2009 ലോകസഭ തിരഞ്ഞെടുപ്പ് ജയിച്ച്, യു.പി.എ രണ്ടാം സര്‍ക്കാരുണ്ടാക്കി, അധികാരത്തില്‍ വരാന്‍ കോണ്‍ഗ്രസിനെ തുണച്ചത് ആന്ധ്രപ്രദേശായിരുന്നു. ഒട്ടേറെ പുതുമുഖങ്ങള്‍ അന്ന് ആന്ധ്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാരായി എത്തിയിരുന്നു. കേരളത്തില്‍ നിന്നും എം.ബി.രാജേഷും പി.കെ.ബിജുവമടക്കമുള്ള പുതുമുഖങ്ങളുമുണ്ട്. ആ ലോകസഭയുടെ ആദ്യ സമ്മേളനത്തിലെ ആദ്യദിവസങ്ങളില്‍ അംഗങ്ങള്‍ പരസ്പരം പരിചയപ്പെടുന്നതിന്റെ ഭാഗമായി ആന്ധ്രയില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് നേതാവ്, ഒരു കപ്പടാ മീശക്കാരന്‍-പേരു മറന്നു, രാജേഷിനോട് വരാന്തയില്‍ സംസാരിക്കുന്നത് കണ്ടു. രാജേഷ് വലിയ ചിരിയോടെയാണ് ജേര്‍ണലിസ്റ്റുകള്‍ നില്‍ക്കുന്ന കോര്‍ണറിലേയ്ക്ക് വന്നത്. ആന്ധ്രയില്‍ നിന്നുള്ള പുതുമുഖ എം.പി കേരളത്തിലെ ഒരു അവസ്ഥ മനസിലാക്കാന്‍ എം.ബി.രാജേഷിനോട് തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്ര രൂപ ചെലവായി എന്നു ചോദിക്കുകയായിരുന്നു. രാജേഷ് സ്വഭാവികമായും അത് ജില്ല കമ്മിറ്റിയോട് അന്വേഷിക്കണം, അത് വൈകാതെ കമ്മിറ്റിയില്‍ വയ്ക്കും എന്നോ മറ്റോ പറഞ്ഞു. അദ്ദേഹം അമ്പരപ്പോടെ അതല്ല, വ്യക്തിപരമായി എത്ര രൂപ ചെലവായി എന്നാണ് ചോദിച്ചത് എന്നു വീണ്ടും.
രാജേഷ് ആലോചനയോടെ ഏതോ ദിവസം ഏതോ കവലയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നിര്‍ത്തിയപ്പോള്‍ ചായക്കടയില്‍ പൈസ കൊടുത്തത് ഞാനാണെന്ന് തോന്നുന്നു, നൂറോ നൂറ്റിയിരുപത്തിയഞ്ചോ മറ്റോ ആയിക്കാണും. മറ്റെല്ലാം പാര്‍ട്ടിയാണ് ചെലവഴിച്ചിരിക്കുന്നത് എന്ന് മറുപടി പറഞ്ഞു. ആന്ധ്രാക്കാരന്‍ നേതാവിന് വിശ്വസിക്കാനാവുന്നില്ല. സ്വന്തം കൈയ്യില്‍ നിന്ന് പത്തുകോടിയിലേറെ ചെലവഴിച്ചിട്ടാണത്രേ അദ്ദേഹം തിരഞ്ഞെടുപ്പ് ജയിച്ചത്.
പത്തുകോടി രൂപയിലേറെ സ്വന്തം പോക്കറ്റില്‍ നിന്ന് ചെലവഴിച്ച് ഇലക്ഷന്‍ ജയിക്കുന്നയാള്‍ക്ക് വലിയ ആത്മവിശ്വാസം ഉണ്ടാകില്ലേ, അത് വ്യക്തിപരമായി തന്നെ തിരിച്ചു പിടിക്കാമെന്ന്? യു.പി.എ ഭരണ കാലം അഴിമതിയുടെ അന്തമില്ലാത്ത പ്രകടനമായിരുന്നു. അതിന്റെ കൂടെ കടുംനിരാശയിലാണ് പത്തുകൊല്ലശേഷം ബി.ജെ.പിക്ക് ഉത്തരേന്ത്യ ഒന്നടങ്കം വോട്ടു ചെയ്തത്. ആന്ധ്രയൊക്കെ അപ്പോഴേയ്ക്കും കൈവിട്ട് പോയിരുന്നു.
****
ഇന്ത്യയില്‍ പതിറ്റാണ്ടുകളായി സര്‍ക്കാരിതര സംഘടനാ പ്രവര്‍ത്തന രംഗത്ത് നിര്‍ണ്ണായകമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള, ജോണ്‍ സാമുവേല്‍ എന്ന ജെ.എസ് അടൂര്‍ ഫേസ്ബുക്കിലൂടെ ആലത്തൂരെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് പോസ്റ്റിടുകയും അത് വൈറലാവുകയും ചെയ്തുവെന്ന വാര്‍ത്തകള്‍ വായിച്ചപ്പോഴാണ് ഇതോര്‍മ്മ വന്നത്.
“”ഈ തിരഞ്ഞെടുപ്പില്‍ അടിസ്ഥാന തലത്തില്‍ പ്രവര്‍ത്തിച്ചു സാമ്പത്തികമായും സാമൂഹികമായും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പശ്ചാത്തലത്തില്‍ നിന്നുള്ള ഒരു പണക്കാരുടെടെയും സഹായമില്ലാതെ, തിരഞ്ഞെടുപ്പിന് നില്‍ക്കുന്ന രമ്യ ഹരിദാസിനെപോലെയുള്ളവര്‍ പാര്‍ലമെന്റില്‍ എത്തണമെന്ന് ആഗ്രഹമുള്ളവര്‍ അവരുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സഹായം ചെയ്യുക.””- എന്നാണ് പോസ്റ്റ് ആരംഭിക്കുന്നത്.
പോസ്റ്റ് പലവട്ടം വായിച്ചു നോക്കി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് രമ്യയെന്ന് ഇല്ല. അതെന്തുകൊണ്ടാണ് ഇല്ലാത്തത്? ഒരു പണക്കാരന്റേയും സഹായമില്ലാതെ മത്സരിക്കുന്ന രമ്യ ഹരിദാസ് എന്നു പറഞ്ഞാല്‍ എന്താണ് അര്‍ത്ഥം? പത്തറുപത് വര്‍ഷം ഇന്ത്യ ഭരിച്ച പാര്‍ട്ടിയാണ്. അറുപത് വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് നടത്തിയ അഴിമതി അഞ്ചുവര്‍ഷം കൊണ്ട് ബി.ജെ.പി കവര്‍ ചെയതെന്നുള്ളത് സത്യമാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തിലെ ഒരു സ്ഥാനാര്‍ത്ഥിക്കൊപ്പം തിരഞ്ഞെടുപ്പ് ഫണ്ട് വാങ്ങാന്‍ എ.ഐ.സി.സി ട്രഷറുടെ താവളത്തില്‍ പോയ കഥ ദല്‍ഹിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ പറഞ്ഞുകേട്ടിട്ടുണ്ട്. പിന്നീട് സിനിമകളില്‍ ഒക്കെ കണ്ടിട്ടുള്ള പോലെ നോട്ടുകെട്ടുകള്‍ കൂമ്പാരമായി ഇരിക്കുന്നത് കണ്ട് അന്തം വിട്ട അവസ്ഥ.
കേന്ദ്രത്തില്‍ ഭരണം പോയത് കൊണ്ട് പഴയ പോലെ വാരിക്കോരി കൊടുക്കാനും ഭീഷണികള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങാനും മുതലാളിമാര്‍ കാണില്ല. പക്ഷേ, കേരളത്തില്‍ അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഭരണമുള്ളതല്ലേ. കൈമെയ് മറന്ന് പണം വാങ്ങാന്‍ വിദഗ്ദ്ധരായ ആളുകളല്ലേ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇപ്പോഴുമുള്ളത്?
ആലത്തൂരെ രമ്യയ്ക്ക് വേണ്ടി ജെ.എസ് അടൂര്‍ ഫേസ്ബുക്കില്‍ കാമ്പയിന്‍ നടത്തി, ഏതോ ഏകയും അസഹായയുമായ സ്ഥാനാര്‍ത്ഥിയെ സഹായിക്കാന്‍ വേണ്ടി പണം പിരിക്കുന്നത് എന്തുതരം ധാര്‍മ്മികതയാണ്. പ്രത്യേകിച്ചും അവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണെന്ന് പോലും പറയാതെ. അത് വിചിത്രമായി മറച്ച് വച്ച്??
കേരളത്തിലെ മറ്റ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കൊക്കെ ഇത്തരം പണപ്പിരിവ് നടക്കുന്നുണ്ടോ? അവരുടെ പാര്‍ട്ടി ഫണ്ട് എവിടേയ്ക്ക് പോകുന്നു. തിരഞ്ഞെടുപ്പിന് വേണ്ടി കോണ്‍ഗ്രസ് പിരിക്കുന്ന പണത്തിന്റെ ഓഹരി ആലത്തൂര്‍ സ്ഥാനാര്‍ത്ഥിക്ക് മാത്രം ലഭിക്കാതിരിക്കുന്നതെങ്ങനെയാണ്? അവര്‍കൂടി ഇതിന് മറുപടി പറയണം. അവര്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടി ഫണ്ടുകൊടുക്കുന്നില്ലേ?
****
ഇതിനേക്കാളെല്ലാം അത്ഭുതം തോന്നിയത് ഈ വാചകമാണ്. “”കേരളത്തില്‍ നിന്ന് ആദ്യമായി താഴെ തട്ടില്‍ നിന്ന് പ്രവര്‍ത്തന മികവ് കൊണ്ട് മുന്നില്‍ വന്ന ഏക ദളിത് സ്ത്രീ നേതാവാണ് രമ്യ.””- രമ്യയോടക്കമുള്ള കേരളത്തിലെ ദളിത് സമൂഹത്തിനോട് മുഴുവന്‍ മാപ്പു പറയേണ്ട കാര്യമാണിത്. ഇങ്ങനെ അപമാനിക്കരുത് കേരളത്തിലെ ദളിത് സമൂഹത്തെ. അവരുടെ തന്നെ മുന്‍ തലമുറയെ. അതിന്റെ ഉജ്ജ്വല കരുത്തില്‍ അഭിമാനം കൊള്ളുന്ന ഈ തലമുറയെ.