കുറ്റാരോപിതരെ മാറ്റിനിര്‍ത്തണം; ശ്രീജിത്ത് ഇന്നുമുതല്‍ വീണ്ടും അനിശ്ചിതകാല സമരത്തിന്
Sreejiv Murder Case
കുറ്റാരോപിതരെ മാറ്റിനിര്‍ത്തണം; ശ്രീജിത്ത് ഇന്നുമുതല്‍ വീണ്ടും അനിശ്ചിതകാല സമരത്തിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th February 2018, 7:54 am

തിരുവനന്തപുരം: സഹോദരന്റ ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത് ഇന്നുമുതല്‍ വീണ്ടും സെക്രട്ടേറിയറ്റിനു മുന്‍പില്‍ സമരത്തിന്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു 780 ദിവസത്തോളമായി നടത്തിവന്ന സമരം ശ്രീജിത്ത് അവസാനിപ്പിച്ചിരുന്നത്.

കുറ്റാരോപിതരായ ഉദ്യോഗസ്ഥര്‍ സ്വന്തം നാട്ടുകാരായതിനാല്‍ നാട്ടില്‍ ജീവിക്കാന്‍ ആശങ്കയുണ്ടെന്നും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. രാവിലെ പത്തുമുതലാണ് അനിശ്ചിതകാല സമരം ആരംഭിക്കുക. നേരത്തെ സഹോദരന്റെ മരണത്തിനുത്തരവാദികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തിയ സമരത്തിനു ജനകീയ പിന്തുണ ലഭിച്ചിരുന്നു.

കേസില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചതിനു പിന്നാലെയായിരുന്നു ശ്രീജിത്ത് സമരം അവസാനിപ്പിച്ചത്. തുടര്‍ന്നു നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ഇന്നലെ വീട്ടിലേക്കു മടങ്ങുകയും ചെയ്തിരുന്നു

കഴിഞ്ഞദിവസം താന്‍ നടത്തിയ സമരത്തെ പിന്തുണയ്ക്കാനെത്തിയ സോഷ്യല്‍മീഡിയ കൂട്ടായ്മയിലെ ചിലര്‍ പണപ്പിരിവ് നടത്തിയതായി ശ്രീജിത്ത് ആരോപിച്ചിരുന്നു. സോഷ്യല്‍ മീഡിയ കൂട്ടായ്മയിലെ ചിലര്‍ തന്നെ മാനസികമായി പീഡിപ്പിച്ചെന്നും ഒപ്പം നിന്ന പലരും പിന്നീട് തള്ളിപ്പറഞ്ഞെന്നും ശ്രീജിത്ത് പറഞ്ഞിരുന്നു.

“സമരം ചെയ്യുന്ന സമയത്ത് പണം നല്‍കി സഹായിക്കാന്‍ സന്നദ്ധരായി ചിലര്‍ മുന്നോട്ടുവന്നിരുന്നു. പരമാവധി ഒഴിവാക്കാനാണ് ശ്രമിച്ചിട്ടുള്ളത്. എന്നാല്‍, താന്‍ മാറുന്ന സമയത്ത് കൂടെയുണ്ടായിരുന്ന സോഷ്യല്‍മീഡിയ കൂട്ടായ്മയിലെ ചിലര്‍ പണം വാങ്ങിയിരുന്നതായി പിന്നീട് അറിഞ്ഞു. ഇതു കൂടാതെ മറ്റു ചില പണപ്പിരിവുകളും നടന്നിട്ടുണ്ട്. ഇത്തരം പിരിവുകളുമായി എനിക്കു ബന്ധമില്ല. ഇപ്പോഴും ചിലര്‍ പിരിവു നടത്തുന്നതായി കേള്‍ക്കുന്നുണ്ടെന്നും” ശ്രീജിത്ത് പറഞ്ഞിരുന്നു.

അതേസമയം സോഷ്യല്‍മീഡിയ കൂട്ടായ്മയിലെ കുറേപേര്‍ അവസാനം വരെ ഒപ്പം നിന്നതായും ഉറച്ച പിന്തുണ നല്‍കിയ അവര്‍ എന്നും ഒപ്പമുണ്ടായിരുന്നെന്നും ശശ്രീജിത്ത പറഞ്ഞിരുന്നു.