| Sunday, 21st June 2020, 6:44 pm

പാലത്തായി പീഡനക്കേസില്‍ പോസ്റ്റിട്ടതില്‍ അച്ചടക്ക നടപടി; ശ്രീജ നെയ്യാറ്റിന്‍കര വെല്‍ഫെയല്‍ പാര്‍ട്ടിയില്‍നിന്നും രാജി വെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വെല്‍ഫെയല്‍ പാര്‍ട്ടിയില്‍നിന്നും രാജിവെച്ച് പാര്‍ട്ടി വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിന്‍കര. പാലത്തായി പീഡനക്കേസില്‍ ബി.ജെ.പി നേതാവും അധ്യാപകനുമായ പ്രതിക്കെതിരെ ശ്രീജ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. തുടര്‍ന്ന് വെല്‍ഫെയര്‍പാര്‍ട്ടി ശ്രീജ നെയ്യാറ്റിന്‍ കരയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി. സംസ്ഥാനാധ്യക്ഷന്‍ ഹമീദ് വാണിയമ്പലത്തിനാണ് രാജിക്കത്ത് നല്‍കിയത്.

2020 ജൂണ്‍ 10 മുതല്‍ മൂന്നു മാസത്തേക്ക് പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും എക്‌സിക്യൂട്ടിവില്‍ നിന്നും സസ്പെന്‍ഷന്‍ നല്‍കിയായിരുന്നു ശ്രീജക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്.

‘വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്ന എന്റെ സോഷ്യല്‍ മീഡിയാ ഇടപെടലുകളെ തുടര്‍ന്ന് എനിക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രവര്‍ത്തക സമിതിയെടുത്ത അച്ചടക്ക നടപടിയുടെ അറിയിപ്പ് കിട്ടി. പ്രസ്തുത നടപടി, 2020 മെയ് പന്ത്രണ്ടിന് വിശദീകരണം ആവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് എനിക്ക് നല്‍കിയ കത്തിനു മറുപടിയായി ഞാന്‍ നല്‍കിയ വിശദീകരണം തൃപ്തികരമാകാത്തത് കൊണ്ടാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു’, പാര്‍ട്ടിക്ക് നല്‍കിയ രാജിക്കത്തില്‍ ശ്രീജ നെയ്യാറ്റിന്‍കര പറയുന്നു.

നല്‍കിയ മറുപടിയില്‍ സത്യവിരുദ്ധമായ യാതൊരു കാര്യങ്ങളുമില്ല എന്ന ബോധ്യം എനിക്കുണ്ട്. പാര്‍ട്ടിയില്‍ നിന്ന് എനിക്ക് അനുഭവേദ്യമായ കാര്യങ്ങള്‍ സത്യസന്ധമായി കത്തിലൂടെ വിശദീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ പ്രസ്തുത നടപടി യാതൊരു കാരണവശാലും അംഗീകരിക്കാവുന്നതല്ല എന്നും ശ്രീജ രാജിക്കത്തില്‍ വ്യക്തമാക്കി.

‘വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രൂപീകരണ കാലം മുതല്‍ കഴിഞ്ഞ ഒന്‍പതു വര്‍ഷത്തോളം ഞാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയോടൊപ്പം സഞ്ചരിച്ചത് നയപരമായ യോജിപ്പുകളുടേയും ജനാധിപത്യപരമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും വിയോജിക്കാനുള്ള അവകാശങ്ങളുടേയും അടിസ്ഥാനത്തിലായിരുന്നു.

എന്നാലിപ്പോള്‍ പാര്‍ട്ടിയുടെ രാഷ്ട്രീയത്തോടും പ്രവര്‍ത്തന രീതിയോടും യോജിപ്പുകളേക്കാള്‍ വിയോജിപ്പുകളുള്ള ഈ രാഷ്ട്രീയ സാഹചര്യത്തില്‍ വേര്‍പിരിയുകയാണ് ഉചിതമെന്ന് കരുതുന്നു. അതുകൊണ്ടു തന്നെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചേര്‍ന്നുള്ള ഒരു രാഷ്ട്രീയ സഞ്ചാരം സാധ്യമല്ല എന്ന ബോധ്യത്തില്‍ പാര്‍ട്ടിയോട് വിട പറയേണ്ടതുണ്ട് എന്ന
രാഷ്ട്രീയ തീരുമാനത്തില്‍ ഞാന്‍ എത്തിചേര്‍ന്നിരിക്കുന്നു’, ശ്രീജ കത്തില്‍ പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും മറ്റെല്ലാ ഉത്തരവാദിത്തങ്ങളില്‍ നിന്നും രാജിവെക്കുകയാണെന്നും അവര്‍ അറിയിച്ചു. ശ്രീജ നെയ്യാറ്റിന്‍ കര തന്നെയാണ് രാജിക്കത്ത് ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.

ശ്രീജ നെയ്യാറ്റിന്‍ കരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഒന്‍പതു വര്‍ഷങ്ങളായി തുടരുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുമൊത്തുള്ള രാഷ്ട്രീയ സഞ്ചാരം അവസാനിപ്പിച്ചു കൊണ്ട് 18 – 6 – 2020 ന് സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിന് രാജിക്കത്ത് നല്‍കി.

രാജിക്കാധാരമായ രാഷ്ട്രീയ കാരണങ്ങള്‍ നിങ്ങളോട് വിശദീകരിക്കുന്നതിന് മുന്‍പായി പ്രസിഡന്റിന് നല്‍കിയ രാജിക്കത്ത് ഇവിടെ പ്രസിദ്ധീകരിക്കുന്നു.

From,
ശ്രീജ നെയ്യാറ്റിന്‍കര
രാരീരം, നോര്‍ത്ത് ഫോര്‍ട്ട്
നെയ്യാറ്റിന്‍കര
To,
ഹമീദ് വാണിയമ്പലം
സംസ്ഥാന പ്രസിഡന്റ്, വെല്‍ഫെയര്‍ പാര്‍ട്ടി
സര്‍,
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്ന എന്റെ സോഷ്യല്‍ മീഡിയാ ഇടപെടലുകളെ തുടര്‍ന്ന് ( പാലത്തായിയിലെ സ്‌കൂള്‍ അധ്യാപകനായ ബി ജെ പി നേതാവ് പ്രതിയായ പോക്‌സോ കേസ്, എനിക്കെതിരെയുള്ള സംഘ് പരിവാര്‍ സൈബര്‍ ആക്രമണം)
എനിക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രവര്‍ത്തക സമിതിയെടുത്ത അച്ചടക്ക നടപടിയുടെ അറിയിപ്പ് കിട്ടി.

( 2020 ജൂണ്‍ 10 മുതല്‍ മൂന്നു മാസത്തേക്ക് പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും എക്‌സിക്യൂട്ടിവില്‍ നിന്നും സസ്പെന്‍ഷന്‍ ) പ്രസ്തുത നടപടി, 2020 മെയ് പന്ത്രണ്ടിന് വിശദീകരണം ആവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് എനിക്ക് നല്‍കിയ കത്തിനു മറുപടിയായി ഞാന്‍ നല്‍കിയ വിശദീകരണം തൃപ്തികരമാകാത്തത് കൊണ്ടാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു.

എന്നാല്‍ ഞാന്‍ നല്‍കിയ മറുപടിയില്‍ സത്യവിരുദ്ധമായ യാതൊരു കാര്യങ്ങളുമില്ല എന്ന ബോധ്യം എനിക്കുണ്ട്.. പാര്‍ട്ടിയില്‍ നിന്ന് എനിക്ക് അനുഭവേദ്യമായ കാര്യങ്ങള്‍ സത്യസന്ധമായി ഞാന്‍ കത്തിലൂടെ വിശദീകരിക്കുകയാണ് ചെയ്തിട്ടുള്ളത്… അതുകൊണ്ടുതന്നെ പ്രസ്തുത നടപടി യാതൊരു കാരണവശാലും എനിക്ക് അംഗീകരിക്കാവുന്നതല്ല..

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രൂപീകരണ കാലം മുതല്‍ കഴിഞ്ഞ ഒന്‍പതു വര്‍ഷത്തോളം ഞാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയോടൊപ്പം സഞ്ചരിച്ചത് നയപരമായ യോജിപ്പുകളുടേയും ജനാധിപത്യപരമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും വിയോജിക്കാനുള്ള അവകാശങ്ങളുടേയും അടിസ്ഥാനത്തിലായിരുന്നു. എന്നാലിപ്പോള്‍ പാര്‍ട്ടിയുടെ രാഷ്ട്രീയത്തോടും പ്രവര്‍ത്തന രീതിയോടും യോജിപ്പുകളേക്കാള്‍ വിയോജിപ്പുകളുള്ള ഈ രാഷ്ട്രീയ സാഹചര്യത്തില്‍ വേര്‍പിരിയുകയാണ് ഉചിതമെന്ന് കരുതുന്നു.

അതുകൊണ്ടു തന്നെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചേര്‍ന്നുള്ള ഒരു രാഷ്ട്രീയ സഞ്ചാരം സാധ്യമല്ല എന്ന ബോധ്യത്തില്‍ പാര്‍ട്ടിയോട് വിട പറയേണ്ടതുണ്ട് എന്ന
രാഷ്ട്രീയ തീരുമാനത്തില്‍ ഞാന്‍ എത്തിചേര്‍ന്നിരിക്കുന്നു..

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും മറ്റെല്ലാ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഞാന്‍ രാജിവെക്കുന്നു .

പാര്‍ട്ടിയുടെ രൂപീകരണം മുതല്‍ ഈ അച്ചടക്ക നടപടി വരെയുളള ജീവിത ഘട്ടത്തെ ഈ അവസരത്തില്‍ ഓര്‍മ്മിക്കുകയാണ്. ഇനി നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാനാവാത്തത് വേദനാജനകമാണെങ്കിലും അതൊരു യാഥാര്‍ത്ഥ്യമാണ്.

ഒരുമിച്ചുളള യാത്രയില്‍ കൂടെ നിന്ന നിങ്ങള്‍ക്കെല്ലാവര്‍ക്കും രാഷ്ട്രിയ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന പ്രിയപ്പെട്ടവര്‍ക്കും ഈ അവസരത്തില്‍ നന്ദി പറയുന്നു .

അഭിവാദ്യങ്ങളോടെ
ശ്രീജ നെയ്യാറ്റിന്‍കര

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more