| Sunday, 29th December 2019, 11:33 am

ചരിത്രമറിയുന്ന ഇര്‍ഫാന്‍ ഹബീബ് ക്ഷോഭിക്കും; കാരണം അയാള്‍ മനുഷ്യനാണ്, മുസ്‌ലീമാണ്, സര്‍വ്വോപരി മാര്‍ക്‌സിസ്റ്റാണ്

ശ്രീജിത്ത് ദിവാകരന്‍

ഗവര്‍ണറുടെ പ്രസംഗം തടസപ്പെടുത്തി എന്ന എമണ്ടന്‍ തലക്കെട്ടില്‍ ‘പാഞ്ഞെടുത്ത് ഇര്‍ഫാന്‍ ഹബീബ്, ക്ഷോഭിച്ച് ഇര്‍ഫാന്‍ ഹബീബ്’ എന്നൊക്കെ സബ് ഹെഡ്ഡിങിസ് ഉണ്ട്.

നെഗറ്റീവ് ഇംപാക്റ്റിനായാണ് കൊടുത്തിരിക്കുന്നതെങ്കിലും വായിക്കുമ്പോ രോമാഞ്ചം വരും.

തൊണ്ണൂറ് വയസില്‍ ആ മനുഷ്യന്‍ ക്ഷോഭിക്കും; പാഞ്ഞടുക്കും. കാരണം അദ്ദേഹം ലോകത്തിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട ചരിത്രകാരന്മാരില്‍ ഒരാളാണ് എന്നത് മാത്രമല്ല; ഇന്ത്യയെന്ന ദേശത്തെ, മതേതരത്വത്തെ, ജനാധിപത്യത്തെ ഒറ്റുകൊടുക്കുന്ന മനുഷ്യരേയും സംഘടനകളേയും ധാരാളം കണ്ടിട്ടുണ്ട്. ഈ രാജ്യത്തിന്റെ ചരിത്രം നന്നായി അറിയാം. സംഘ പരിവാറിനെ, അവരുടെ വിഷ-വിദ്വേഷ ചരിത്രത്തെ അറിയാം.

ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് പതിറ്റാണ്ടുകളായി ഇര്‍ഫാന്‍ ഹബീബ് ജീവിക്കുന്നത്. അവിടത്തെ മനുഷ്യരുടെ ജീവിതം, മുസ്ലീം ജനതയുടെ ജീവിതം അറിയാം. ആ ജനതയെ ഒറ്റുകൊടുത്തതിന്റെ പ്രതിഫലമായി ലഭിച്ച ഗവര്‍ണര്‍ സ്ഥാനത്തിരിക്കുന്ന മറ്റൊരു ഉത്തര്‍പ്രദേശുകാരനെ നന്നായറിയാം. അയാള്‍ കൂടി പിന്തുണയ്ക്കുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മൂന്നരക്കോടിയോളം വരുന്ന അവിടത്തെ മുസ്ലീങ്ങളെ മനുഷ്യരായി പോലും പരിഗണിക്കാതെ ഭീഷണിപ്പെടുത്തുമ്പോള്‍ ഒരുളുപ്പുമില്ലാതെ അധികാരത്തിന്റെ ശീതളിമയില്‍ രാജ്ഭവനിലെ അയാളുടെ വാസമറിയാം.

ഗവര്‍ണറുടെ അധികാരം പറഞ്ഞ് ഇര്‍ഫാന്‍ ഹബീബിനെ വിരട്ടരുത്. ഒന്നാം യു പി.എ കാലത്ത് ഭരണപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടും ഈ രാജ്യത്തെ രണ്ടാമത്തെ പരമോന്നത പദവി, ഉപരാഷ്ട്രപതി സ്ഥാനം, വിനയപൂര്‍വ്വം നിരസിച്ചയാളാണ്.

അയാള്‍ക്ക് ക്ഷോഭം വരും; കാരണം അയാള്‍ക്ക് ചരിത്രമറിയാം. മനുഷ്യനാണ്, മുസ്ലീമാണ്. സര്‍വ്വോപരി മാര്‍ക്‌സിസ്റ്റാണ്.

ആ മനുഷ്യന്‍ തൊണ്ണൂറാം വയസിലും ജനാധിപത്യ വിശ്വാസികള്‍ക്ക് ഹീറോയാണ്. ആ പാഞ്ഞടുക്കല്‍ കണ്ടാല്‍, ക്ഷോഭം കണ്ടാല്‍ ഞങ്ങള്‍ക്ക് രോമാഞ്ചം വരും. ഒറ്റുകാര്‍ക്കും അവര്‍ക്കൊത്താശ പാടി കൊഴുത്തവര്‍ക്കും ചൊറിച്ചിലും.

അത് സ്വാഭാവികമാണ്.

ശ്രീജിത്ത് ദിവാകരന്‍

മാധ്യമ പ്രവര്‍ത്തകന്‍, ഡൂള്‍ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more