തൊഴില്‍ സുരക്ഷ ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചതല്ല. വലിയ സംസ്‌കാരങ്ങള്‍ ഉണ്ടായ കാലം മുതല്‍ക്ക് വലിയ അനീതികളിലൂടെയാണ് മനുഷ്യാധ്വാനത്തെ ഒരു ന്യൂനപക്ഷം ചൂഷണം ചെയ്തുകൊണ്ടിരുന്നത്. നേരിട്ടുള്ള അടിമത്വമായിരുന്നു പ്രാചീന ഗ്രീസില്‍, റോമില്‍. അത് നൂറോ ആയിരമോ കൊല്ലം കൊണ്ട് ഇല്ലാതായതൊന്നും ഇല്ല. ഗ്രീസും റോമും എല്ലാം നിലം പതിച്ചിട്ടും ചുളുവില്‍ മനുഷ്യന്റെ അധ്വാനത്തെ സ്വന്തമാക്കുന്ന സമ്പ്രദായം ഇല്ലാതായില്ല. എന്തിന് യൂറോപ്പിലെ നവോത്ഥാനകാലഘട്ടത്തിനു ശേഷം പോലും അതില്ലാതായില്ല. അമേരിക്കന്‍ കോട്ടണ്‍ കൃഷിയിടങ്ങളില്‍ പോലും അടിമത്തം ഇല്ലാതായിട്ട് ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളൂ. അത്രയ്ക്കാണ് മറ്റൊരുവന്റെ അധ്വാനത്തെ ചൂഷണം ചെയ്യാനുള്ള സമ്പന്ന വര്‍ഗത്തിന്റെ ആര്‍ത്തി. റേയ്‌സിസവും സെക്‌സിസവും ജാതീയതയും ഒക്കെ പലപ്പോഴും അതിനുള്ള ആശയോപാധി ആയിട്ടാണ് ഉപയോഗിക്കപ്പെടുന്നത്.
ലോകത്ത് ഇന്ന് കാണുന്ന, ഇന്ത്യയിലടക്കം തത്വത്തില്‍ എങ്കിലും നിലനില്‍ക്കുന്ന തൊഴിലാളികളുടെ ചുരുങ്ങിയ അവകാശങ്ങള്‍ കഴിഞ്ഞ ഒന്നൊന്നര നൂറ്റാണ്ടിനിടയില്‍ മാത്രം നിരന്തര സമരങ്ങളിലൂടെയും നെഗോഷ്യേഷനുകളിലൂടെയും നേടിയെടുത്തതാണ്. എല്ലാമായതെന്നല്ല , നേടിയ അത്രയെങ്കിലും.
പത്രങ്ങളില്‍ വാര്‍ത്തയാകാതെ, ചാനലുകളില്‍ ചര്‍ച്ച ചെയ്യാതെ ആണ് ഇന്നലെ ഇന്ത്യയില്‍ തൊഴില്‍ സുരക്ഷ നിയമപരമായി അപ്രത്യക്ഷമായത്. പ്രാക്റ്റീസില്‍ വരാന്‍ ഇനി ചുരുങ്ങിയ ആഴ്ചകള്‍/മാസങ്ങള്‍ മതിയാകും.
ഒരിക്കല്‍ നേടിയെടുത്ത അവകാശങ്ങള്‍ക്കായി വീണ്ടും പൊരുതേണ്ടി വരുന്ന ഗതികേടിലേക്ക് തൊഴിലെടുക്കുന്ന സാധാരണക്കാരെ ഈ മാറ്റങ്ങള്‍ കൊണ്ട് ചെന്നെത്തിക്കും. ഇവിടെ ഏറ്റവും പ്രതികൂലമായ വിഷയം എന്ത് കൊണ്ട് ഈ വിഷയം മാധ്യമങ്ങളില്‍ ചര്‍ച്ചയായില്ല എന്നതിലുണ്ട്. അതില്‍ മാത്രമല്ല എന്ത്‌കൊണ്ട് ഈ വിഷയം പ്രധാനമാണ് എന്ന് സോഷ്യല്‍ മീഡിയയിലോ ചായക്കടയിലെ ചര്‍ച്ചകളിലോ പോലും ഉന്നയിക്കാന്‍ നിലവിലെ സാംസ്‌കാരിക സാഹചര്യത്തില്‍ സാധ്യമല്ല എന്നതില്‍ കൂടിയുണ്ട്.
ശക്തി കൊണ്ട്, നേരിട്ടുള്ള അടിച്ചമര്‍ത്തല്‍ കൊണ്ട് അല്ല പ്രിവില്യേജുള്ളവര്‍ ചൂഷണത്തെ നിലനിര്‍ത്തുന്നത് എന്നത് നേരത്തെ നാം മനസിലാക്കിയ വിഷയമാണ്. ഇന്ത്യന്‍ ജാതിവ്യവസ്ഥ നോക്കിയാല്‍ മതി. തീര്‍ച്ചയായും ദളിതരടക്കമുള്ള അവര്‍ണര്‍ക്ക് മേല്‍ ഫിസിക്കല്‍ വയലന്‍സ് നടപ്പാക്കാന്‍ സാവര്‍ണ്യത്തിനു മടി ഉണ്ടായിട്ടില്ല. ഇപ്പോഴും ഇല്ല. പക്ഷെ വളരെ ചുരുക്കം അവസരങ്ങളില്‍, റ്റു മേക് എ പോയിന്റ്, മാത്രമാണ് നേരിട്ട് വയലന്‍സ് പ്രവര്‍ത്തിക്കുന്നത്. അപ്പോള്‍ പോലും ദളിതന്‍ ആഞ്ഞൊന്ന് തിരിച്ച് വീക്കിയാല്‍ തീരുന്നതേയുള്ളൂ.
സിസ്റ്റമാറ്റിക് ആയി ദളിത് പ്രതിരോധങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ബ്രാഹ്മിണിക് ഹിന്ദൂയിസം ശ്രമിക്കുന്നു എന്നതും ശരിയാണ്. പക്ഷെ അതിനേക്കാളും ഇഫക്റ്റീവ് ആയ മറ്റൊന്ന് ജാതിഹിന്ദു അവര്‍ണന്റെ മേലെ പ്രയോഗിക്കുന്നുണ്ട്. പ്രത്യയശാസ്ത്രമാണത്. ജന്മം കൊണ്ടാണ്, പ്രത്യേകിച്ച് പൂര്‍വജന്മത്തിലെ പാപഫലമായാണ് ഒരാള്‍ ദളിതനായി ജനിക്കുന്നതെന്ന്, അതിനാല്‍ ഈ ജന്മം അവള്‍ അടിമയായി ജീവിച്ചു തീര്‍ക്കണമെന്ന് നിരന്തരം പൊതുബോധത്തില്‍ തത്വം പ്രചരിപ്പിച്ചാണ് ഒരു പ്രതിരോധം പോലും വേണ്ടെന്ന നിലയില്‍ ദളിതന്റെ അവസ്ഥയെ ചുരുക്കിക്കളയുന്നത്. തന്റെ വെജിറ്റേറിയനിസം ഉന്നതവും ദളിതന്റെ മാംസഭക്ഷണം മ്ലേച്ഛവും എന്ന് തിയറൈസ് ചെയ്യുന്നത് വര്‍ഗപരമായി തങ്ങളുടെ ശീലങ്ങള്‍ പോലും ഉന്നതവും നീചവും ആയി വേര്‍ തിരിഞ്ഞിരിയ്ക്കുന്നു എന്ന ബോധസൃഷ്ടിയ്ക്കായാണ്.
ഹെഗിമണി എന്ന് ഗ്രാംഷി വിവക്ഷിക്കുന്ന ആശയം ഏതാണ്ട് ഇതുമായി ബന്ധപ്പെട്ടതാണ്. ഇതിനു തത്തുല്യമായ മലയാളപദമില്ല. മേലെ പറഞ്ഞ ഉദാഹരണത്തില്‍ ആ ആശയമുണ്ട് താനും. ഗ്രാംഷിയെ അറിയാതെ തന്നെ കേരളത്തില്‍ നാരായണഗുരു ഈ തത്വം തിരിച്ചറിയുകയും പ്രതിരോധത്തിനു ശ്രമിക്കുകയും ചെയ്തിരുന്നു. മദ്യം പൂര്‍ണമായി വര്‍ജ്ജിക്കാന്‍ ഗുരു ആഹ്വാനം ചെയ്തത് മദ്യത്തോടുള്ള കേവലമായ എന്തെങ്കിലും വിരോധം കൊണ്ടാണെന്ന് കരുതുക പ്രയാസമാണ്. മദ്യം ഉണ്ടാക്കുന്ന ശേഖരിക്കുന്ന വില്‍ക്കുന്ന പ്രവര്‍ത്തി രണ്ടാം തരമാണെന്ന ബോധം സമൂഹത്തില്‍ ഉണ്ടെങ്കില്‍, അതില്‍ ഏര്‍പ്പെടുന്ന ഈഴവവിഭാഗത്തിന് സ്വയം ഉണ്ടാകാന്‍ സാധ്യതയുള്ള ആത്മനിന്ദയെ ഇല്ലായ്മ ചെയ്യാന്‍, ആ പേരും പറഞ്ഞ് സവര്‍ണര്‍ക്ക് ഈഴവരുടെ മേല്‍ മാനസിക അധീശത്വം സൃഷ്ടിക്കാന്‍ ഉള്ള സാധ്യതകളെ കൂടെ ഇല്ലാതാക്കിക്കളയാനാണ്.
തൊഴിലാളിവര്‍ഗം ലോകത്താകമാനം ഒരു പ്രതിസന്ധി ഈ അര്‍ഥത്തില്‍ അനുഭവിക്കുന്നുണ്ട്. പ്രതിരോധങ്ങളില്ലാതെ അവള്‍ക്ക് തൊഴില്‍നിയമഭേദഗതി സ്വീകരിക്കേണ്ടി വരുന്നത് മാധ്യമങ്ങളുടെ സഹായത്തോടെ ഭരണവര്‍ഗം നിലവില്‍ സൃഷ്ടിച്ച ഹെഗിമണിയുടെ പിന്‍ ബലത്തില്‍ ആണ്. കഴിഞ്ഞ കുറേ ദശാബ്ധങ്ങള്‍ ആയി ചണമില്ലുമുതലാളികളുടെയും റബ്ബര്‍ ജയന്റ്‌സിന്റെയും പത്രങ്ങള്‍ ആ തരത്തിലാണ് തൊഴിലാളികള്‍ക്ക് മേലെ അധീശത്വബോധം സമൂഹത്തില്‍ സൃഷ്ടിക്കുന്നത്. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കൂടെച്ചേര്‍ന്നാണ് ഇന്ത്യയില്‍ ഈ ഹെഗിമണി സൃഷ്ടിച്ചത് പെര്‍മനന്റ് ജോലികളേക്കാള്‍ ഫാക്റ്ററികളില്‍ നല്ലത് കോണ്ട്രാക്റ്റ് ജോലികളായിരിക്കും എന്ന് വിശ്വസിക്കുന്ന നല്ലൊരു ശതമാനം ഇവിടെ ഉണ്ടായിക്കാണും. അവരോട് ഇന്നലത്തെ തൊഴില്‍നിയമഭേദഗതിയുടെ മനുഷ്വത്യവിരുദ്ധതയെ , ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെപ്പറ്റി മനസിലാക്കിപ്പിക്കാന്‍ പ്രയാസമാണ്. കാരണം ചരിത്രപരമായി അല്ല തൊഴില്‍ നിയമങ്ങളെ അവര്‍ മനസിലാക്കിയിരിക്കുക, ചരിത്രത്തില്‍ നിന്ന് അടര്‍ത്തിമാറ്റി ഉണ്ടാക്കിയ യൂണിയന്‍ പ്രവര്‍ത്തനമെന്ന എന്തോ വിപത്തിന്റെ സൃഷ്ടി എന്ന നിലയില്‍ ആണ്.
ഈ മനുഷ്യത്വരഹിത നിയമങ്ങളുടെ പ്രത്യാഘാതങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകും. ആസിയാന്‍ പോലുള്ള ഫ്രീ ട്രേഡ് കരാറുകളുടെ കൂടെ ദീര്‍ഘകാലഫലമായാണ് ഇന്ത്യന്‍ കര്‍ഷകരുടെ ശോചനീയ അവസ്ഥ ഉണ്ടായത്. ഇത്തരം സാമ്പത്തികനയങ്ങള്‍ക്കെതിരെ അന്നും പ്രതിഷേധങ്ങളും സമരങ്ങളും ഉണ്ടായിരുന്നു. പക്ഷെ നയങ്ങള്‍ നടപ്പിലായി. വര്‍ഷങ്ങള്‍ക്ക് ശേഷം നമുക്കാകെ കാണാന്‍ കഴിയുന്നത് പല വിളകള്‍ക്കും ആവശ്യമായ വില നേടിയെടുക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കുന്നില്ല എന്ന് മാത്രമാണ്. ഇതിനിടെ സങ്കീര്‍ണമായ പല സാമ്പത്തികഘടകങ്ങള്‍ക്കിടയില്‍ ഒരു വേരിയബിള്‍ മാത്രമായി പഴയ ഓരോ സാമ്പത്തിക നയങ്ങളും മാറിക്കഴിഞ്ഞിരിക്കും.
ഇങ്ങനെയുള്ള ദീര്‍ഘകാല പ്രത്യാഘാതങ്ങളുടെ ഫലമായാണ് കര്‍ഷകര്‍ക്ക് ഇന്ന് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ സംഘടിക്കേണ്ടി വരുന്നത്. സ്വയം ദുരിതമായ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടി വരുന്നത്. നാളെ തൊഴിലാളിവര്‍ഗവും ഇതേ അവസ്ഥയില്‍ എത്തും എന്നാണ് സര്‍ക്കാര്‍ നയങ്ങള്‍ സൂചിപ്പിക്കുന്നത്.
ഇവിടെയൊരു പ്രശ്‌നം കൂടെ.മഹാരാഷ്ട്രയിലെ കര്‍ഷകസമരം സമാധാനമായി ഒത്തുതീര്‍ന്നത്, അവരെ വാഗ്ദാനങ്ങള്‍ എഴുതിനല്‍കി മടക്കിയത് (അത് നടപ്പാവുമോ എന്നത് വേറെ കാര്യം) ഇന്നും ജനാധിപത്യം ഇവിടെ ബാക്കിയുള്ളത് കൊണ്ടാണ്. ഒരു ടോറ്റാലിറ്റേറിയന്‍ സിസ്റ്റം ഇവിടെ വന്ന് കഴിഞ്ഞാല്‍ പിന്നെ പ്രതിരോധങ്ങള്‍ കായികമായി ത്തന്നെ ആവും ഒതുക്കിത്തീര്‍ക്കുക.
പത്രമുതലാളിമാരുടെ കാര്യം വിട്ടേക്കാം. പക്ഷെ പത്രത്തില്‍ ജോലി ചെയ്യുന്നവരെങ്കിലും ഈ വിഷയത്തെ ചര്‍ച്ച ചെയ്യാന്‍ മുന്നോട്ട് വരേണ്ടിയിരുന്നു. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ മുമ്പ് മാത്രമാണ് കേരളത്തിലെ പ്രധാന പത്രങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാന്യമായി പ്രതിഫലം കിട്ടിത്തുടങ്ങിയത്. ശക്തമായ തൊഴില്‍ നിയമങ്ങള്‍ ഇന്ത്യയില്‍ ഉള്ളത് കൊണ്ടാണ് കോടതിവഴി അത്തരമൊരു മാറ്റം ഉണ്ടാക്കാന്‍ സാധിച്ചത് തന്നെ. അല്ലാതെ അത് ഔദാര്യമായി പത്ര ഉടമകള്‍ നല്‍കുക ആയിരുന്നില്ല. തൊഴില്‍നിയമങ്ങളെ ഓരോന്നായി സര്‍ക്കാര്‍ കൈവെച്ച് തുടങ്ങുമ്പോള്‍ തുടക്കത്തില്‍ ബാധിക്കുക കായികാധ്വാനം ആവശ്യപ്പെടുന്ന തൊഴില്‍ മേഖലകള്‍ ആണെങ്കിലും പിന്നീട് എല്ലാവരെയും ബാധിക്കും എന്നത് ഉറപ്പ്. എന്നും ട്രിവിയല്‍ ആയ വിഷയങ്ങള്‍ മാത്രം പത്രങ്ങളിലും ചാനലുകളിലും ചര്‍ച്ച ചെയ്താല്‍ മതിയോ എന്ന് ആത്മപരിശോധനയെങ്കിലും നടത്താന്‍ തയ്യാറാവുക.
കര്‍ഷകര്‍ക്കിടയിലൊക്കെ പ്രവര്‍ത്തിക്കാനും അവരെ പ്രചോദിപ്പിക്കാനും തയ്യാറായി വിജൂ കൃഷ്ണന്മാര്‍ ഉണ്ടാകാതിരിക്കാനാണ്, ഒരു തരത്തിലും മുതലാളിത്ത ഹെജിമെണിയെ ആരും ചാലെഞ്ച് ചെയ്യാതിരിക്കാനുമാണ് ജെ.എന്‍.യു പോലുള്ള അക്കാദമിക് സ്ഥാപനങ്ങളെ തകര്‍ത്ത് കളയാന്‍ സര്‍ക്കാറും ഹിന്ദുത്വയും ശ്രമിക്കുന്നത്. അതില്‍ വിജയിച്ചാല്‍ പോലും സമൂഹത്തിന്റെ ഉള്ളില്‍ നിന്ന് നേരിട്ട് നാരായണ ഗുരുക്കന്മാര്‍ ഉണ്ടായിവരുന്നത് തടയാന്‍ ഇവര്‍ക്ക് സാധിക്കുമോ? സംശയമാണ്.