സ്പീക്കര്‍ എ.എന്‍. ഷംസീറിനെ മതേതര ജനത പിന്തുണക്കേണ്ടതുണ്ട്
dool discourse
സ്പീക്കര്‍ എ.എന്‍. ഷംസീറിനെ മതേതര ജനത പിന്തുണക്കേണ്ടതുണ്ട്
ശ്രീജ നെയ്യാറ്റിന്‍കര
Wednesday, 26th July 2023, 12:10 pm

തീര്‍ച്ചയായും സ്പീക്കര്‍ എ.എന്‍. ഷംസീറിനെ മതേതര ജനത പിന്തുണക്കേണ്ടതുണ്ട്. ഐതീഹ്യങ്ങളെ ചരിത്രമാക്കി അവതരിപ്പിക്കുന്ന ഹിന്ദുത്വ അജണ്ട കാലങ്ങളായി നമുക്ക് മുന്നിലുണ്ട്. ഐതീഹ്യങ്ങള്‍ ഉയര്‍ത്തി വര്‍ഗീയ കലാപങ്ങള്‍ വരെ ആളിക്കത്തിച്ച ചരിത്രമാണ് സംഘപരിവാറിനുള്ളത്.

രാമായണമെന്ന ഇതിഹാസ കഥയിലെ പ്രധാന കഥാപാത്രമായ രാമനെ ചരിത്ര പുരുഷനാക്കി അവതരിപ്പിച്ച് ഹിന്ദുത്വ ഈ രാജ്യത്ത് ചെയ്തുകൂട്ടിയ അതിക്രമങ്ങള്‍ക്ക് കണക്കില്ല. തങ്ങളുടെ സുപ്രധാന അജണ്ടയായ വംശഹത്യ നടപ്പിലാക്കുന്നതിന് ഏറ്റവും മൂര്‍ച്ചയേറിയ ആയുധമായി അവര്‍ പലപ്പോഴും രാമായണം എന്ന ഇതിഹാസ കഥയിലെ രാമനെന്ന കഥാപാത്രത്തെ ഉപയോഗിച്ചിട്ടുണ്ട.

ഇതിഹാസത്തെ അഥവാ മിത്തിനെ ചരിത്രമാക്കി ചൂണ്ടിക്കാണിക്കുക എന്ന അപകടകരമായ ഹിന്ദുത്വ അജണ്ടക്കെതിരെയാണ് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ രാഷ്ട്രീയ ശബ്ദമുയര്‍ത്തിയത്.

സ്പീക്കര്‍ സ്ഥാനത്തിരിക്കുന്നയാളുടെ ഭാഗത്ത് നിന്ന് പൊറുക്കാന്‍ കഴിയാത്ത തെറ്റ് ഉണ്ടായിരിക്കുന്നു എന്നാണ് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി ആര്‍. രാജശേഖരന്റെ വാദം. ശരിയാണ്, ഹിന്ദുത്വവാദികളെ സംബന്ധിച്ച് തങ്ങളുടെ ഗൂഢരാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് നേരേ ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അത് പൊറുക്കാന്‍ പറ്റാത്ത തെറ്റാണ്. എന്നാല്‍ മതേതര വിശ്വാസികളെ സംബന്ധിച്ച് ഷംസീര്‍ പറഞ്ഞത് രാഷ്ട്രീയ ശരികള്‍ മാത്രമല്ല കൃത്യമായ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയം കൂടെയാണ്.

ലോകത്തെ ആദ്യ വിമാനം ഇതിഹാസ കഥയിലെ പുഷ്പക വിമാനം എന്ന് ചൂണ്ടിക്കാണിച്ച് ഹിന്ദുത്വ വാദികള്‍ ചരിത്രത്തെ വെല്ലുവിളിക്കുമ്പോള്‍ ബോധമുള്ളവര്‍ വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹോദരന്മാര്‍ എന്ന ചരിത്രസത്യം വിളിച്ച് പറയും അതാണ് ഷംസീറും പറഞ്ഞത്. അത് കേള്‍ക്കുമ്പോള്‍ ഹിന്ദുത്വവാദികള്‍ക്ക് പൊറുക്കാനാകാത്ത തെറ്റാണ് ഷംസീര്‍ പറഞ്ഞതെന്ന് തോന്നും. അത് കാര്യങ്ങള്‍ മനപൂര്‍വം മനസിലാക്കാത്തതിന്റെയും ചിന്താശേഷിയില്ലാത്തതിന്റെയും പ്രശ്‌നമാണ്.

ഐതീഹ്യ കഥയില്‍ ശിവന്‍, പുത്രന്‍ ഗണപതിയുടെ തലവെട്ടിക്കളഞ്ഞ് പകരം ആനക്കുട്ടിയുടെ തലവെച്ച് പിടിപ്പിച്ചതാണ് ആദ്യ പ്ലാസ്റ്റിക് സര്‍ജറി എന്ന് ഹിന്ദുത്വ വാദികള്‍ പറയുമ്പോള്‍ വഷളത്തരം പറയാതെ പോടേയ് എന്ന് വിവരമുള്ളവര്‍ പറയുന്നത് സ്വാഭാവികമാണ്. ഇതൊക്കെ കാണുമ്പോള്‍ അയ്യോ ഞങ്ങളുടെ ദൈവത്തെ അപമാനിച്ചേ എന്ന്  ഹിന്ദുത്വ വാദികൾ പറഞ്ഞാൽ ഭരണഘടനാ ബോധമുള്ളവര്‍ എന്ത് പറയാനാണ്.

ഗണപതി മാത്രമല്ല അവരുടെ മാതാപിതാക്കളായ പാര്‍വതിയും ശിവനും ഒക്കെ ഇതിഹാസ കഥകളിലെ കഥാപാത്രങ്ങളാണ്, അഥവാ മിത്താണെന്ന് പറയാനും വിശ്വസിക്കാനും ഈ രാജ്യത്തെ പൗര സമൂഹത്തിന് സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യം കൂടെ ഉള്‍പ്പെട്ടതാണ് ഇന്ത്യന്‍ മതേതരത്വം.

ആ ബോധമുള്ളത് കൊണ്ടാണ് സ്പീക്കര്‍ എ.എന്‍. ഷംസീറിനെ പിന്തുണയ്ക്കുന്നത്. എന്തൊക്കെ സംഭവിച്ചാലും ആ പിന്തുണയ്ക്ക് മാറ്റമുണ്ടാകില്ല. നിരുപാധികം എ.എന്‍. ഷംസീറിനൊപ്പം.

Content Highlight: Sreeja Neyyattinkara’s Write up supporting  speaker  AN Shamseer