ശാലിനി, മാതു, ചാര്‍മിള, സുനിത, നയന്‍താര, കാവ്യമാധവന്‍ തുടങ്ങി 125ലേറെ നായികമാര്‍ക്ക് ശബ്ദം നല്‍കി കഴിഞ്ഞ നാല്പത്തഞ്ചുവര്‍ഷമായി മലയാള സിനിമയുടെ ഭാഗമായി തുടരുകയാണ് ഡബ്ബിങ് ആര്‍ടിസ്റ്റായ ശ്രീജ രവി. മലയാളത്തില്‍ മാത്രമല്ല തമിഴിലും മികവ് തെളിയിച്ച ഡബ്ബിങ് ആര്‍ടിസ്റ്റാണ് ശ്രീജ.
1983 ല്‍ പുറത്തിറങ്ങിയ ഭരതന്‍ സംവിധാനം ചെയ്ത കാറ്റത്തെക്കിളികൂടിലൂടെയാണ് ശ്രീജയുടെ ശബ്ദം നായികയുടേതായി വരുന്നത്. കരിയറിന്റെ തുടക്കകാലത്തെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ശ്രീജ. ഉത്തരായനം എന്ന സിനിമയിലാണ് ആദ്യമായി താൻ ഡബ്ബ് ചെയ്യുന്നതെന്നും ചെറിയ കുട്ടികൾക്ക് വേണ്ടിയാണ് ശബ്‌ദം നൽകിയതെന്നും ശ്രീജ പറയുന്നു. ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചത് തനിക്ക് മലയാളം ഡയലോഗ് പിടിക്കാൻ പ്രയാസമുണ്ടായിരുന്നുവെന്നും കാറ്റത്തെ കിളിക്കൂട് എന്ന സിനിമയിൽ ഡബ്ബ് ചെയ്യുമ്പോൾ മോഹൻലാൽ തമാശയ്ക്ക് ധൃതി കൂട്ടുമായിരുന്നുവെന്നും ശ്രീജ കൂട്ടിച്ചേർത്തു.
‘അരവിന്ദൻ സാറിൻ്റെ ഉത്തരായനത്തിന് വേണ്ടിയാണ് ആദ്യമായി ഡബ്ബ് ചെയ്യുന്നത്. ഞാനും രണ്ട് ആങ്ങളമാരും ഉണ്ടായിരുന്നു. കുട്ടികൾ ഓടുന്നതും കളിക്കുന്നതും ചിരിക്കുന്നതും കലപില ശബ്ദമുണ്ടാക്കുന്നതും മറ്റും അമ്മ പറഞ്ഞതു പോലെ ചെയ്‌തു. അതിനുശേഷം കുട്ടികളുടെ ശബ്‌ദം വേണ്ടപ്പോഴൊക്കെ വിളിക്കാൻ തുടങ്ങി. ചെറിയ വേഷങ്ങളിൽ അഭിനയിക്കാനും ചാൻസ് കിട്ടി.
സ്‌കൂളിൽ നിന്നു ലീവെടുത്താണ് ഡബ്ബിങ്ങിനു പോകുക. ഒരു ദിവസം 100 രൂപ കിട്ടും. ഹാജർ പ്രശ്‌നമാകുമെന്നോർത്ത് പ്ലസ്‌ടുവിന് വൊക്കേഷനൽ ഗ്രൂപ്പാണ് എടുത്തത്. ഡിഗ്രിക്ക് ഡിസ്‌റ്റൻ്റായി ഇംഗ്ലിഷ് സാഹിത്യമെടുത്തെങ്കിലും പരീക്ഷ എഴുതാനായില്ല. ആ കാലത്താണ് ലിവർ കാൻസറായി അമ്മ മരിച്ചത്. അപ്പോഴേക്കും എനിക്ക് അത്യാവശ്യം ഡബ്ബിങ് ഓക്കെയായി.
1981ലാണ് ആദ്യമായി ഒരു നായികയ്ക്ക് ഡബ്ബ് ചെയ്യുന്നത്. ‘ഇളനീർ’ എന്ന സിനിമയിലെ നായിക ജോളിക്ക് വേണ്ടി. പിന്നീട് രണ്ടുവർഷം കഴിഞ്ഞ് ‘കാറ്റത്തെ കിളിക്കൂടി’ൽ രേവതിക്കും. ആദ്യമായി 3000 രൂപ പ്രതിഫലം കിട്ടിയത് കാറ്റത്തെ കിളിക്കൂടിലാണ്. ഒരു ദിവസം ഡബ്ബ് ചെയ്യാനായി സ്‌റ്റുഡിയോയിലെത്തിയപ്പോൾ അതാ ലാലേട്ടൻ. അഭിനയിച്ച സീനൊക്കെ നല്ല ഓർമയാണ് അദ്ദേഹത്തിന്.
ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ഹിന്ദി സെക്കൻഡ് ലാംഗ്വേജ് പഠിച്ച ഞാൻ മലയാളം ഡയലോഗുകൾ ഇംഗ്ലീഷ് അക്ഷരങ്ങളിൽ എഴുതിയെടുത്താണ് ഡബ്ബ് ചെയ്യുന്നത്. കാണാപ്പാഠം പഠിക്കാനും സമയമെടുക്കും. ഇതിനിടെ എന്നെ ശുണ്‌ഠി പിടിപ്പിക്കാനായി ലാലേട്ടൻ തിരക്ക് കൂട്ടും. ‘വേഗം പഠിക്ക്, വേഗം എന്ന് പറഞ്ഞ്,’ശ്രീജ പറയുന്നു.
Content Highlight: Sreeja Ravi About Her First Dubbing Experience With Mohanlal