ആദ്യ ഇ.എം.എസ് സര്‍ക്കാരിന്റെ വാര്‍ഷിക ദിനത്തില്‍ സമരം കുറിച്ചത് ഡി.ജി.പി; ആ ദിനം എന്റെ ഓര്‍മ്മയില്‍ ഉണ്ടായിരുന്നില്ല; ജിഷ്ണുവിന്റെ ബന്ധു ശ്രീജിത്ത്
Daily News
ആദ്യ ഇ.എം.എസ് സര്‍ക്കാരിന്റെ വാര്‍ഷിക ദിനത്തില്‍ സമരം കുറിച്ചത് ഡി.ജി.പി; ആ ദിനം എന്റെ ഓര്‍മ്മയില്‍ ഉണ്ടായിരുന്നില്ല; ജിഷ്ണുവിന്റെ ബന്ധു ശ്രീജിത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th April 2017, 7:11 pm

 

കോഴിക്കോട്: ആദ്യ ഇ.എം.എസ് സര്‍ക്കാരിന്റെ വാര്‍ഷിക ദിനം സമരത്തിനായ് കുറിച്ചത് ഡി.ജി.പിയുമായ് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നെന്ന് ജിഷ്ണു പ്രണോയിയുടെ ബന്ധു ശ്രീജിത്ത്. ആ ദിവസത്തിന്റെ പ്രത്യേകത തന്റെ മനസ്സിലുണ്ടായിരുന്നില്ലെന്നും ശ്രീജിത്ത് ട്രുവിഷന്‍ ന്യൂസ് സീനിയര്‍ സബ്എഡിറ്റര്‍ സന പ്രമോദുമായ് നടത്തിയ അഭിമുഖത്തില്‍ പറഞ്ഞു.


Also read ‘മഹാഭാരതം തന്റെ സ്വപ്‌നമാണ് പക്ഷേ അതിനുള്ള സാമ്പത്തികം കൈയിലില്ല’; മഹാഭാരതത്തിനായ് മോഹന്‍ലാല്‍ ഒരുങ്ങുമ്പോള്‍ തന്റെ സ്വപ്‌നം പങ്കുവെച്ച് ഷാരൂഖ് ഖാന്‍ 


സമരത്തിനെത്തിയ കുടുംബത്തിനെതിരായ പൊലീസ് നടപടിയെത്തുടര്‍ന്ന് തലസ്ഥാനത്തുണ്ടാ. സംഭവവികാസങ്ങളുടെ പേരില്‍ പ്രതിപക്ഷം ആദ്യ സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ബഹിഷ്‌കരിച്ചിരുന്നു. ഇതേ തുടര്‍ന്ന് പരിപാടി അലങ്കോലപ്പെടുത്താനാണ് ഈ ദിനം തന്നെ കുടുംബം സമരത്തിനായ് തെരഞ്ഞെടുത്തതെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു ഈ സാഹചര്ത്തിലാണ് ട്രുവിഷനില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ശ്രീജിത്ത് സംഭവത്തെക്കുറിച്ച് വിശദീകരിച്ചത്.

ഇ.എം.എസിനെക്കുറിച്ച് പറയുന്ന നിങ്ങള്‍ക്ക് ആദ്യ ഇഎംഎസ് സര്‍ക്കാര്‍ അധികാരത്തിലേറിയ ഏപ്രില്‍ 5 അറിയില്ലായിരുന്നോ അന്ന് തന്നെ വേണമായിരുന്നോ സമരമെന്ന ചോദ്യത്തോട് പ്രതികരിക്കവേയാണ് ശ്രീജിത്ത് ഡി.ജി.പിയാണ് സമര ദിവത്തെക്കുറിച്ച തീരുമാനത്തിലെത്തിയതെന്നും ഏപ്രില്‍ 5 എന്റെ മനസ്സില്‍ കുറിച്ചിട്ട ദിനമായിരുന്നില്ലെന്നും പറയുന്നത്.

“മാര്‍ച്ച് 1, ഒക്ടോബര്‍ 30, 23, 21,ജൂണ്‍ 2, ജനുവരി 13, 22 ഇവയൊന്നും മറക്കില്ല. നാദാപുരത്തെ ചെങ്കൊടി പ്രസ്ഥാനത്തെ ചുവപ്പിക്കാന്‍ ജീവന്‍ നല്‍കിയ രക്തസാക്ഷികളുടെ ദിനമാണ് ഇവയെല്ലാം. 1997 മാര്‍ച്ച് 27 മറക്കില്ല ഇന്നും ജീവിക്കുന്ന രക്തസാക്ഷിയായ എന്റെ അച്ഛന്‍ കെ കെ കുമാരനെ ആര്‍.ആര്‍.എസ്.എസ്സുകാര്‍ വെട്ടിപ്പിളര്‍ന്ന ദിനം. രാഷ്ട്രീയ വിദ്യാഭ്യാസത്തിലുള്ള പരിമിതികള്‍ ഉള്‍ക്കൊണ്ട് തന്നെ പറയട്ടെ, ഏപ്രില്‍ 5 എന്റെ മനസ്സില്‍ കുറിച്ചിട്ട ദിനമായിരുന്നില്ല. എന്നാല്‍ ആ വര്‍ഷം ഓര്‍മയിലുണ്ട്.” ശ്രീജിത്ത് പറയുന്നു.


Dont miss ഗോ സംരക്ഷണത്തിന്റെ പേരില്‍ തെരുവില്‍ അക്രമം നടത്തുന്നവരെ തീവ്രവാദികളായി പരിഗണിച്ച് അറസ്റ്റ് ചെയ്യണം: സ്വാമി അഗ്‌നിവേശ്


ഏപ്രില്‍ അഞ്ച് എന്ന ദിവസം കുറിച്ചത് ഡി.ജി.പിയാണെന്നത് മറ്റൊരു യാതൃശ്ചികതയാവമെന്ന് പറഞ്ഞ ശ്രീജിത്ത് മാര്‍ച്ച് 27നായിരുന്നു കുടുംബം സമരത്തിനായ് തീരുമാനിച്ചിരുന്നതെന്നും 26ന് കേസുമായി ബന്ധപ്പെട്ട ദല്‍ഹിയിലേക്ക് പോയെന്നും താന്‍ നാട്ടിലില്ലാത്തതിനാല്‍ സമരം സര്‍ക്കാരിനെതിരായിമാറുമോ എന്ന സംശയത്തെ തുടര്‍ന്ന് സമരം മാറ്റിവെയ്ക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചെന്നും പറയുന്നു.

“ഏപ്രില്‍ 5 എന്ന ആ സമര തിയ്യതി കുറിച്ചത് കേരളത്തിലെ ഡി.ജി.പി ആണെന്നത് മറ്റൊരു യാതൃശ്ചികതയാവാം. മാര്‍ച്ച് 27 നായിരുന്നു ജിഷ്ണുവിന്റെ കുടുംബം ഡി.ജി.പി ഓഫീസിന് മുന്‍പില്‍ സത്യാഗ്രഹം നടത്താന്‍ തീരുമാനിച്ചത്. 15 ദിവസം മുന്‍പ് തന്നെ പ്രദേശത്തെ പാര്‍ട്ടിയുടെ അനുമതി തേടിയായിരുന്നു പ്രഖ്യാപനം. 26 ന് ഞാന്‍ ദല്‍ഹിയില്‍ ആയിരുന്നു. നീതി തേടി സുപ്രീം കോടതിയിലേക്ക് പോയതായിരുന്നു.

യാത്രയ്ക്കിടയിലെല്ലാം എന്റെ ആശങ്ക സമരത്തിന് നേതൃത്വം നല്‍കുക മഹിജയുടെ മൂത്തമ്മയുടെ ഭര്‍ത്താവ് ഡി.സി.സി അംഗവുമായ ഇ കെ ശങ്കരന്‍, അച്ഛന്‍ അശോകന്റെ അളിയന്‍ ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്ടുമായ കെ ടി കുഞ്ഞിക്കണ്ണന്‍ എന്നിവാരാണെന്നതായിരുന്നു. സമരം കൈവിട്ട് പോകുമോ സര്‍ക്കാരിന് എതിരെ ആവുമോ എന്നതായിരുന്നു ആ ആശങ്ക. സെക്രട്ടറിയേറ്റിലേക്ക് സമരം നടത്തണമെന്ന കുടുംബത്തിന്റെ ആവിശ്യം ഡിജിപി ഓഫീസിലേക്ക് മാറ്റാന്‍പെട്ട പാട് എനിക്കറിയാമായിരുന്നു.” ശ്രീജിത്ത് പറയുന്നു.

ഇതേ തുടര്‍ന്ന് ദല്‍ഹിയില്‍ വച്ച് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയെ കാണുകയും അദ്ദേഹവുമായ് നടത്തിയ ചര്‍ച്ചയില്‍ പത്ത് ദിവസം നീട്ടി നല്‍കുകയായിരുന്നെന്നും ശ്രീജിത്ത് വ്യക്തമാക്കി. പ്രതികളുടെ സ്വത്ത് കണ്ടെത്താനുള്ള നടപടിക്ക് ഒരാഴ്ച സമയം വേണമെന്നും രണ്ട് പ്രതികളെയെങ്കിലും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന പറഞ്ഞ ഡി.ജി.പി സമരം മാറ്റിവയ്ക്കണമെന്നും ഇതിനായ് എനിക്ക് എത്ര ദിവസം സമയം നല്‍കുമെന്ന് ചോദിക്കുകയുമായിരുന്നെന്നും ശ്രീജിത്ത് പറഞ്ഞു.

“10 ദിവസം ഞാന്‍ മറുപടി നല്‍കി. എനിക്കൊപ്പം ഉണ്ടായിരുന്ന മഹിജയുടെ നേരാങ്ങള 27 മുതല്‍ ഉള്ള 10 ദിവസം വിരലില്‍ എണ്ണി പ്രഖ്യാപിച്ചു ഏപ്രില്‍ 5. പിന്നീട് അപ്പോള്‍ തന്നെ വാര്‍ത്താ ചാനലുകള്‍ ഞങ്ങളെ കണ്ടപ്പോള്‍ ഇക്കാര്യം ലോകത്തെ അറിയിച്ചു.”വിവര”മുള്ളവര്‍ ആരും ആ തിയ്യതിയുടെ പ്രാധാന്യം അറിയിച്ചില്ല. പോലീസ് ഭീകരതയ്ക്ക് ഇരയായ ശേഷം ആശുപത്രിയിലേക്കുള്ള വഴിയിലാണ് സര്‍ക്കാരിന്റെ ആഘോഷത്തിന്റെ ആ വലിയ ബോര്‍ഡ് കണ്ടത്.” ശ്രീജിത്ത് പറയുന്നു.

സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെല്ലാം ജിഷ്ണുവിന്റെ നീതിയിലെക്കുള്ള വഴി തുറക്കലാണ്. സര്‍ക്കാര്‍ ഈ ആര്‍ജവം തുടരുമെന്ന വിശ്വാസമുണ്ട്. എന്നാല്‍ ശക്തമായ പോരാട്ടം ആവിശ്യമാണ്. ചെങ്കൊടി പ്രസ്ഥാനവും നാടും കൂടെ ഉണ്ടെങ്കില്‍ ജിഷ്ണുവിന് നീതി ലഭിക്കും. ആ പിന്തുണയാണ് തങ്ങള്‍ ആവിശ്യപ്പെടുന്നതെന്നും ശ്രീജിത്ത് പറയുന്നു.