കൊച്ചി: പാലത്തായി പീഡനക്കേസില്‍ പ്രതി പദ്മരാജന് അനുവദിച്ച ജാമ്യം ഹൈക്കോടതിയും ശരിവെച്ച നടപടിയില്‍ പ്രതികരണവുമായി സാമൂഹ്യപ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര. പദ്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹരജിയാണ് ഹൈക്കോടതി തള്ളിയത്.
പ്രതി നിരപരാധിയാണെന്ന രീതിയില്‍ കൊണ്ടെത്തിച്ച് കേസ് അവസാനിപ്പിക്കാനുള്ള നീക്കം നടക്കുന്നതിന്റെ സൂചനയാണ് കോടതി വിധിയെന്നും അതിനാല്‍ സംഭവത്തില്‍ ആഭ്യന്തര വകുപ്പിന്റെ അടിയന്തര നടപടിയുണ്ടായാലേ കേസ് മുന്നോട്ടുപോകുകയുള്ളുവെന്നും ശ്രീജ നെയ്യാറ്റിന്‍കര ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു. ആഭ്യന്തര വകുപ്പും സംഘപരിവാറും നടത്തിയ കരാറിന്റെ ഭാഗമായാണ് കേസില്‍ നിരന്തരം അട്ടിമറികള്‍ നടന്നതെന്നും ശ്രീജ നെയ്യാറ്റിന്‍കര പറഞ്ഞു.
‘ആഭ്യന്തരവകുപ്പ് നിലപാട് സ്വീകരിക്കാതെ പാലത്തായി കേസ് ഇനി ഒരു ചുവട് മുന്നോട്ടു പോകില്ല. കാരണം അയാള്‍ ജാമ്യത്തിന് അര്‍ഹനാണെന്ന് കോടതി പറഞ്ഞുകഴിഞ്ഞു. തലശ്ശേരി പോക്‌സോ കോടതിയില്‍ നടന്നുക്കൊണ്ടിരിക്കുന്ന കേസാണ് ഇപ്പോഴുള്ളത്. ആ കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍ കൊടുക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലല്ലേ മുന്നോട്ടുപോകുകയുള്ളു.
ഹൈക്കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ നിന്നും വ്യത്യസ്തമായ ഒരു റിപ്പോര്‍ട്ട് കേസിന്റെ പുനരന്വേഷണത്തിലും കൊടുക്കില്ലല്ലോ. അതായത് പ്രതി നിരപരാധിയാണെന്ന രീതിയില്‍ ഈ കേസ് അവസാനിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത് എന്നതിന്റെ സൂചനയാണ് ഹൈക്കോടതിയുടെ ഈ വിധി. അടിയന്തരമായി ആഭ്യന്തര വകുപ്പ് ഈ കേസില്‍ ഇടപെട്ടേ മതിയാകൂ.’ ശ്രീജ നെയ്യാറ്റിന്‍കര പറഞ്ഞു.
ക്രൈം ബ്രാഞ്ചിനും പ്രോസിക്യൂഷനുമെതിരെ ശക്തമായ വിമര്‍ശനങ്ങളും ശ്രീജ നെയ്യാറ്റിന്‍കര മുന്നോട്ടുവെച്ചു. ‘പദ്മരാജന്‍ ജയിലില്‍ കിടക്കുന്ന സമയത്ത് ജാമ്യപേക്ഷ ഹൈക്കോടതിയില്‍ വന്നപ്പോള്‍, കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും മെഡിക്കല്‍ പരിശോധനയില്‍ ഇത് തെളിഞ്ഞതാണെന്നും അതിനാല്‍ ഇയാള്‍ ജാമ്യത്തിന് അര്‍ഹനല്ല എന്നുപറഞ്ഞാണ് പ്രോസിക്യൂഷന്‍ സുമന്ത് ചക്രവര്‍ത്തിയും ക്രൈം ബ്രാഞ്ചും രണ്ട് തവണയും വാദിച്ചത്. അതിന്റെ പശ്ചാത്തലത്തില്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. എന്നാല്‍ ചുരുങ്ങിയ കാലയളവില്‍ ഇതെല്ലാം അട്ടിമറിക്കപ്പെട്ടു. ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച ചാര്‍ജ് ഷീറ്റില്‍ പോക്‌സോ വകുപ്പുകള്‍ റദ്ദ് ചെയ്യപ്പെട്ടു. തുടര്‍ന്നാണ് ഇയാള്‍ക്ക് ജാമ്യം കിട്ടുന്നത്. ‘ ശ്രീജ നെയ്യാറ്റിന്‍കര പറഞ്ഞു.
ആ ജാമ്യത്തിന് ഇയാള്‍ അര്‍ഹനല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കുട്ടിയുടെ മാതാവ് കോടതിയില്‍ പോയത്. പ്രതിക്ക് ജാമ്യം കൊടുക്കരുതെന്ന് പറഞ്ഞ അതേ ക്രൈം ബ്രാഞ്ചും പ്രോസിക്യൂഷനും ഇപ്പോള്‍ കോടതിയില്‍ കുട്ടിക്ക് ഭാവനയില്‍ നിന്നും കാര്യങ്ങള്‍ ഉണ്ടാക്കിപ്പറയുന്ന ശീലമുണ്ടെന്നാണ് പറഞ്ഞത്. അന്നുതന്നെ പദ്മരാജന് നല്‍കിയ ജാമ്യം ശരിവെക്കാനുള്ള എല്ലാ സാധ്യതയുണ്ടെന്നും കുട്ടിയുടെ മാതാവിന്റെ ഹരജി തള്ളിപ്പോകുമെന്നും അന്നുതന്നെ കരുതിയിരുന്നെന്നും ശ്രീജ വ്യക്തമാക്കി.
തുടക്കം മുതല്‍ പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസും ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ചും സ്വീകരിച്ചത്.
തലശ്ശേരി പ്രോസിക്യൂഷന്‍ കേസ് ഡയറി പരിശോധിച്ച ശേഷം ഈ കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതുതന്നെയാണ് തങ്ങളെല്ലാവരും ആവശ്യപ്പെടുന്നതെന്നും ശ്രീജ വിശദീകരിച്ചു.
‘പത്ത് വയസ്സായ കുട്ടി സ്‌കൂള്‍ ശുചിമുറിയില്‍ വെച്ച് എന്നെ പപ്പന്‍ മാഷ് പീഡിപ്പിച്ചുവെന്ന് പൊലീസിനും കോടതിക്കും മെഡിക്കല്‍ പരിശോധന സംഘത്തിനും ശിശുക്ഷേമ അസോസിയേഷനും തുടങ്ങി നാല് തവണ മൊഴി കൊടുത്തു. പപ്പന്‍ മാഷ് തന്നെ മറ്റൊരാള്‍ക്ക് കൊടുത്തുവെന്നും മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി ഇയാളും തന്നെ പീഡിപ്പിച്ചുവെന്നും പറയുന്നുണ്ട്. ഇതെല്ലാം സാധൂകരിക്കുന്നതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് പക്ഷെ എല്ലാം ഈ കേസില്‍ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്.’
കേരളത്തിലെ സാമൂഹ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അന്വേഷണ ചുമതലയില്‍ നിന്നും ഐ.ജി ശ്രീജിത്തിനെ മാറ്റണമെന്നും കേസില്‍ കൃത്യമായ പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നിരവധി സമരങ്ങളടക്കം നടത്തിയിട്ടും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ശ്രീജ ചൂണ്ടിക്കാണിച്ചു.
‘സാമൂഹ്യപ്രവര്‍ത്തകനായ ദിനു നല്‍കിയ പരാതിയില്‍ ഐ.ജി ശ്രീജിത്തിനെതിരെ റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അതുപോലെ കേരളത്തിലെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ശിശിക്ഷേമവകുപ്പ് മന്ത്രിക്കും നിരവധി പരാതികള്‍ കൊടുത്തിരുന്നു. പ്രതിഷേധവും സമരങ്ങളും നടന്നു. അതിനൊന്നും പുല്ലുവില പോലും കല്‍പ്പിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. അന്വേഷണത്തിന്റെ ചുമതലിയില്‍ നിന്ന് ഐ.ജി ശ്രീജിത്തിനെ മാറ്റി വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അയാളെ അങ്ങനെ തന്നെ നിലനിര്‍ത്തിക്കൊണ്ട് രണ്ട് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരെ കൂടെ നിയമിക്കുകയാണ് ചെയ്തത്. ‘
കേസ് അട്ടിമറിച്ചതില്‍ പ്രധാന പങ്കുവഹിച്ച ഐ.ജി ശ്രീജിത്ത് അന്വേഷണ ഉദ്യോഗസ്ഥ സ്ഥാനത്തിരിക്കുമ്പോള്‍ എങ്ങനെയാണ് കീഴില്‍ വരുന്നമറ്റു ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ അന്വേഷണം നടത്താനാകുകയെന്നും ശ്രീജ ചോദിക്കുന്നു.
പെണ്‍കുട്ടിയ്ക്ക് നേരേ പീഡനമുണ്ടായെന്നതിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ടായിട്ടും പ്രതിയ്ക്ക് ജാമ്യം നല്‍കിയ വിചാരണ കോടതി നടപടി ശരിയല്ലെന്നായിരുന്നു ഇപ്പോള്‍ കോടതി തള്ളിയ ഹരജിയില്‍ കുട്ടിയുടെ അമ്മ ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ബി.ജെ.പി അനുഭാവി ആയതിനാലാണ് ആരോപണം ഉന്നയിച്ചതെന്നുമായിരുന്നു പ്രതിഭാഗം കോടതിയെ അറിയിച്ചത്.
അതേസമയം ഹരജിയില്‍ ക്രൈം ബ്രാഞ്ചിന്റെ നിലപാടും ചര്‍ച്ചയായിരുന്നു. പെണ്‍കുട്ടിയുടെ മാനസികനില ശരിയല്ലെന്നും കുട്ടിയ്ക്ക് കള്ളം പറയുന്ന സ്വഭാവം ഉണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പെണ്‍കുട്ടിയ്ക്ക് ഭാവനയില്‍ നിന്ന് കാര്യങ്ങള്‍ ഉണ്ടാക്കി അവതരിപ്പിക്കുന്ന ശീലവും ഉണ്ടെന്നെയിരുന്നു ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചത്. സാമൂഹ്യ നീതി വകുപ്പില്‍ നിന്നുള്ള ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ കണ്ടെത്തലുകളായിരുന്നു ഇതിനടിസ്ഥാനമായി ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയത്.
മാര്‍ച്ച് 17 നാണ് ലൈംഗികാതിക്രമം നേരിട്ട പെണ്‍കുട്ടിയുടെ കുടുംബം പാനൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പൊലീസിന്റെ തൊട്ടടുത്ത് തന്നെ ഉണ്ടായിട്ടും ബി.ജെ.പി നേതൃത്വമടക്കം പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടും പൊലീസിന് പ്രതിയെ ബുധനാഴ്ച (ഏപ്രില്‍ 15) ഉച്ചവരെ പിടികൂടാനായിരുന്നില്ല.
പാലത്തായിയിലെ സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ ബാലികയെ ഇതേ സ്‌കൂളിലെ അധ്യാപകനായ പദ്മരാജന്‍ പീഡിപ്പിച്ചുവെന്നാണ് പരാതി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Sreeja Neyyattinkara on Palathayi Case