കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട് സി.പി.ഐ.എം സംസ്ഥാനസെക്രട്ടറി കോടിയെരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. വരാപ്പുഴയില്‍ നടന്ന സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിന് ശേഷമാണ് കോടിയേരി ശ്രീജിത്തിന്റെ വീട്ടിലെത്തിയത്. ശ്രീജിത്തിന്റെ മരണം ദൗര്‍ഭാഗ്യകരമാണെന്നും കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോടിയേരി വ്യക്തമാക്കി. ഇക്കാര്യത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും ഇരകള്‍ക്കൊപ്പമാണെന്നും പ്രതികള്‍ എത്ര ഉന്നതരായാലും കര്‍ശന നടപടിയെടുക്കുമെന്നും കോടിയേരി പറഞ്ഞു.
ശ്രീജിത്തിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതിനെ ന്യായീകരിച്ച അദ്ദേഹം മറ്റു തിരക്കുകളുണ്ടായതിനാലായിരിക്കണം സന്ദര്‍ശിക്കാതിരിക്കുന്നതെന്നും വ്യക്തമാക്കി. കസ്റ്റഡി മരണവുമായി ബ്ന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം വേണമോ എന്ന് കോടതി തീരുമാനിക്കട്ടെ. ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍ണമെന്നും കുടുംബത്തിന് സഹായധനം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്തത് വന്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രിയെ പാര്‍ട്ടി സെക്രട്ടറി ന്യായീകരിച്ചത്. അതേസമയം, ശ്രീജിത്തിന്റെ കുടുംബത്തെ ഏറ്റെടുക്കണമെന്ന് പാര്‍ട്ടിയുടെ എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നു. കസ്റ്റഡി മരണം നടന്ന് ആഴ്ചകള്‍ പിന്നിട്ടതിന് ശേഷമാണ് പാര്‍ട്ടി ഇങ്ങനെ ഒരു നിലപാടെടുക്കുന്നത്.
കോടിയേരിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ശ്രീജിത്തിന്റെ വീടിന് സമീപം വന്‍പൊലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് വീശദീകരണ യോഗം സംഘടിപ്പിച്ചിരിക്കുന്നതെന്നാണ് സി.പി.ഐ.എം ജില്ലാ നേതൃത്വം വ്യക്തമാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയനോ സി.പി.ഐ.എം നേതാക്കളൊ സര്‍ക്കാരിന്റെ പ്രതിനിധികളൊ ഇതുവരെ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാഞ്ഞത് വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.