| Saturday, 16th April 2022, 8:36 pm

രാമനാമം ചൊല്ലി ഹൈന്ദവ തീവ്രവാദികള്‍ കുലയ്ക്കുന്ന വര്‍ഗീയ വില്ലുകള്‍

ശ്രീജിത്ത് ദിവാകരന്‍

ആര്‍.എസ്.എസിന്റെ സ്ഥാപകന്‍ കേശവബലറാം ഹെഡ്ഗേവാറിന്റെ ഔദ്യോഗിക ജീവചരിത്രം ‘ഡോ.ഹെഡ്ഗേവാര്‍: യുഗസൃഷ്ടാവ്’ എഴുതിയിരിക്കുന്നത് ബി.വി. ദേശ്പാണ്ഡയും എസ്.ആര്‍. രാമസ്വാമിയും ചേര്‍ന്നാണ്. ഇതില്‍ എഴുത്തുകാര്‍ ‘ആര്‍.എസ്.എസ് സൃഷ്ടിച്ച ആദ്യത്തെ വിപ്ലവം’ വിശദമായി വിവരിക്കുന്നുണ്ട്.

1927 സെപ്റ്റംബര്‍ നാലിന് നാഗ്പൂരില്‍ ആര്‍.എസ്.എസ് നടത്തിയ ഒരു മുസ്‌ലിം വിരുദ്ധ കലാപത്തെയാണ് സംഘത്തിന്റെ ആദ്യ വിപ്ലവമായി അവര്‍ വിശേഷിപ്പിക്കുന്നത്. നാഗ്പൂരില്‍ ഹൈന്ദവ തീവ്രവാദകള്‍ വര്‍ഷങ്ങളായി സൃഷ്ടിച്ചുപോന്നിരുന്ന സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായിരുന്നു ഇത്.

മുസ്‌ലിം പള്ളികള്‍ക്ക് മുന്നിലൂടെ ഹൈന്ദവ ഭജനസംഘത്തിന്റെ ജാഥകള്‍ നിരോധിച്ചുകൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് ലംഘിച്ചുകൊണ്ട് 1923 ഒക്ടോബറില്‍ ഹിന്ദുമഹാസഭയുടെ പ്രവര്‍ത്തകര്‍, ഹെഡഗേവാറിന്റേയും ഗുരുവായ മൂഞ്ചേയുടെയും നേതൃത്വത്തില്‍, നടത്തിയ ഭജനയാത്രയില്‍ 20,000ല്‍ അധികം പേര്‍ പങ്കെടത്തുവെന്നാണ് കണക്ക്.

പള്ളികള്‍ക്ക് മുന്നിലെത്തുമ്പോള്‍ വലിയ ബാന്‍ഡ് മേളം ഉയര്‍ത്തിയും മുദ്രവാക്യം വിളിച്ചും സൃഷ്ടിച്ച ഭീതിദമായ അന്തരീക്ഷത്തിന്റെ തുടര്‍ച്ചയായി തുടര്‍ന്നുള്ള വര്‍ഷങ്ങളിലുണ്ടായ മുസ്‌ലിം സംഘാടനമാണ്, 1925ലെ ആര്‍.എസ്.എസ് രൂപവല്‍ക്കരണത്തിന് ശേഷം അവര്‍ക്ക് പ്രശ്നമായത്. 1927 സെപ്റ്റംബര്‍ നാലിന് ആരംഭിക്കുകയും മൂന്ന് ദിവസം നീണ്ടുനില്‍ക്കുകയും ചെയ്ത മുസ്‌ലിം വിരുദ്ധ കലാപത്തെ ദേശ്പാണ്ഡയും രാമസ്വാമിയും തന്നെ വിവരിക്കുന്നത് ഇപ്രകാരമാണ്.

ഹെഡ്ഗേവാര്‍

”(മുസ്‌ലിം) ജാഥാംഗങ്ങള്‍ കത്തി, ലാത്തി തുടങ്ങിയ മാരകായുധങ്ങളുമായാണ് പ്രകടനം നടത്തിയത്. അള്ളാഹു അക്ബര്‍, ദിന്‍ ദിന്‍ എന്നീ മുദ്രാവാക്യങ്ങള്‍ അന്തരീക്ഷത്തില്‍ അലയടിച്ചു. മുസ്‌ലിങ്ങളുടെ യുദ്ധത്തിനൊരുങ്ങിയെന്ന പോലുള്ള നില്‍പ് ഹിന്ദുക്കളുടെ ഹൃദയത്തില്‍ നടുക്കമുണ്ടാക്കി. എന്നാല്‍ ഏകദേശം നൂറിലധികം മാത്രമുണ്ടായിരുന്ന ആര്‍.എസ്.എസ് ചെറുപ്പക്കാര്‍ ഹിന്ദു സമൂഹത്തിനെ സംരക്ഷിക്കാന്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

ഒരു ഘട്ടത്തില്‍ മുസ്‌ലിം ഗുണ്ടകള്‍ ഹിന്ദുക്കളെ ആക്രമിക്കാനും ആക്ഷേപിക്കാനും ആരംഭിച്ചു. ഹിന്ദുക്കളാകട്ടെ നടുക്കം മാറാതെ നില്‍ക്കുകയുമായിരുന്നു. എന്നാല്‍ ജാഗ്രതയോടെ നില്‍ക്കുകയായിരുന്ന സ്വയം സേവകര്‍ ആക്രമങ്ങളെ ക്ഷണമാത്രയില്‍ പ്രതിരോധിച്ചു. ആത്യന്തികമായി ഹിന്ദുക്കള്‍ വിജയിച്ചു. നൂറുകണക്കിന് മുസ്‌ലിം ഗുണ്ടകള്‍ ആസ്പത്രിയിലായി. 10-15 പേര്‍ കൊല്ലപ്പെട്ടു. നാലഞ്ച് ഹിന്ദുക്കളും കൊല്ലപ്പെട്ടു. അതിലൊരാള്‍ ധുന്ദ്രിരാജ ലേഹ്‌ഗോവങ്കര്‍ എന്ന സ്വയം സേവകനായിരുന്നു”.

മുസ്‌ലിം പള്ളികളുടെ മുമ്പിലൂടെ 20,000ത്തോളം വരുന്ന ഹിന്ദു തീവ്രവാദികള്‍ അക്രമാസക്തമായി മുദ്രവാക്യം വിളിച്ചും ശബ്ദഘോഷങ്ങളുണ്ടാക്കിയും കളക്ടറുടെ ഉത്തരവ് ലംഘിച്ച് നടത്തിയ പ്രകടനങ്ങളോടുള്ള പ്രതികരണമായി മുസ്‌ലിങ്ങള്‍ ഒത്തുകൂടിയത് ഹിന്ദുക്കളുടെ ഹൃദയത്തില്‍ നടുക്കമുണ്ടാക്കിയെന്നാണ് ആര്‍.എസ്.എസ് തന്നെ പറയുന്നത്. ആയിരക്കണക്കിനുണ്ടായ മുസ്‌ലിങ്ങളെ നൂറിലധികം മാത്രമുണ്ടായിരുന്ന ആര്‍.എസ്.എസ് ചെറുപ്പക്കാര്‍ നേരിട്ടുവെന്നാണ് അവകാശവാദം.

എന്നിട്ടും നൂറുകണക്കിന് മുസ്‌ലിങ്ങള്‍ ആസ്പത്രിയിലാവുകയും 15 പേര്‍ കൊല്ലപ്പെടുകയും ചെയ്തുവത്രെ. അതില്‍ തന്നെ പത്തുപേരും മുസ്‌ലിങ്ങളുമായിരുന്നു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ മാത്രമായിരുന്നു ആര്‍.എസ്.എസുകാരന്‍. എങ്ങനെയാണ് ഒരു വസ്തുതകള്‍ പോലും വിവരിച്ചതിന് ശേഷം നുണകള്‍ കൊണ്ട് ചരിത്രത്തെ വ്യാഖ്യാനിക്കാന്‍ ഹൈന്ദവതീവ്രവാദം ശ്രമിക്കുന്നത് എന്നതിന് ഒരു ഉദാഹരണം മാത്രമാണ് ഇത്.

സമൂഹത്തില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍, ഹൈന്ദവ വിശ്വാസികള്‍ പുണ്യദിനങ്ങള്‍ എന്ന് കരുതുന്ന ദിവസങ്ങള്‍ തെരഞ്ഞെടുക്കുക എന്നത് 2014ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്ന ശേഷം സംഘപരിവാര്‍ ആരംഭിച്ചതല്ല എന്നും അവരുടെ ചോരക്കറപുരണ്ട ചരിത്രത്തിലുടനീളം ഇത് കാണാമെന്നും പറയാനാണ് ഇത് ചൂണ്ടിക്കാണിച്ചത്.

രാമനവമി നാളില്‍ ആര്‍.എസ്.എസ് കലാപം അഴിച്ചുവിടുന്നതും ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമല്ല. 1979ല്‍ അവിഭക്ത ബീഹാറിലെ ജംഷഡ്പൂരില്‍ ആര്‍.എസ്.എസ് നടത്തിയ കലാപത്തില്‍ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. ജംഷഡ്പൂരില്‍ ജീവിതസാഹചര്യങ്ങള്‍ കൊണ്ടും സാമൂഹിക നിലകൊണ്ടും ഒരുപോലെയുള്ള പല ആദിവാസി ബസ്തികളും മുസ്‌ലിം ബസ്തികളും സമീപങ്ങളിലായാണ് നിലകൊള്ളുന്നത്. ദാരിദ്ര്യം, സാമൂഹിക പിന്നാക്കാവസ്ഥ എന്നിവയില്‍ തുല്യനിലയിലുള്ള സമൂഹങ്ങളാണിവ.

1964 മുതല്‍ ആദിവാസികളെ ഹിന്ദുവല്‍കരിക്കാന്‍ വനവാസി കല്യാണ്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ ആര്‍.എസ്.എസ് തുടര്‍ച്ചയായ ശ്രമങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. പതുക്കെപതുക്കെ ഹിന്ദു ദൈവങ്ങളുടെ പ്രതിഷ്ഠകളും ഹൈന്ദവാചാരങ്ങളും ആദിവാസി സമൂഹങ്ങളില്‍ വ്യാപിക്കാന്‍ തുടങ്ങി. അതിന്റെ ഭാഗമായി 1978ല്‍ രാമനവമി ഘോഷയാത്ര ദിംനാബസ്തി എന്ന ആദിവാസി മേഖലയില്‍ നിന്ന് ആരംഭിക്കാന്‍ ആര്‍.എസ്.എസ് പദ്ധതിയിട്ടു. ആദ്യമായിട്ടായിരുന്നു അങ്ങനെയൊന്ന്.

പക്ഷേ സംഘാടകര്‍ക്ക് മറ്റ് ലക്ഷ്യങ്ങളുമുണ്ടായിരുന്നു. ശബീര്‍ നഗര്‍ എന്ന സമീപസ്ഥ മുസ്‌ലിം ബസ്തിയിലൂടെ വേണം രാമനവമി ഘോഷയാത്ര കടന്നുപോകാന്‍ എന്ന് അവര്‍ തീരുമാനിച്ചു. എന്നാല്‍ ജില്ലാ ഭരണാധികാരികള്‍ ശബീര്‍ നഗറിലൂടെ രാമനവമി ഘോഷയാത്ര പോകുന്നത് നിരോധിച്ചു. തുടര്‍ന്നുള്ള ഒരു വര്‍ഷം മുസ്‌ലിം വിരുദ്ധ വര്‍ഗീയ പ്രചരണത്തിനായി ആര്‍.എസ്.എസ് ഉപയോഗിച്ചു.

രാമനവമി ഘോഷയാത്ര

ഹിന്ദുക്കളുടെ രാജ്യത്ത് അവര്‍ക്ക് ഒരു മതഘോഷയാത്ര പോലും നടത്താന്‍ കഴിയുന്നില്ല, എന്നായിരുന്നു ഈ പ്രചാരണത്തിന്റെ അടിസ്ഥാനം. ജില്ലാ ഭരണകൂടവും ശബീര്‍ നഗറിലേയും മറ്റും മുസ്‌ലിം സംഘടനകളും രാമനവമി ഘോഷയാത്രയ്ക്ക് ബദല്‍ മാര്‍ഗം നിര്‍ദേശിച്ചുവെങ്കിലും ആര്‍.എസ്.എസ് അത് ചെവിക്കൊണ്ടില്ല.

അടുത്ത വര്‍ഷത്തെ രാമനവമി ആഘോഷത്തിന്റെ സമയത്ത്, 1971 ഏപ്രില്‍ ഒന്നിന്, ആര്‍.എസ്.എസ് മേധാവി മധുകര്‍ ദത്താത്രേയ ദേവദര്‍ശ് നേരിട്ട് ജംഷഡ്പൂരിലെത്തി. പത്ത് ദിവസത്തിനകം മുസ്‌ലിം വിരുദ്ധ കലാപം ആരംഭിച്ചു. ഈ കലാപത്തെകുറിച്ച് അന്വേഷിച്ച ജിതേന്ദ്ര നാരായണന്‍ കമ്മീഷന്‍ സംശയങ്ങള്‍ക്ക് ഇടയില്ലാതെ പറയുന്നത്, ആര്‍.എസ്.എസ് മേധാവിയുടെ വര്‍ഗീയവിഷം ചീറ്റുന്ന പ്രസംഗം കലാപത്തിന് കാരണമായി എന്നാണ്. രാമനവമി ഘോഷയാത്ര മുസ്‌ലിം ബസ്തിയിലൂടെ തന്നെ കടന്നുപോകണമെന്ന് ദേവദര്‍ശ് വാശിപിടിച്ചു. തുടര്‍ന്ന് സമീപപ്രദേശങ്ങളില്‍ രാമനവമി ക്യാമ്പുകള്‍ ആര്‍.എസ്.എസ് ആരംഭിക്കുകയും വിവിധയിടങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ കലാപത്തിന് തയ്യാറായി ഇവിടെ പാര്‍ക്കുകയും ചെയ്തു.

1979 ഏപ്രില്‍ ഏഴിന് ശ്രീ രാമനവമി കേന്ദ്രീയ അഘാഡ സമിതി എന്ന ആര്‍.എസ്.എസ് സംഘടന പുറത്തിറക്കിയ ലഘുലേഖ വര്‍ഗീയ കലാപത്തിന്റെ പ്രഖ്യാപനം മാത്രമല്ല, അത് എങ്ങനെ എപ്പോള്‍ നടത്തണമെന്നതിന്റെ വിശദാംശങ്ങള്‍ അടങ്ങിയതുമായിരുന്നു. ഏപ്രില്‍ 11ന് ദിംനാബസ്തിയില്‍ നിന്ന് രാവിലെ ആരംഭിച്ച പ്രകടനം ശബീര്‍നഗറിലൂടെ തന്നെ കടന്നുപോയി. വളരെ കുറച്ചുപേര്‍ മാത്രം പങ്കെടുത്ത ആ ഘോഷയാത്രക്ക് അകമ്പടിയായി ജില്ലാ ഭരണകൂടവും പ്രദേശത്തെ സമാധാനപ്രിയരായ മുസ്‌ലിം സമൂഹവും സഞ്ചരിച്ചതോടെ യാതൊരു അനിഷ്ട സംഭവവുമില്ലാതെ ശബീര്‍നഗര്‍ കടന്ന് അവര്‍ സുരക്ഷിതമായി പ്രധാന നിരത്തിലെത്തി.

എന്നാല്‍ അപ്പോഴേക്കും വിവിധ പ്രദേശങ്ങളില്‍ നിന്ന് ആര്‍.എസ്.എസ് നേതൃത്വം നല്‍കിയ രാമനവമി ഘോഷയാത്രകള്‍ അവിടെ സംഘടിച്ചെത്തി ഒരു മുസ്‌ലിം പള്ളിക്ക് മുന്നില്‍ തടിച്ചുകൂടി. ഏകദേശം 15,000ത്തോളം വരുന്ന ആ സംഘം പിരിഞ്ഞ് പോകണമെങ്കില്‍ മുന്‍കാലങ്ങളില്‍ കലാപത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട മുഴുവന്‍ ഹിന്ദുക്കളേയും വിട്ടയക്കണമെന്ന് പ്രദേശിക എം.എല്‍.എ ദീനനാഥ് പാണ്ഡെ ആവശ്യപ്പെട്ടു. അതിന് സമയമെടുക്കുമെന്ന് ജില്ലാ ഭരണകൂടം പറഞ്ഞുവെങ്കിലും സംഘപരിവാര്‍ വഴങ്ങിയില്ല. അവിടെ നിന്ന് കലാപം പൊട്ടിപ്പുറപ്പെടുകയും 108 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ആയിരക്കണക്കിന് വീടുകള്‍ കൊള്ളയടിക്കപ്പെട്ടു.

ഹിന്ദുക്കള്‍ തിങ്ങിനിറഞ്ഞ ബാവുള്‍ബാസ എന്ന പ്രദേശത്ത് നിന്ന് മുസ്‌ലിങ്ങളെ രക്ഷിക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറാക്കിയ വാഹന വ്യൂഹങ്ങളിലൊന്ന് കലാപകാരികള്‍ അഗ്‌നിക്കിരയാക്കിയതാണ് അതിലേറ്റവും വലിയ ക്രൂരത. ആക്രമിച്ച് പ്രധാന നിരത്തില്‍ നിന്ന് വഴിമാറ്റിയ വാഹനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ തീ കൊളുത്തുകയായിരുന്നു ക്രൂരരായ കലാപകാരികള്‍.

60 സ്ത്രീകളും കുഞ്ഞുങ്ങളുമുണ്ടായിരുന്ന ആ വാഹനത്തില്‍ നിന്ന് ദുരന്തത്തിന്റെ ചിത്രം വിവരിക്കാന്‍ അധികം പേരൊന്നും ജീവനോടെ രക്ഷപ്പെട്ടില്ല. സാകി അന്‍വര്‍ എന്ന ഗാന്ധിയന്റെ മരണവും ഈ കലാപകാലത്ത് ധാരാളം ചര്‍ച്ച ചെയ്യപ്പെട്ടതാണ്. സമാധാനത്തിന് വേണ്ടി നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ച സാകി അന്‍വര്‍ ഹിന്ദുക്കളുടെ കോളനിക്ക് നടുവിലായിരുന്നു താമസിച്ചിരുന്നത്. അവിടെ നിന്ന് മാറി താമസിക്കാന്‍ അദ്ദേഹം തയ്യാറായില്ല. കലാപത്തില്‍ ഈ ഗാന്ധിയനും കൊല ചെയ്യപ്പെട്ടു.

ഇത് വായിക്കുമ്പോള്‍ 2002ല്‍ ഗുജറാത്തില്‍ നടന്ന കാര്യങ്ങള്‍ ഓര്‍മ വന്നുവോ? നരോദ പാട്യയില്‍ നിന്നും ഗുല്‍ബര്‍ഗ ഹൗസിങ് സൊസൈറ്റിയില്‍ നിന്നും നാം കേട്ട കഥകള്‍? ജംഷഡ്പൂരില്‍ നടന്ന സംഭവങ്ങള്‍ക്ക് രണ്ട് പതിറ്റാണ്ടിന് ശേഷമായിരുന്നു ഗുജറാത്ത് കലാപങ്ങള്‍. അതിനും രണ്ട് പതിറ്റാണ്ട് ശേഷമുള്ള ഒരു രാമനവമി നാളില്‍ മധ്യപ്രദേശിലെ ഖാര്‍ഗാവ് ജില്ലയില്‍ സംഭവിച്ചതായിരുന്നു അവസാനം നമ്മള്‍ കേട്ടത്.

ഖാര്‍ഗാവ് ജില്ലയിലെ തലാബ് ചൗക്കിനടുത്ത തവ്ദി മൊഹല്ലയില്‍ രാമനവമി ഘോഷയാത്രകള്‍ തന്റെ വീടിന്റെ മൂന്നാം നിലയില്‍ നിന്ന് കണ്ടുനില്‍ക്കുകയായിരുന്നു പൊലീസില്‍ നിന്ന് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറായി വിരമിച്ച നാസില്‍ അഹ്മദ് ഖാന്‍ എന്ന അറുപത്തിമൂന്നുകാരന്‍ ഇക്കഴിഞ്ഞ ഏപ്രില്‍ പത്തിന്.

ഘോഷയാത്രകള്‍ കലാപങ്ങളായി മാറി ഒരോ ബസ്തികളിലേക്കും ചെറുവഴികളിലേക്കും പ്രവേശിക്കുന്നത് നോക്കിനില്‍ക്കേ തന്റെ പരിസരങ്ങളിലും കല്ലേറാരംഭിച്ചത് അദ്ദേഹം കണ്ടു. ദ് വയര്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു: ”എന്റെ അയല്‍ക്കാരായ അനില്‍ പട്ടേലിന്റേയും ഗണേശ് വര്‍മയുടേയും നേതൃത്വത്തില്‍ ഏതാണ്ട് അന്‍പതോളം വരുന്ന അയല്‍ക്കാര്‍ എന്റെ വീടിന് നേരെ കല്ലെറിയാനും വംശീയമായി അധിക്ഷേപിക്കാനും ആരംഭിച്ചു.

ഞാന്‍ അനിലിന് നേരെ ഒച്ചവെച്ചുകൊണ്ട് ചോദിച്ചു, നീയെന്താണീ ചെയ്യണത് നമ്മള്‍ അയല്‍ക്കാരല്ലേ, എന്ന്. കുറച്ച് കഴിഞ്ഞപ്പോള്‍ അനിലിന്റെ ഭാര്യയും ഈ ആള്‍ക്കൂട്ടത്തിനൊപ്പം ചേര്‍ന്നു. അവള്‍ പറഞ്ഞു, ‘ഈ തെരുവില് ഒരൊറ്റ മുസ്‌ലിമേ ഉള്ളൂ. നമുക്കിയാളെ അവന്റെ വീടിന്റൊപ്പം ചുട്ട് കരിക്കണം,’ എന്ന്.” സംഘപരിവാറിലെ ബജ്രംഗ് ദള്‍ ഘടകത്തിന്റെ പ്രവര്‍ത്തകനാണ് അനില്‍.

ഈ ഏപ്രില്‍ പത്തിന് കോത്വാലി പൊലീസ് സ്റ്റേഷനില്‍ നാസില്‍ നല്‍കിയ വിശദമായ പരാതിയില്‍ തുടര്‍ന്നുള്ള ഭീകരസംഭവങ്ങള്‍ വിവരിക്കുന്നുണ്ട്. അയല്‍ക്കാരുടെ വീടിന് മുകളില്‍ നിന്ന് തുടര്‍ച്ചയായി പ്രെട്രോള്‍ ബോംബുകള്‍ അയല്‍പക്കത്തെ 20 വയസുള്ള ഒരു പയ്യന്റെ നേതൃത്വത്തില്‍ എറിഞ്ഞത്, വീടിന്റെ മതില്‍ ചാടിക്കടന്ന് അകത്തെത്തിയ സംഘം മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകള്‍ കത്തിച്ചത്, തുടര്‍ന്ന് കെട്ടിടത്തിന് തീ വെച്ചത്. പൊലീസ് സമയത്ത് എത്തിയതുകൊണ്ട് മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത് എന്ന് അദ്ദേഹം പറയുന്നു.

ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ ഈ രാമനവമിക്ക്, ഏപ്രില്‍ പത്തിന് നടന്ന, മുസ്‌ലിം വിരുദ്ധ കലാപങ്ങളില്‍ ആര്‍.എസ്.എസിന്റെ ഈ പ്രവര്‍ത്തനരീതി ആവര്‍ത്തിക്കുന്നത് കാണാം. ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്ന് മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് നടത്തുന്ന റാലികള്‍, അതില്‍ വലിയ തോതിലുള്ള വംശീയ അധിക്ഷേപവും വെല്ലുവിളികളും. അതിനോട് ചെറുതായാണെങ്കില്‍ പോലും എന്തെങ്കിലും പ്രതികരണമുണ്ടായാല്‍ ആക്രമണം.

അതുപോലെ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളില്‍ ജീവിക്കുന്ന മുസ്‌ലിങ്ങളുടെ വീടുകള്‍ക്ക് നേരെ ആക്രമണം. ഇതാകട്ടെ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ഹിന്ദു സമൂഹങ്ങളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. അവരുമായി സാമൂഹികമായി ഒരുമിച്ച് നില്‍ക്കുന്ന, ഒരേ ശ്രേണിയിലുള്ള മുസ്‌ലിങ്ങളെയാണ് ഇവര്‍ ആക്രമിക്കുന്നത്. ഇത് 40 വര്‍ഷം മുമ്പ് ജംഷഡ്പൂരിലും 20 വര്‍ഷം മുമ്പ് ഗുജറാത്തിലും ആവര്‍ത്തിച്ചതുമാണ്.

വടക്കന്‍ ഗുജറാത്തിലെ സബര്‍കാന്ത ജില്ലിയിലെ ഹിമ്മത് നഗര്‍ പട്ടണത്തില്‍ നിന്ന് ഈ രാമനവമിക്ക് വാളും മറ്റ് മാരകായുധങ്ങളുമായി പ്രകടനം നടത്തിയ സംഘപരിവാര്‍ സംഘം രണ്ട് ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളായ ശക്തി നഗറിനും മഹാവീര്‍ നഗറിനും ഇടയില്‍ സ്ഥിതിചെയ്യുന്ന അഷ്റഫ് നഗറിലേയ്ക്ക് ഒരു പ്രകോപനവുമില്ലാതെ പ്രവേശിച്ച്, അവിടത്തെ മുസ്‌ലിങ്ങളെ വെല്ലുവിളിക്കുകയായിരുന്നു. ബജ്രംഗ് ദളും വിശ്വഹിന്ദു പരിഷത്തുമായിരുന്നു ഇതിന് പിന്നില്‍.

ഇത് കല്ലേറിലേക്കും തീവെപ്പിലേക്കും പ്രവേശിച്ചു. മുസ്‌ലിങ്ങളുടെ വീടുകളും കടകളും തീവെക്കുക, പള്ളികളും ദര്‍ഗകളും ആക്രമിക്കുക എന്നിവ പദ്ധതിയിട്ടാണ് ഇവര്‍ വരുന്നത് തന്നെ. ഇവിടങ്ങളിലെല്ലാം, അഷ്റഫ് നഗറിലും മധ്യപ്രദേശിലെ ഖാര്‍ഗാവിലും രാജസ്ഥാനിലെ കരൗളിയിലുമെല്ലാം മുസ്‌ലിങ്ങള്‍ക്ക് നേരെയാണ് പൊലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും.

മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ നാസില്‍ അഹ്മദ് ഖാന്റെ പരാതിയുടെ പുറത്ത് പോലും മധ്യപ്രദേശ് പൊലീസ് കേസെടുക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ ഇതിനോട് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെ കേസെടുക്കാന്‍ ബി.ജെ.പി പൊലീസ് മറന്നിട്ടില്ല. ഗുജറാത്തിലെ ഖമ്പാട്ടില്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ കേസെടുക്കുക മാത്രമല്ല, അവരുടെ വസതികള്‍ ജില്ലാ ഭരണകൂടം തകര്‍ക്കുകയും ചെയ്തു. ഇവര്‍ പുറമ്പോക്കിലാണ് താമസിക്കുന്നതെന്ന പേരിലാണ് ഇത്.

ഈ മൂന്ന് സംസ്ഥാനങ്ങള്‍ക്കും ഒരു പ്രത്യേകത കൂടിയുണ്ട്. അടുത്ത് തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളാണവ. കഴിഞ്ഞതവണ തന്നെ രാജസ്ഥാനും മധ്യപ്രദേശും ബി.ജെ.പിക്ക് നഷ്ടപ്പെട്ടതാണ്. കുതിരക്കച്ചവടം നടത്തിയാണ് മധ്യപ്രദേശ് അവര്‍ പിടിച്ചത്. ഗുജറാത്തിലാകട്ടെ ബി.ജെ.പിക്കെതിരെ ആം ആദ്മി പാര്‍ട്ടി വലിയ സംഘാടനമാണ് നടത്തുന്നത്.

വീണ്ടുംവീണ്ടും വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിച്ച് പിന്നാക്ക വിഭാഗം ഹിന്ദുക്കളെ തങ്ങള്‍ക്കൊപ്പം നിര്‍ത്തുക എന്ന ദീര്‍ഘകാലമായി നടത്തിപ്പോരുന്ന അജണ്ട തന്നെയാണ് സംഘപരിവാര്‍ ഈ സംസ്ഥാനങ്ങളിലും നടത്തുന്നത്. ഹിമ്മത് നഗറിലും ഖമ്പാട്ടിലും ബി.ജെ.പി ഇപ്പോള്‍ മണ്ഡലം നിലനിര്‍ത്തുന്നത് 2000ല്‍ താഴെ വോട്ടുകള്‍ക്കാണ്. അതിനൊപ്പം ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകാലശാലയുടെ ഹോസ്റ്റലില്‍ ആക്രമണം നടത്തി ദേശീയ ശ്രദ്ധയിലും രാമന്റെ പേരിലുള്ള ഹൈന്ദവ സംഘാടനം വാര്‍ത്തയാക്കുകയും അവര്‍ ചെയ്യുന്നു. ഇന്ത്യ റ്റുഡേ പോലുള്ള മാധ്യമങ്ങള്‍, ആക്രമണം നടത്തിയ എ.ബി.വി.പിയുടെ നേതാക്കള്‍ക്ക് തന്നെ, അവര്‍ ആക്രമിക്കപ്പെടുകയായിരുന്നുവെന്നുള്ള തരത്തില്‍ ലേഖനം എഴുതാനുള്ള അവസരങ്ങളും നല്‍കുന്നു.

ഹോളിയുടെ സമയത്ത് തന്നെ ഈ പ്രദേശങ്ങളിലെല്ലാം നടന്ന ആക്രമണങ്ങള്‍ സംഘപരിവാര്‍ ആക്രമിച്ചതാണ്. വിശുദ്ധ റംസാന്‍ മാസാചാരണ കാലത്ത് ഈ ആക്രമണങ്ങളും വിദ്വേഷ പ്രസംഗങ്ങളും ആക്ഷേപങ്ങളും അധിക്ഷേപങ്ങളും കൂടുതല്‍ വൈകാരികമായി വ്യാഖ്യാനിക്കപ്പെടുമെന്നും അവര്‍ക്കറിയാം. ഒരേ സാമൂഹിക ഘടനക്കകത്ത് നില്‍ക്കുന്ന വിഭാഗങ്ങളെ പരസ്പരം എതിരാളികളാക്കി മാറ്റുന്നതോടെ, സാമൂഹിക- സാമ്പത്തിക മേഖലകളില്‍ കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്ന ജനവിരുദ്ധ നയങ്ങളും മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നിലപാടുകളും തെരഞ്ഞെടുപ്പില്‍ ദരിദ്രരും പിന്നാക്കക്കാരുമായുള്ള ഇരകളെ സംഘടിതരാക്കുന്നതില്‍ നിന്ന് തടയുമെന്ന് അവര്‍ക്കറിയാം.

വര്‍ഗീയമായ ചേരിതിരിവുകളിലൂടെ, പണപ്പെരുപ്പത്തിന്റെയും വിലക്കയറ്റത്തിന്റെയും പെട്രോളിയം വിലവര്‍ധനയുടെയും തൊഴിലില്ലായ്മയുടെയും സ്വകാര്യവല്‍കരണത്തിന്റെയും തിക്തഫലങ്ങള്‍ അനുഭവിക്കുന്ന മനുഷ്യരെ, ഒറ്റക്കെട്ടായി സര്‍ക്കാരിനെതിരെ തിരിയുന്നതില്‍ നിന്ന് അകറ്റിനിര്‍ത്തുക എന്നത് കഴിഞ്ഞ പത്ത് വര്‍ഷത്തിന് മീതെയായി ഇന്ത്യന്‍ ജനതക്ക് മേല്‍ സംഘപരിവാര്‍ വിജയകരമായി നടപ്പിലാക്കി വരുന്ന വിദ്യയാണ്.

ഒരു രാമനാമത്തിലും പൗരുഷവീരാഹ്വാനത്തിലും അന്യമതവിദ്വേഷത്തിലും ഇവര്‍ക്ക് ഇനിയും അത് സാധിക്കും; പാവപ്പെട്ട ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ ഒരു രാഷ്ട്രീയ നേതൃത്വം ഉണ്ടായിവരുന്നിടത്തോളം കാലം. അക്കാലമെത്തുന്നത് വരെ രാമന്റെ പേരില്‍ മനുഷ്യര്‍ കൊല്ലപ്പെട്ടുകൊണ്ടേയിരിക്കും. മനുഷ്യര്‍ പരസ്പരം അകന്നുകൊണ്ടും.

Content Highlight: Sreejith Divakaran on RSS- Sanghparivar attack on Muslims during Ram Navami celebrations

ശ്രീജിത്ത് ദിവാകരന്‍

മാധ്യമ പ്രവര്‍ത്തകന്‍, ഡൂള്‍ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more