| Thursday, 22nd April 2021, 8:42 am

സിദ്ദീഖ് കാപ്പന് കൊവിഡ്; ചികിത്സ ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഹാത്രാസ് കൂട്ടബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ ജയിലിലടച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തെഴുതി സിദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി കണ്‍വീനര്‍ ശ്രീജ നെയ്യാറ്റിന്‍കര.

യു.പിയിലെ മഥുര ജയിലില്‍ കഴിയുന്ന കാപ്പന് കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവായെന്നും അദ്ദേഹത്തിന് കൃത്യമായ ചികിത്സ ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും സമിതി ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശ്രീജയുടെ പ്രതികരണം.

‘അടിയന്തര പ്രാധാന്യമുള്ള ഒരു വിഷയം ചൂണ്ടിക്കാണിക്കാന്‍ വേണ്ടിയാണ് സിദ്ദിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി കണ്‍വീനര്‍ എന്ന നിലയില്‍ ഞാന്‍ താങ്കള്‍ക്ക് ഈ കത്തെഴുതുന്നത്. യു പിയിലെ മഥുര ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന സിദ്ദിഖ് കാപ്പന് കൊവിഡ് പോസിറ്റിവായിരിക്കുന്നു. ജയിലിലെ ലോക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ വൈകുന്നേരത്തോടെ മഥുരയിലെ കെ.എം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുന്നു എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. രണ്ടു മൂന്നു ദിവസങ്ങളായി പനിയുണ്ടായിരുന്ന അദ്ദേഹം കഴിഞ്ഞ രാത്രിയില്‍ ജയിലില്‍ കുഴഞ്ഞു വീഴുകയായിരുന്നു,’ ശ്രീജ ഫേസ്ബുക്കിലെഴുതി.

കാപ്പന്റെ ആരോഗ്യം സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കേരള ഭരണൂടത്തിനുണ്ടെന്നും അദ്ദേഹത്തിന് മരുന്നും ചികിത്സയും ലഭിക്കുന്നുണ്ടോയെന്ന് മുഖ്യമന്ത്രി ഉറപ്പുവരുത്തണമെന്നും ശ്രീജ പറഞ്ഞു.

ശ്രീജ നെയ്യാറ്റിന്‍കരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കേരള മുഖ്യമന്ത്രി പിണറായി വിജയന് ഒരു തുറന്ന കത്ത് ….

ബഹുമാനപ്പെട്ട മുഖ്യമന്ത്രി,

ഒരു സ്ത്രീയുടെ നിലയ്ക്കാത്ത തേങ്ങി കരച്ചില്‍ കേട്ട് ഹൃദയം പൊട്ടി എഴുതുന്നതാണീ കത്ത്
യു പി ഭരണകൂടം അന്യായമായി ജയിലിലടച്ചിരിക്കുന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ കുറിച്ച് താങ്കള്‍ക്ക് അറിവുള്ളതാണല്ലോ… അദ്ദേഹത്തിന്റെ അന്യായ തടങ്കലിനെതിരെ ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി തവണ അദ്ദേഹത്തിന്റെ ഭാര്യയും സിദ്ദിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതിയും താങ്കള്‍ക്ക് കത്ത് നല്‍കിയിരുന്നു … ഏറ്റവും ഒടുവില്‍ താങ്കളുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയും സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന സിദ്ദിഖ് തന്റെ ഭര്‍ത്താവിന്റെ മോചനത്തിനായി മുഖ്യമന്ത്രി ഇടപെടണം എന്നാവശ്യപ്പെട്ടിരുന്നു … എന്നാല്‍ താങ്കളുടെ ഭാഗത്ത് നിന്ന് യാതൊരു വിധ അനുകൂല ഇടപെടലും ഉണ്ടായില്ല…

എന്നാല്‍ ഇപ്പോള്‍ അടിയന്തര പ്രാധാന്യമുള്ള ഒരു വിഷയം ചൂണ്ടിക്കാണിക്കാന്‍ വേണ്ടിയാണ് സിദ്ദിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി കണ്‍വീനര്‍ എന്ന നിലയില്‍ ഞാന്‍ താങ്കള്‍ക്കീ കത്തെഴുതുന്നത്… യു പിയിലെ മഥുര ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന സിദ്ദിഖ് കാപ്പന് കോവിഡ് പോസിറ്റിവായിരിക്കുന്നു …. ജയിലിലെ ലോക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ വൈകുന്നേരത്തോടെ മഥുരയിലെ കെ എം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുന്നു എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനില്‍ നിന്നും അറിയാന്‍ കഴിഞ്ഞു … രണ്ടു മൂന്നു ദിവസങ്ങളായി പനിയുണ്ടായിരുന്ന അദ്ദേഹം കഴിഞ്ഞ രാത്രിയില്‍ ജയിലില്‍ കുഴഞ്ഞു വീഴുകയായിരുന്നു..

കടുത്ത പ്രമേഹ രോഗിയാണ് കാപ്പന്‍… യു പി യില്‍ കോവിഡ് രോഗികളോടുള്ള ഭരണകൂടത്തിന്റെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ ഹൈക്കോടതി പോലും രംഗത്തെത്തിയത് താങ്കള്‍ക്കും അറിവുള്ളതാണല്ലോ അങ്ങനെയൊരു സാഹചര്യത്തില്‍ ഭരണകൂട വേട്ടയ്ക്കിരയായ സിദ്ദിഖ് കാപ്പന് വേണ്ട വിധത്തിലുള്ള മരുന്നും ഭക്ഷണവും ലഭിക്കുന്നുണ്ടാകുമോ എന്ന ആശങ്കയിലാണ് അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും … അദ്ദേഹത്തിന്റെ ഭാര്യ ഈ വിവരം അറിഞ്ഞത് മുതല്‍ കടുത്ത മാനസികാഘാതത്തിലാണ്…

സിദ്ദിഖ് കാപ്പന്റെ ആരോഗ്യം സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കേരള ഭരണകൂടത്തിനുണ്ട്.. യു പിയില്‍ അന്യായ തടങ്കലിലുള്ള ഒരു മലയാളി മാധ്യമ പ്രവര്‍ത്തകന്റെ ജീവന്‍ കോവിഡ് ഭീഷണിയില്‍ നിന്ന് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇടപെടല്‍ നടത്താന്‍ കഴിയും എന്ന് വിശ്വസിക്കുന്നു … സിദ്ദിഖ് കാപ്പന് ഭക്ഷണവും മരുന്നും ചികത്സയും ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്തം പൗരന്റെ ജീവന് വില കല്പിക്കുന്ന ഭരണാധികാരിക്കുണ്ട് അത് താങ്കള്‍ നിര്‍വ്വഹിക്കും എന്ന പ്രതീക്ഷയോടെ താങ്കളുടെ അടിയന്തര ഇടപെടല്‍ ഈ വിഷയത്തില്‍ ഉണ്ടാകും എന്ന പ്രത്യാശയോടെ

ശ്രീജ നെയ്യാറ്റിന്‍കര

കണ്‍വീനര്‍,
സിദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി

Content Highlights: Sreeja Neyyattinkara  Facebook Post About Siddique Kappan

We use cookies to give you the best possible experience. Learn more