| Thursday, 8th March 2018, 1:27 pm

ലൈറ്റ് മെട്രോ: സംസ്ഥാനസര്‍ക്കാരിന് അലംഭാവം; ദു:ഖത്തോടെയാണ് പിന്‍മാറുന്നത്: ഇ. ശ്രീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് പിന്‍മാറിയതിന് വിശദീകരണവുമായി മെട്രോമാന്‍ ഇ.ശ്രീധരന്‍. സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അലംഭാവം  കാരണമാണ് പദ്ധതിയില്‍ തുടരാത്തതെന്നാണ് ശ്രീധരന്‍ പറഞ്ഞത്. പിന്‍മാറുന്നതില്‍ ദു:ഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാധാരണയായി പദ്ധതി സമര്‍പ്പിച്ച് കേന്ദ്ര അനുമതി ലഭിക്കാന്‍ സാധാരണ രണ്ടു കൊല്ലമെടുക്കും. എന്നാലും പ്രാരംഭ പ്രവര്‍ത്തികള്‍ ആരംഭിക്കാറുണ്ട്.

ഇപ്രകാരം 2016 ഡി.എം.ആര്‍.സി ആദ്യനടപടികള്‍ ആരംഭിച്ചിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്ന ശേഷവും ഇത് തുടരാനുള്ള തീരുമാനം എടുത്തു.

ഇതുപ്രകാരം ഡി.എം.ആര്‍.സിയെ ഇത്തരം ജോലികള്‍ ചെയ്യുന്നതിന് അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവും ഇറക്കി. ഡിസംബര്‍ 2016ല്‍ ആണ് ഇത്.


Related News:

കെ.കെ രമയ്‌ക്കെതിരെ പിണറായി; ‘ദല്‍ഹിയില്‍ പോയി സമരമിരുന്നത് കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം’


15 മാസത്തിനു ശേഷവും ഇതിനുള്ള കരാര്‍ ഒപ്പിടാന്‍ സാധിച്ചില്ല. എന്നാല്‍ ഇതിനിടയിലും ഡി.എം.ആര്‍.സി മറ്റു പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നിരുന്നു. കരാര്‍ ഒപ്പിട്ട് ജോലികള്‍ ആരംഭിക്കണമെന്നും കാര്യങ്ങള്‍ക്ക് യാതൊരു പുരോഗതിയും ഇല്ലെന്നും  മുഖ്യമന്ത്രിയെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയെയും കണ്ട് പറഞ്ഞിരുന്നു.

രേഖാമൂലം കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ ഒരുവിധത്തിലുള്ള നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ജോലികള്‍ നടക്കാതെ പ്രതിമാസം തുക ചെലവഴിക്കാനാകില്ല. ഇങ്ങനെയാണെങ്കില്‍ പദ്ധതിയില്‍നിന്ന് പിന്‍മാറുകയാണെന്ന് കാണിച്ച് ജനുവരി 24ന് ഒരു നോട്ടീസ് നല്‍കി. മുഖ്യമന്ത്രിയെ നേരിട്ടു കാണാന്‍ അനുമതി തേടിയെങ്കിലും അനുവാദം ലഭിച്ചില്ല. നിവൃത്തിയില്ലാതെ ഫെബ്രുവരി 16ന് പ്രവര്‍ത്തനം നിര്‍ത്തുകയും ജീവനക്കാരെ സ്ഥലംമാറ്റുകയും ചെയ്തു. മാര്‍ച്ച് 15ഓടുകൂടി പൂര്‍ണമായും ഓഫീസ് പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കും. ഇത്രയൊക്കെ ആയതിനു ശേഷം പിന്‍മാറുന്നത് വലിയ വിഷമത്തോടെയാണെന്നും ശ്രീധരന്‍ പറഞ്ഞു.

കരാര്‍ കാലാവധി കഴിഞ്ഞെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന ശരിയല്ല. ഇതുവരെ കരാര്‍ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ കാലാവധി കഴിയുകയെന്ന പ്രസ്താവന തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ നഷ്ടമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണ്. കൊച്ചി മെട്രോ എന്നല്ല, ലൈറ്റ് മെട്രോ അടക്കം ഒരു മെട്രോയും ലാഭം ഉണ്ടാക്കില്ല. പൂര്‍ണ സജ്ജമായാലേ ഗുണകരമാകു. മാത്രമല്ല സര്‍ക്കാര്‍ പദ്ധതികള്‍ ലാഭം മാത്രം ലക്ഷ്യമിട്ടുള്ളതല്ല അത് സേവനം കൂടിയാണ്. ലാഭമില്ലെന്ന് മാത്രം പറഞ്ഞ് പിന്‍വാങ്ങാനാവില്ല വരുമാനത്തില്‍ നിന്ന് ചിലവുകള്‍ കണ്ടെത്താനാവുമെന്ന സ്ഥിതി മാത്രമേ പരമാവധി സാധ്യമാകൂ എന്നും ശ്രീധരന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more