തിരുവനന്തപുരം: ഗംഗേശാനന്ദയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് പോക്‌സോ കോടതിയുടെ വിമര്‍ശനം. ശ്രീഹരി സ്വാമിയെ കോടതിയില്‍ ഹാജരാക്കത്തതിനാണ് തിരുവനന്തപുരം പോക്സോ കോടതി പൊലീസിനെ വിമര്‍ശിച്ചത്.
പ്രതിയുടെ ആരോഗ്യ സ്ഥിതി മനസിലാക്കുന്നതിനായി കേസ് പരിഗണിക്കുമ്പോള്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സ്വാമി കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ സമര്‍പ്പിച്ച പൊലീസ് ഇന്നും അദ്ദേഹത്തെ ഹാജരാക്കിയില്ല.
ഇതേത്തുടര്‍ന്ന് കോടതി അന്വേഷണ ഉദ്യോഗസ്ഥനായ പേട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് വിശദീകരണം തേടിയപ്പോള്‍ ഗംഗേശാനന്ദ ജയില്‍ അധികൃതരുടെ കസ്റ്റഡിയിലാണെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ഗംഗേശാനന്ദ പൊലീസ് കസ്റ്റഡിയിലാണെന്നാണുള്ളത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയശേഷമാണ് കോടതി “ഗംഗേശാനന്ദ ആരുടെ കസ്റ്റഡിയിലാണ്?” എന്ന ചോദ്യമുയര്‍ത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് പേട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് വിശദീകരണം നല്‍കാനും കോടതി ആവശ്യപ്പെട്ടു. ഇന്നുതന്നെ ഗംഗേശാനന്ദയെ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.
Also Read: ചൈനയില്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കി ആമിര്‍ ഖാനും ദംഗലും; പിന്നിലാക്കിയവരില്‍ മോദിയും
പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പു മുതല്‍ സ്വാമി പീഡിപ്പിക്കുന്നുണ്ടായിരുന്നു എന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്വാമിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത്.