|

ഗുജറാത്ത് വംശഹത്യയുടെ സംഘാടകനെ രാജ്യത്തിന്റെ പരമാധികാര കസേരയിലെത്തിച്ചത് മുസ്‌ലിങ്ങളുടെ ചുടുരക്തം; ഇതാണ് എമ്പുരാന്‍ ലോകത്തിന് കാണിച്ചുതരുന്നത്: ശ്രീജ നെയ്യാറ്റിന്‍കര

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എമ്പുരാന്‍ പുറത്തിറങ്ങിയതിന് പിന്നാലെ പ്രകോപിതരായ സംഘപരിവാറിനെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചരിത്രം ഓര്‍മിപ്പിച്ച് സാമൂഹിക പ്രവര്‍ത്തകയായ ശ്രീജ നെയ്യാറ്റിന്‍കര. ഇന്ത്യ കണ്ട ഏറ്റവും വലിയ മുസ്‌ലിം വംശഹത്യയെ, വംശഹത്യ നടത്തിയ കൊടും ഭീകരരെ ഓര്‍മിപ്പിക്കുന്ന സിനിമയാണ് എമ്പുരാനെന്ന് ശ്രീജ ചൂണ്ടിക്കാട്ടി.

പുതുതലമുറയെ ഒരു വാണിജ്യ സിനിമ എന്നതിലുപരി ചരിത്രപരമായ യാഥാര്‍ത്ഥ്യങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോകുകയാണ് എമ്പുരാനെന്നും ശ്രീജ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ശ്രീജയുടെ പ്രതികരണം.

‘എമ്പുരാന്‍ കണ്ട് അസ്വസ്ഥപ്പെട്ട് നെട്ടോട്ടം ഓടുകയല്ലേ നിങ്ങള്‍…? എന്നാല്‍ പിന്നെ ‘എമ്പുരാന്‍’ വലിച്ച് പുറത്തിട്ട പതിറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ആ ഹിന്ദുത്വ ഭീകര ചരിത്രം നമുക്കൊന്ന് വീണ്ടും ചര്‍ച്ച ചെയ്താലോ…? ബാബു ബജ്റംഗി എന്ന കൊടും ഭീകരന്റെ ചരിത്രം….,’ ഇങ്ങനെയാണ് സംഘപരിവാറിനോട് ശ്രീജ സംസാരിച്ച് തുടങ്ങുന്നത്.

‘അവരെ ഞങ്ങള്‍ തുരത്തി ഒരു കുഴിയിലാക്കി. ഭയന്നുവിറച്ച അവര്‍ പരസ്പരം കെട്ടിപ്പിടിച്ചു നില്‍ക്കുകയായിരുന്നു. തലേദിവസം തന്നെ ശേഖരിച്ച പെട്രോളും ഡീസലും അവരുടെ മേല്‍ ഒഴിച്ചു. പിന്നെ ടയറുകള്‍ കത്തിച്ച് അവര്‍ക്കുമേല്‍ ഇട്ടു’ 97 മുസ്‌ലിങ്ങളെ ചുട്ട് കൊന്ന് വംശഹത്യ ചെയ്ത ഹിന്ദുത്വ ഭീകരന്‍ ബാബു ബജ്റംഗി മുസ്‌ലിങ്ങളോട് ചെയ്ത ക്രൂരതയെ കുറിച്ച് പറഞ്ഞുവച്ച വാക്കുകളാണിതെന്നും ശ്രീജ കുറിച്ചു.

രണ്ട് പതിറ്റാണ്ടുകളിലധികം വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗ്ദളിന്റെ ഗുജറാത്ത് ഘടകത്തിന്റെയും ശിവസേനയുടേയും നേതാവായിരുന്നവന്‍. ഹിന്ദുത്വ ഭീകരരേ നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ, 2007ല്‍ ‘തെഹല്‍ക’ ജേണല്‍ നടത്തിയ ഒളി ക്യാമറ ഓപ്പറേഷനെ കുറിച്ചെന്നും ശ്രീജ ചോദിച്ചു. ആ ഓപ്പറേഷനിലൂടെ പുറത്തായ ബജ്‌റംഗിയുടെ ഭീകരമുഖം ഇന്ത്യ കണ്ടതാണ്. ആ മുഖമാണ് ഇന്ന് ‘എമ്പുരാന്‍’ എന്ന സിനിമയിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലക്ഷക്കണക്കിന് ജനങ്ങള്‍ കണ്ടതെന്നും ശ്രീജ ചൂണ്ടിക്കാട്ടി.

‘മുസ്‌ലിങ്ങളെ കൊല്ലാന്‍ ഉത്തരവിടണം. ഉന്നത ജാതിക്കാരും പണക്കാരും കൊല്ലാനിറങ്ങില്ല. ചേരി നിവാസികളും ദരിദ്രരുമായവര്‍ കൊല്ലാനിറങ്ങിക്കൊള്ളും. മുസ്‌ലിങ്ങളെ കൊന്ന് അവരുടെ സമ്പത്തെല്ലാം സ്വന്തമാക്കാമെന്ന് പറഞ്ഞാല്‍ മതി. മൂന്നു ദിവസം കൊണ്ട് ഇന്ത്യയില്‍നിന്ന് മുസ്‌ലിങ്ങള്‍ തുടച്ചുനീക്കപ്പെടും’ ബജ്റംഗി എന്ന കൊടും ഭീകരന്റെ വാക്കുകളാണിതെന്നും ശ്രീജ പറഞ്ഞു.

താനാണ് നരോദ പാട്യയില്‍ ഓപ്പറേഷന് തുടക്കമിട്ടതെന്നും ഗര്‍ഭിണിയുടെ വയര്‍ പിളര്‍ത്തി കുഞ്ഞിനെ പുറത്തിട്ടത് താനാണെന്നും തുറന്ന് പറഞ്ഞവന്‍. തന്റെ ചെയ്തികളില്‍ ഒരിക്കലും ഖേദിക്കുന്നില്ലെന്നും അവസരം ലഭിച്ചാല്‍ ഇനിയും കൊല്ലുമെന്നും പറഞ്ഞ സാമദ്രോഹിയാണ് ബാബു ബജ്റംഗിയെന്നും ശ്രീജ കുറിച്ചു.

ഇത്ര ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇതെല്ലാം എങ്ങനെ ആസൂത്രണം ചെയ്തുവെന്ന് നരോദ പാട്യ കൂട്ടക്കൊലയെ കുറിച്ചുള്ള തെഹല്‍കയുടെ ചോദ്യത്തിന്, ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഒറ്റ രാത്രികൊണ്ടാണ് എല്ലാം ചെയ്തതെന്നും മുപ്പതോളം പേരുടെ ഒരു ടീമിനെ താന്‍ അതിനായി സംഘടിപ്പിച്ചെന്നും തോക്കുള്ളവരുടെ വീടുകളില്‍ പോയി തോക്ക് വാങ്ങിയെന്നും തരാന്‍ വിസമ്മതിച്ചവരെ ഭീഷണിപ്പെടുത്തിയെന്നും ബാബു പറഞ്ഞതായും ശ്രീജ പറയുന്നു.

അത്തരത്തില്‍ 23 തോക്കുകള്‍ ഞങ്ങള്‍ സംഘടിപ്പിച്ചുവെന്നും എന്നാല്‍ ആരെയും വെടിവെച്ച് കൊല്ലേണ്ടി വന്നില്ലെന്നും ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ഒരു വര്‍ക്ക് ഷോപ്പിന് പിന്നിലെ വലിയ മതിലിനപ്പുറത്ത് പാട്യ തുടങ്ങുന്നിടത്തുള്ള ഒരു മസ്ജിദിനരികിലെ കുഴിയില്‍ വെച്ചാണ് അവരെ തീര്‍ത്തതെന്നും ഒരു മടിയും കൂടാതെ പറഞ്ഞവനാണ് ബാബു ബജ്റംഗിയെന്നും ശ്രീജ കൂട്ടിച്ചേര്‍ത്തു.

അന്നേ ദിവസം ഏഴ് മണിക്ക് താന്‍ ആഭ്യന്തരമന്ത്രിയേയും വി.എച്ച്.പി ജനറല്‍ സെക്രട്ടറി ജയ്ദീപ് പട്ടേലിനേയും വിളിച്ച് ഇത്ര പേര്‍ കൊല്ലപ്പെട്ടുവെന്നും ഇനിയെല്ലാം നിങ്ങളുടെ കൈയ്യിലാണെന്നും പറഞ്ഞുവെന്ന് പറഞ്ഞവന്‍. മുസ്‌ലിങ്ങളെ കൊന്നശേഷം എന്തുതോന്നിയെന്ന തെഹല്‍കയുടെ ചോദ്യത്തിന് താന്‍ ആസ്വദിച്ചുവെന്നും അവരെ കൊന്നശേഷം തിരിച്ചുവന്ന് ആഭ്യന്തരമന്ത്രിയെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞ ശേഷം താന്‍ സുഖമായി കിടന്നുറങ്ങിയെന്നും മഹാറാണാ പ്രതാപിനെപ്പോലെ സ്വയം തോന്നിയെന്നും പറഞ്ഞ കൊടും ഭീകരവാദിയാണ് ബജ്റംഗിയെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

‘ഞങ്ങള്‍ ഒരു മുസ്‌ലിം കട പോലും ഒഴിവാക്കിയില്ല, എല്ലാം കത്തിച്ചു. ഞങ്ങള്‍ വെട്ടി, തീയിട്ടു… അവരെ കത്തിക്കുന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. കാരണം ഈ തെണ്ടികള്‍ ദഹിപ്പിക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല, അവര്‍ അതിനെ ഭയപ്പെടുന്നു… എനിക്ക് ഒരു അവസാന ആഗ്രഹമേയുള്ളൂ… എന്നെ വധശിക്ഷയ്ക്ക് വിധിക്കട്ടെ. എന്നെ തൂക്കിലേറ്റിയാലും എനിക്ക് പ്രശ്നമില്ല. എന്റെ തൂക്കിലേറ്റുന്നതിന് മുന്‍പ് രണ്ട് ദിവസം എനിക്ക് തരൂ, ഞാന്‍ ജുഹാപുരയിലേക്ക് പോയി ഒരു ഫീല്‍ഡ് ഡേ ആഘോഷിക്കാം. അവിടെ ഏഴോ എട്ടോ ലക്ഷം ആളുകള്‍ താമസിക്കുന്നു. ഞാന്‍ അവരെ അവസാനിപ്പിക്കും. അവരില്‍ കുറച്ചുപേര്‍ കൂടി മരിക്കട്ടെ. കുറഞ്ഞത് 25,000 മുതല്‍ 50,000 വരെ ആളുകള്‍ മരിക്കണം’ ബജ്‌റംഗിയുടെ വാക്കുകളാണിതെന്നും ശ്രീജ ചൂണ്ടിക്കാട്ടി.

ഈ കൊടും ഭീകരനെയാണ് ‘എമ്പുരാന്‍ ‘ എന്ന സിനിമ ലോകത്തിന് കാണിച്ച് തരുന്നതെന്നും ശ്രീജ നെയ്യാറ്റിന്‍കര പറഞ്ഞു. ഇന്ത്യ കണ്ട ഏറ്റവും വലിയ മുസ്‌ലിം വംശഹത്യ ഗുജറാത്തില്‍ നടക്കുമ്പോള്‍ ഇന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയാണ്. മുസ്‌ലിം ജനതയുടെ ചുടുരക്തമാണ് ഗുജറാത്തിലെ വംശഹത്യയുടെ സംഘാടകനെ രാജ്യത്തിന്റെ പരമാധികാര കസേരയിലെത്തിച്ചതെന്നും ശ്രീജ പറഞ്ഞു.

Content Highlight: Sreeja Neyyattinkara reminds the Sangparivar, who were outraged after the release of Empuran, of the history related to the Gujarat riots