പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളേക്കാള്‍ കട്ട് ഓഫ് മാര്‍ക്ക്; പെര നിറഞ്ഞ് നില്‍ക്കുന്ന ആണുങ്ങള്‍!!!
FB Notification
പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളേക്കാള്‍ കട്ട് ഓഫ് മാര്‍ക്ക്; പെര നിറഞ്ഞ് നില്‍ക്കുന്ന ആണുങ്ങള്‍!!!
ശ്രീഹരി ശ്രീധരന്‍
Saturday, 18th May 2019, 1:45 pm

 

കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ നിന്നും ഈയിടെ കേള്‍ക്കുന്ന ‘വര്‍ത്താന’ങ്ങളില്‍ ഒന്നാണ് ആണ്‍കുട്ടികള്‍ക്ക് കല്യാണമാവുന്നില്ല എന്നത്. ഒന്നിലധികം ഇടങ്ങളില്‍ നിന്നും ഒന്നിലധികം കമ്മ്യൂണിറ്റികളില്‍ നിന്നും ഇതേ പരാതികള്‍ കേട്ടിട്ടുണ്ട്. സുഡാനി എന്ന സിനിമയിലെ മജീദിന്റെ കഥാപാത്രത്തിനും ഈ പ്രത്യേകത കൊടുത്തു കണ്ടു.

സാമാന്യ പ്രസ്താവന ആണെങ്കില്‍ ക്ഷമിക്കുക, പക്ഷെ കേരളത്തില്‍ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസത്തിന് ആണ്‍കുട്ടികളേക്കാള്‍ പ്രാധാന്യം നല്‍കുന്നുണ്ട് എന്ന് തോന്നുന്നു. മാരക ഉഴപ്പല്‍ പെണ്‍കുട്ടികള്‍ക്ക് ഇടയില്‍ താരതമ്യേന കുറവായിരിക്കണം. അതിനാല്‍ തന്നെ പെണ്‍കുട്ടികള്‍ ഒന്നുകില്‍ മിനിമം ബിരുദാനന്തര ബിരുദം എങ്കിലും നേടുന്നു , അല്ലെങ്കില്‍ പ്രഫഷനല്‍ കോഴ്‌സുകള്‍ പാസാവുന്നു.

ആണ്‍കുട്ടികള്‍ ആണെങ്കില്‍ ( ഇപ്പൊഴത്തെ വിദ്യാര്‍ത്ഥികള്‍ അല്ല, ഇപ്പോള്‍ വിവാഹപ്രായമെത്തിയവര്‍, പണ്ടത്തെ വിദ്യാര്‍ഥികള്‍) നല്ലൊരു ശതമാനം ഉഴപ്പി. എന്നാല്‍ പെണ്‍കുട്ടികള്‍ നല്ല വിദ്യാഭ്യാസമോ ജോലിയോ ഉള്ളവരെയോ കല്യാണം കഴിച്ചാല്‍ മതി എന്ന് തീരുമാനിക്കുന്നതോടെ (അല്ലെങ്കില്‍ അവരുടെ രക്ഷകാര്‍ത്താക്കള്‍ തീരുമാനിക്കുന്നത് കൊണ്ട്) , വിവാഹത്തില്‍ ആണുങ്ങള്‍ ആണ് കോമ്പറ്റീഷന്‍ നേരിടേണ്ടി വരുന്നത്.

വളരെ സങ്കടത്തോടെയാണ് മിക്കവരും ഈ വസ്തുത പറയുന്നതെങ്കിലും ഈ ഡാറ്റ (അത് ശരിയാണെങ്കില്‍ ) സൂചിപ്പിക്കുന്നത് കേരളം നിശ്ശബ്ദമായി കൈവരിച്ചുകൊണ്ടിരിക്കുന്ന ഒരു ബെറ്റര്‍ ഡെവലപ്‌മെന്റ് ഇന്‍ഡെക്‌സിനെ ആണ്. കല്യാണപ്രായം കഴിഞ്ഞ് ‘പെര നിറഞ്ഞ് നില്‍കുന്ന’ പെണ്ണുങ്ങള്‍ എന്നത് മാറി ആണുങ്ങള്‍ എന്നായിട്ടുണ്ടെങ്കില്‍, നിശ്ശബ്ദമായ ഒരു മാറ്റം ഇതിനിടയില്‍ എവിടെയോ സംഭവിച്ചിട്ടുണ്ട്.

(വൈകാരികത മാറ്റി നിര്‍ത്തി വായിക്കുക – കല്യാണം നടക്കാത്ത ആണ്‍കുട്ടികളുടെ ദുഃഖത്തോടൂള്ള ഇന്‍സെന്‍സിറ്റിവിറ്റി, പെണ്‍കുട്ടികള്‍ പെര നിറഞ്ഞ് നില്‍ക്കുന്നത് പ്രശ്‌നമാണോ – അത് പൊളിറ്റിക്കലി ഇന്‍കറകറ്റല്ലേ, കേരളത്തില്‍ ഇപ്പോഴും സ്ത്രീധനവുമായി ബന്ധപ്പെട്ട ക്രൂരതകളുടെ കേസുകള്‍ പത്രത്തില്‍ വരുന്നുണ്ടല്ലോ, വിദ്യാഭ്യാസമുള്ള പെണ്‍കുട്ടികളുടെ വിവാഹവും രക്ഷിതാക്കള്‍ ആണ് നിശ്ചയിക്കുന്നതെങ്കില്‍ പിന്നെന്ത് പുരോഗമനമാണ് – ഇതൊക്കെ വേറെ വിഷയങ്ങളാണ്. )

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നടത്തിയ സാക്ഷരതായജ്ഞം മുതല്‍ പെണ്‍കുട്ടികളും പഠിക്കണം എന്ന ബോധവല്‍ക്കരണം ഭൂരിഭാഗം രക്ഷിതാക്കളുടെ തലച്ചോറിലേക്ക് എത്തിക്കാനായത് വരെ, ഒരു സമൂഹം എന്ന നിലയില്‍ മലയാളികള്‍ ചെയ്ത പോസിറ്റീവ് ആയ കാര്യങ്ങളുടെ നല്ല ഫലം പതുക്കെ കണ്ടു തുടങ്ങുന്നതിന്റെ ഒരു ലക്ഷണമാണ്.

ഇതിന്റെ മറ്റൊരു വശമാണ് ബാംഗ്ലൂരില്‍ ചില കോളേജുകള്‍ പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളേക്കാള്‍ കട്ട് ഓഫ് മാര്‍ക്ക് ഈ വര്‍ഷം നിശ്ചയിച്ചിരിക്കുന്നതും. Its wrong , unethical and mostly illegal. ബട് അതല്ല വിഷയം. ശരിയായ ഒരു നേട്ടം സൗത്തിന്ത്യയില്‍ , പ്രത്യേകിച്ചും കേരളത്തില്‍ സ്ത്രീകള്‍ നേടി എടുത്തുകൊണ്ടിരിക്കുന്നു എന്ന് ഈ ലക്ഷണങ്ങള്‍ സൂചിപ്പിക്കുന്നു.

അതിന് കൃത്യമായ രാഷ്ട്രീയസാമൂഹിക കാരണങ്ങള്‍, രണ്ടും മൂന്നും നാലും പതിറ്റാണ്ടുകള്‍ പഴക്കമുള്ള കാരണങ്ങള്‍ ഉണ്ട് എന്ന് നമ്മള്‍ കാണേണ്ടതുണ്ട്. ഇന്ന് നടക്കുന്ന നവോത്ഥാനത്തെ ഓര്‍മപ്പെടുത്തിക്കൊണ്ടുള്ള ജെന്‍ഡര്‍ വിഷയങ്ങളിലെ ചര്‍ച്ചകളും രണ്ടും മൂന്നും പതിറ്റാണ്ടുകള്‍ കഴിയുമ്പോള്‍ ആവാം ശരിയായ ഗുണഫലങ്ങള്‍ കാണിക്കാന്‍ പോകുന്നത് എന്നും ഓര്‍ക്കാം.