല്ലാവര്‍ക്കും ഈ അഭിപ്രായമല്ല ഉള്ളത് എന്ന് പറഞ്ഞ് ബി.ജെ.പിക്കും കോണ്‍ഗ്രസിനും ബദലായ ഒരു രാഷ്ട്രീയമാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും അത് ഹസാരെയുടേതില്‍ നിന്ന് വ്യത്യസ്തമാണെന്നും കെജ്‌രിവാള്‍ സ്ഥാപിച്ചിരുന്നു. ഗുജറാത്ത്, ബനിയ വേരുകളും വസ്ത്രധാരണത്തിലെ സാധാരണത്വവും ജീവിതത്തിന്റെ ഹിന്ദുത്വവും ചേര്‍ത്ത് വെച്ച് ഗാന്ധിജിയെ ഓര്‍മിപ്പിക്കാനുള്ള ശ്രമം കെജ്‌രിവാള്‍ എപ്പോഴും ചെയ്തു.

എന്നാല്‍ ഗാന്ധിജി ഹിന്ദു ഫാഷിസ്റ്റുകള്‍ക്കെതിരെ കൈക്കൊണ്ട ഏറ്റവും ശക്തമായ നിലപാട്- മുസ്‌ലിം ജനത ഇന്ത്യയുടെ സ്വഭാവിക പൗരസമൂഹമാണെന്നും അവര്‍ക്കെതിരെയുള്ള ഭൂരിപക്ഷ വര്‍ഗീയതയുടെ രാഷ്ട്രവാദ നിലപാടിനൊപ്പം നില്‍ക്കില്ലെന്നും- കെജ്‌രിവാള്‍ മറന്ന് പോയി.

ദല്‍ഹിയില്‍ നിന്ന് പഞ്ചാബിലേയ്ക്ക് വളര്‍ന്നതിന്റെ കരുത്തില്‍ ഗോവയിലേയ്ക്കും മഹാരാഷ്ട്രയിലേയ്ക്കും ഗുജറാത്തിലേയ്ക്കും ഹിമാചലിലേയ്ക്കും വേരുകള്‍ പടര്‍ത്താന്‍ ആം ആദ്മി പാര്‍ട്ടി ശ്രമിക്കുന്നുണ്ട്. അടുത്ത തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസിന് ബദലായി പ്രതിപക്ഷ നിരയിലേയ്ക്ക് ആം ആദ്മി വളരുമെന്ന് പ്രതീക്ഷിക്കുന്നവര്‍ വരെയുണ്ട്.

പക്ഷേ ഇവരുടെ വളര്‍ച്ചയെ ന്യൂനപക്ഷം ഇന്ത്യയില്‍ അനുഭവിക്കുന്ന അടിച്ചമര്‍ത്തലിനോടുള്ള ഇവരുടെ നിലപാടും ഇന്ത്യന്‍ ഭരണഘടനയും മതേരത്വവും ചോദ്യം ചെയ്യപ്പെടുമ്പോഴുള്ള ഇവരുടെ നിശബ്ദതയും വെച്ച് വേണം അളക്കാന്‍. മികച്ച ഹിന്ദുത്വം തെളിയിക്കാനുള്ള ഓട്ടമത്സരമല്ല, ഇന്ത്യന്‍ മതേതരത്വത്തിന്റെ സംരക്ഷണമാണ് നാം രാഷ്ട്രീയ വേദിയില്‍ പ്രതീക്ഷിക്കുന്നത്.

ദല്‍ഹിക്ക് പുറത്തേയ്ക്കുള്ള ചൂല്‍ വ്യാപനത്തിന്റെ ഈ കാലത്തും, രാഷ്ട്രീയ സാധ്യതകള്‍ പ്രതീക്ഷിക്കുന്നവരെ നിരാശപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതും, മുസ്‌ലിം വേട്ടയുടെ ഈ ക്രൂരകാലത്ത് പ്രതിരോധത്തിന്റെ ഒരു ചെറുവിരലനക്കാന്‍ പോലും ഇവര്‍ തയ്യാറാകുന്നില്ല എന്നതാണ്. ചോരക്കറകള്‍ ഏറെയുള്ള ദല്‍ഹിയുടെ മണ്ണില്‍ ജെ.സി.ബി കൊണ്ട് ഒരു ജനതയെ തന്നെ ചതച്ചമര്‍ത്താമെന്ന് ഫാഷിസ്റ്റ് ഭരണകൂടം കരുതുമ്പോള്‍ അവിടെ പ്രവര്‍ത്തിക്കുന്ന, അവിടത്തെ ക്രമസമാധാനത്തിന്റെ ചുമതലയില്ലെങ്കിലും ജനക്ഷേമത്തിന്റെ ഉത്തരവാദിത്തമുള്ള ആം ആദ്മി സര്‍ക്കാരോ മുഖ്യമന്ത്രി കെജ്‌രിവാളോ ജനങ്ങള്‍ക്കൊപ്പം ഇല്ല.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് ശേഷം, അടുത്ത വര്‍ഷങ്ങളില്‍ നടക്കേണ്ട ദല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകളുടെ മുന്നോടിയായി വര്‍ഗീയ അഴിഞ്ഞാട്ടമാണ് സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്നത്. രാമനവമിയും ഹനുമാന്‍ ജയന്തിയും മുസ്‌ലിങ്ങള്‍ക്കെതിരെ ആക്രമണം നടത്താനുള്ള എളുപ്പവഴികളായി അവര്‍ കാണുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും ഭക്ഷണത്തിന്റെ പേരില്‍ കലാപം നടത്താന്‍ ഇവര്‍ തീരുമാനിക്കുന്നു.

ന്യൂനപക്ഷങ്ങളെ ബി.ജെ.പി സര്‍ക്കാരുകള്‍ അറസ്റ്റ് ചെയ്ത് ജയിലിലാക്കുന്നു. എന്നിട്ടും മനുഷ്യാവകാശങ്ങള്‍ ബുള്‍ഡോസ് ചെയ്യപ്പെടുമ്പോള്‍ മഹാരാഷ്ട്രയില്‍ ഹനുമാന്‍ ജയന്തി ആഘോഷിക്കാനും ഹിന്ദുവാണെന്നത് വീണ്ടുംവീണ്ടും പറഞ്ഞുറപ്പിക്കാനുമാണ് ആം ആദ്മി സംഘത്തിന് താത്പര്യം.

ഇന്ത്യന്‍ മതേതരത്വത്തെ നെടുകെ പിളര്‍ന്നുകൊണ്ട്, നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഒരു മുസ്‌ലിം പള്ളി ഹൈന്ദവ ഭീകരവാദികള്‍ തകര്‍ത്തിടുമ്പോള്‍ ആ ഭീകരര്‍ വെറുക്കപ്പെട്ട ജനതയായിരുന്നു ഇന്ത്യന്‍ പൊതുസമൂഹത്തിന്. ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമിന്ന് ആ അക്രമിക്കൂട്ടങ്ങള്‍ ഭരണവും അധികാരവും ഉള്ളവരാണ്. എത്ര ക്രൂരമായ സംഭവങ്ങളും മനുഷ്യാവകാശത്തിന്റെ കൊടും നിഷേധങ്ങളും പ്രതിഷേധശബ്ദങ്ങള്‍ പോലും ഉയരാതെ സ്വഭാവികമായി നടക്കുന്നു.

കോടതിയുടേയും ഭരണത്തിന്റേയും മറ്റ് സ്ഥാപനങ്ങളുടേയും പിന്‍ബലത്തില്‍ ബാബ്‌രി പള്ളിയിരുന്ന സ്ഥലത്ത് ക്ഷേത്രം പണിതുയര്‍ത്തുന്നു. അവരെയും അവരുടെ ജനാധിപത്യവിരുദ്ധതയേയും എതിര്‍ക്കാന്‍ ബാധ്യസ്ഥരായ ഭരണാധികാരികളുടെ നിലപാടല്ല പക്ഷേ അരവിന്ദ് കെജ്‌രിവാള്‍ കൈക്കൊണ്ടത്.

അയോധ്യയില്‍ ക്ഷേത്ര സന്ദര്‍ശനം നടത്തിയ ശേഷം കെജ്‌രിവാള്‍ പറഞ്ഞു- ”രാജ്യത്തെ എല്ലാവര്‍ക്കും ശിശുരാമന്റെ ദര്‍ശനം (അയോധ്യയിലെ രാമബിംബം ബാലനായ രാമന്റേതാണ്) നടത്താന്‍ ഭാഗ്യമുണ്ടാകട്ടെ എന്നാണ് ഞാന്‍ പ്രാര്‍ത്ഥിച്ചത്”. ഈ ശിശുരാമ വിഗ്രഹം ബാബ്‌രി പള്ളിയില്‍ 1949 ഡിസംബര്‍ 22ന് രാത്രി ഒരു കൂട്ടം ഹൈന്ദവ തീവ്രവാദികള്‍ ഇരുട്ടിന്റെ മറയില്‍ കൊണ്ടുവച്ചതാണ് എന്ന് കെജ്‌രിവാളിന് അറിയാത്തതല്ല. രാജ്യത്തെ കോടാനുകോടി മനുഷ്യര്‍ ഹൈന്ദവ വിശ്വാസികളല്ല എന്നും അദ്ദേഹം അറിയേണ്ടതാണ്.

ഇതുകൂടാതെ, മുഖ്യമന്ത്രി തീര്‍ത്ഥയാത്രാ പദ്ധതിയുടെ ഭാഗമായി അയോധ്യ യാത്രയേയും ഉള്‍പ്പെടുത്താനും ദല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. 12 തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ മുതിര്‍ന്ന പൗരര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ സന്ദര്‍ശിക്കാനുള്ള പദ്ധതിയാണത്. ഈ യാത്രാ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് കെജ്‌രിവാള്‍ പറഞ്ഞത് തന്റെ മാതാപിതാക്കളെ തോളിലേറ്റി നാല് വിശുദ്ധ തീര്‍ത്ഥങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയ പുരാണ കഥാപാത്രമായ ശ്രാവണ്‍ കുമാറിന്റെ ദൗത്യമാണ് താന്‍ നിറവേറ്റുന്നത് എന്നാണ്. അഥവാ ഹൈന്ദവ വിശ്വാസങ്ങളനുസരിച്ച് പ്രവര്‍ത്തിക്കുക എന്നത് സര്‍ക്കാരിന്റെ ദൗത്യമാണെന്ന് പറഞ്ഞുറപ്പിക്കുകയായിരുന്നു അദ്ദേഹം.

പുരി, രാമേശ്വരം, ഷിര്‍ദ്ദി, മധുര, വൃന്ദാവന്‍, ഹരിദ്വാര്‍, റിഷികേശ്, ഷിര്‍ദ്ദി, വൈഷേ്ണാദേവി, അയോധ്യ തുടങ്ങിയ ഹിന്ദുക്ഷേത്രങ്ങളും സിഖ് വിശ്വാസികള്‍ക്കായി സുവര്‍ണക്ഷേത്രം, പാകിസ്ഥാന്റെ ഭാഗമായ കര്‍ത്താര്‍പുര്‍ എന്നിങ്ങനെയുള്ള പ്രദേശങ്ങളുമാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളായ ആഗ്രയും ഫത്തേപൂര്‍ സിക്രിയും ഇതിലുള്‍പ്പെടുന്നു.

സര്‍ക്കാര്‍ ചെലവില്‍ ലക്ഷ്മി പൂജയും ദീപാവലി പൂജയും നടത്തുകയും അത് ജനങ്ങളെ ആഘോഷപൂര്‍വ്വം അറിയിക്കുന്നതിലും കെജ്‌രിവാള്‍ നിരന്തരം ശ്രദ്ധവയ്ക്കുന്നുണ്ട്. കഴിഞ്ഞ ദീപാവലികളിലൊന്നില്‍ പത്രത്തില്‍ നല്‍കിയ ഒരു മുഴുവന്‍ പേജ് പരസ്യത്തില്‍ ‘നമ്മള്‍ രണ്ട് കോടി ദല്‍ഹിക്കാരും വൈകീട്ട് ഏഴുമണിക്ക് ദീവാലി പൂജ നടത്തും. നമുക്കൊരുമിച്ച് രാമദേവനെ എതിരേല്‍ക്കാം. രാമന്റെ കൃപ എല്ലാക്കാലവും ദല്‍ഹിക്ക് ഉണ്ടാകട്ടെ.,ജയ്ശ്രീം’ എന്ന് കെജ്‌രിവാള്‍ പറയുന്നു.

ഇത് സംബന്ധിച്ച് ‘ദ വയ്ര്‍’ല്‍ എഴുതിയ ലേഖനത്തില്‍ അപൂര്‍വ്വാനന്ദും അലിഷാന്‍ ജാഫ്രിയും ചോദിക്കുന്നത്, ഒരിക്കലെങ്കിലും ‘നമുക്ക് രണ്ട് കോടി ദല്‍ഹിക്കാര്‍ക്കും ഒത്തുചേര്‍ന്ന് ഈദ് നമസ്‌കാരത്തില്‍ പങ്കുകൊള്ളാം’ എന്ന് പറയാനുള്ള ധൈര്യമോ യുക്തിയോ കെജ്‌രിവാളിനുണ്ടാമോ എന്നതാണ്. ഹിന്ദു ജീവിതമാണ് ഇന്ത്യയിലെ സര്‍വ മനുഷ്യര്‍ക്കും എന്ന ചിന്തയില്‍ പ്രവര്‍ത്തിക്കുന്നതും ബി.ജെ.പിയും തമ്മിലെന്താണ് വ്യത്യാസം? ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പില്‍ ഹിന്ദുക്കളുടെ ആധ്യാത്മിക തലസ്ഥാനമാക്കുമെന്നും രാഷ്ട്രീയക്കാരനെ അല്ല, രാജ്യസ്നേഹിയായ പട്ടാളക്കാരനെ മുഖ്യമന്ത്രിയാക്കുമെന്നും പറഞ്ഞത് ബി.ജെ.പിയല്ല, ആം ആദ്മി പാര്‍ട്ടിയാണ്.

ഷഹീന്‍ബാഗ് മുന്നേറ്റത്തെ കളങ്കപ്പെടുത്തിയും കൊവിഡ് 19 വ്യാപിക്കാന്‍ കാരണം തഗ്‌ലീബ് ജമാഅത്ത് വിശ്വാസികളാണെന്ന് കുറ്റപ്പെടുത്തിയും ബി.ജെ.പിയുടെ പിന്നണിഗായകരായി ഇവര്‍ മാറി. ദല്‍ഹിയില്‍ നടന്ന മുസ്‌ലിം വിരുദ്ധ കലാപത്തിലും ആം ആദ്മി പാര്‍ട്ടി കലാപകാരികള്‍ക്കൊപ്പമായിരുന്നു. ബജ്രംഗ്ദളിന്റെ പ്രവര്‍ത്തകന്‍ റിങ്കു ശര്‍മ കൊല്ലപ്പെട്ടത് ‘ജയ്ശ്രീ റാം’ വിളിച്ചത് കൊണ്ടാണെന്ന് അവകാശപ്പെട്ടത് ആം ആദ്മിയുടെ യുവ എം.എല്‍.എ രാഘവ് ഛദ്ദയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോലും ഇതിന്റെ രാഷ്ട്രീയ സാധ്യത തള്ളിക്കളഞ്ഞതിന് ശേഷമാണ് ഇതെന്ന് ആലോചിക്കണം.

”ജയ്ശ്രീ റാം വിളിക്കുന്നത് കൊണ്ട് കൊലപാതകങ്ങള്‍ ഉണ്ടാകുന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇന്ത്യയില്‍ ജയ്ശ്രീ റാം വിളിക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെയെവിടെയാണ് ഇത് സാധിക്കുക, പാകിസ്ഥാനിലോ?”- എന്ന് ആര്‍.എസ്.എസിനെ നാണിപ്പിക്കുന്ന വിധത്തില്‍ വര്‍ഗീയ ഭാഷ കലര്‍ത്തി സംസാരിച്ചത് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ്. ദല്‍ഹി നഗരമധ്യത്തില്‍, ജന്തര്‍മന്തറില്‍ മുസ്‌ലിം വംശഹത്യാ ആഹ്വാനം ബി.ജെ.പി നേതാക്കളുടെ സാന്നിധ്യത്തില്‍ നടത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചപ്പോഴോ ഗുഡ്ഗാവില്‍ ജുമാ നമസ്‌കാരത്തിന് നേരെ ആക്രമണം നടന്നപ്പോഴോ ആം ആദ്മി നിശബ്ദമായിരുന്നു.

മനീഷ് സിസോദിയ

ഒട്ടേറെ കൊലപാതകങ്ങള്‍ക്കും പള്ളികളുടേയും ദര്‍ഗകളുടേയും നശീകരണത്തിനും ശേഷം മുസ്‌ലിം സമുദായങ്ങളുടെ വീടുകള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും വസ്തുവഹകള്‍ക്കും നേരെ ആക്രമണം നടത്തി കോടാനുകോടി രൂപയുടെ നഷ്ടമുണ്ടാക്കുയും ചെയ്ത ശേഷമായിരുന്നു വംശഹത്യാഹ്വാനം. എന്നിട്ടും ആം ആദ്മിയുടേയോ കെജ്‌രിവാളിന്റേയോ മനസിളകിയില്ല.

പൗരത്വ ബില്ലിനെതിരെ രാജ്യം മുഴുവന്‍ ശബ്ദിച്ചപ്പോഴും അരവിന്ദ് കെജ്‌രിവാളിന് ശബ്ദമുണ്ടായില്ല. അതേസമയം ദല്‍ഹിയിലെ സ്‌ക്കൂളുകളില്‍ ‘രാജ്യസ്നേഹം’ പാഠ്യപദ്ധതിയായി ഉള്‍പ്പെടുത്താന്‍ കെജ്‌രിവാള്‍ മറന്നില്ല. ജമ്മു കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനൊപ്പം നിന്നതും കെജ്‌രിവാളും ആം ആദ്മിയും തന്നെ.

ഒരു രാജ്യത്ത്, അതിന്റെ ഭരണഘടനയിലധിഷ്ഠിതമായ അവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുമ്പോള്‍ ഒരു വിഭാഗം പൗരസമൂഹത്തെ വേറിട്ട് ഭരിക്കുമ്പോള്‍, വംശഹത്യകള്‍ക്ക് ആഹ്വാനവും ആക്രമണവും നടക്കുമ്പോള്‍, കലാപവും കൊലപാതകങ്ങളും നടക്കുമ്പോള്‍, മൗലികാവകാശങ്ങള്‍ അട്ടിമറിക്കപ്പെടുമ്പോള്‍, തന്റെ കസേരയില്‍ അള്ളിപ്പിടിച്ചിരുന്നത് മികച്ച ഭരണമാണ് നടത്തുന്നത് എന്നാര്‍ക്കാണ് അവകാശപ്പെടാന്‍ കഴിയുക? മതേതരത്വം ഈ രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയാണെന്ന്, ഈ രാഷ്ട്രത്തെ നിലനിര്‍ത്തിപ്പോരുന്ന ഒരേയൊരു ബലമാണെന്ന് തിരിച്ചറിയാത്ത ആള്‍ ഗാന്ധിജിയുടെ പിന്തുടര്‍ച്ച അവകാശപ്പെടുന്നതിലും ഭോഷ്‌കായ കാര്യമെന്താണുള്ളത്?

കോണ്‍ഗ്രസും ബി.ജെ.പിയും ഏതാണ്ട് തൊണ്ണൂറ് ശതമാനം കാര്യങ്ങളിലും ഏകസ്വഭാവമുള്ള പാര്‍ട്ടികളാണ്. കോണ്‍ഗ്രസ് എഴുപത് വര്‍ഷം കൊണ്ട് നടത്തിയതിന്റെ പത്തിരട്ടി അഴിമതി ഏഴ് വര്‍ഷം കൊണ്ട് ബി.ജെ.പി നടത്തിയിട്ടുണ്ട്. സ്വജനപക്ഷപാതം, ചൊല്‍പ്പടിക്ക് നില്‍ക്കുന്ന വ്യവസായികളുമായുള്ള ബന്ധം, മുതലാളിത്തത്തോടുള്ള സമീപനം, തൊഴിലാളികളോടും കൃഷിക്കാരോടും പിന്നാക്ക വിഭാഗങ്ങളോടുമുള്ള സമീപനം, പൊതുസമ്പത്തുകള്‍ വിറ്റുതള്ളുക, പൊതുവിദ്യാഭ്യാസത്തിനോടും ആരോഗ്യത്തോടുമുള്ള താത്പര്യമില്ലായ്മ, അതിക്രൂരവും നിര്‍ദ്ദയവുമായ നിയമങ്ങള്‍ കൊണ്ടുവന്ന് എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുക, പൊലീസ് രാജ്, ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുക, സമ്പൂര്‍ണ സ്വകാര്യവത്കരണം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനം എന്ന് വേണ്ട യോജിക്കുന്ന ഇടങ്ങളാണ് മിക്കവാറും.

ബ്രാഹ്മണിക്കല്‍ ഹിന്ദുത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുപാര്‍ട്ടികളുടേയും നിലനില്‍പ്പ്. രണ്ട് കൂട്ടരേയും തമ്മില്‍ അകറ്റുന്ന പ്രധാനപ്പെട്ട ഒരു കാര്യം ന്യൂനപക്ഷങ്ങളോടുള്ള സമീപനമാണ്. ന്യൂനപക്ഷങ്ങളേയും ഉള്‍ക്കൊള്ളുന്ന, അവരുടെ ഇടയിലും ശക്തമായ രാഷ്ട്രീയ വേരുകളുള്ള പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസ്. അതുകൊണ്ട് തന്നെ മറ്റെല്ലാ കാര്യത്തിലും ബി.ജെ.പിയാണെങ്കിലും ന്യൂനപക്ഷത്തെ പ്രത്യക്ഷത്തില്‍ തള്ളിപ്പറഞ്ഞുകൊണ്ട് അവര്‍ക്ക് നിലനില്‍ക്കാനാവില്ല. കാര്യം, കശ്മീരിലാണെങ്കിലും മറ്റിടങ്ങളിലാണെങ്കിലും ഏറ്റവുമധികം മുസ്‌ലിങ്ങളെ വിചാരണ പോലും ചെയ്യാതെ ജയിലിലടക്കുകയും പീഢിപ്പിക്കുകയും ചെയ്തതിന്റെ ചരിത്രം കോണ്‍ഗ്രസിനാണ് കൂടുതലെങ്കിലും.

കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിച്ച പ്രദേശങ്ങളില്‍, അതിനെ നിലനിര്‍ത്തിയിരുന്ന വളവും വെള്ളവും ഊറ്റിക്കുടിച്ചാണ് ആം ആദ്മി വളരുന്നത്. കോണ്‍ഗ്രസ് മൈനസ് കൊടും അഴിമതി എന്നതാണ് അവരുടെ പ്രത്യക്ഷ ആശയം തന്നെ. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന കഠിനതകളോടുള്ള പ്രതികരണങ്ങളില്‍ കോണ്‍ഗ്രസിനേക്കാള്‍ നിസംഗതയാണ് ആം ആദ്മി പാര്‍ട്ടിക്ക്. കോണ്‍ഗ്രസ് കേന്ദ്രീകൃത പാര്‍ട്ടിയല്ലാത്തതിനാല്‍ പല ശബ്ദങ്ങളും അതിപ്പോള്‍ അവശേഷിക്കുന്ന പലയിടങ്ങളില്‍ നിന്നും ഉയരും. എന്നാല്‍ കോണ്‍ഗ്രസിന്റെ നേതൃത്വമാകട്ടെ തിരിച്ച് ആം ആദ്മി പാര്‍ട്ടിക്ക് പഠിക്കുകയാണ്.

തങ്ങളില്‍ കൂടിയ ഹിന്ദുക്കളാരാണ് എന്നുള്ള ഓട്ടപ്പന്തയത്തില്‍, ബി.ജെ.പി ഓടി വിജയിച്ച ട്രാക്കില്‍ രണ്ടാം സ്ഥാനത്തിനായി ആം ആദ്മി പാര്‍ട്ടിക്ക് പിന്നില്‍ കിതച്ചു പായുകയാണ് കോണ്‍ഗ്രസ്. ഹനുമാന്‍ ചാലിസയും രാമനാമ ജപവും ബ്രാഹ്മണപൂജയും മുതല്‍ നെഹ്‌റു മുന്നോട്ട് സഞ്ചരിച്ച വഴിയിലൂടെ പിന്നാക്കമോടുന്ന നെഹ്‌റു കുടുംബ കോണ്‍ഗ്രസിന്റെ മാഞ്ഞുപോകല്‍ കൂടുതല്‍ വേഗത്തിലാക്കാനുള്ള ദൗത്യമാണ് ആം ആദ്മി പാര്‍ട്ടിക്ക് ഇനി ഇന്ത്യന്‍ ഹിന്ദുത്വത്തിന് വേണ്ടി ചെയ്യാനുള്ളത്.

ആ സഞ്ചാരവഴിയില്‍ നിന്ന് മതേതരത്വത്തിന്റെ വഴിയിലേയ്ക്ക് അവര്‍ മാറിയാല്‍ പ്രതിപക്ഷമെന്ന വാക്കിന് ഇന്ത്യയില്‍ അര്‍ത്ഥമുണ്ടാകും. അല്ലെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ പതനം കൂടുതല്‍ വേഗത്തിലാകും.

Content Highlight: Sreejith Divakaran on the politics of Aam Aadmi Party that support BJP’s Hindutva agenda

ശ്രീജിത്ത് ദിവാകരന്‍

മാധ്യമ പ്രവര്‍ത്തകന്‍, ഡൂള്‍ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more