| Monday, 19th November 2018, 7:40 pm

ശബരിമലയില്‍ സ്ത്രീപ്രവേശനം പ്രശ്‌നമല്ലെന്ന് പറഞ്ഞിട്ടില്ല; മലക്കംമറിഞ്ഞ് ശ്രീധരന്‍പിള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനെതിരല്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

“ശബരിമലയില്‍ ആചാരലംഘനത്തിനായി എത്തുന്ന യുവതികളെ പ്രവേശിപ്പിക്കുന്നതാണ് പ്രശ്നം. സ്ത്രീ പ്രവേശനമല്ല. ശബരിമല തകര്‍ക്കാനായി കമ്മ്യൂണിസ്റ്റുകള്‍ നടത്തിവരുന്ന ശ്രമത്തെപ്പറ്റി തുടക്കം മുതലെ ഞാന്‍ പറയുന്നത് ഇന്നും കോഴിക്കോട് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെ ആവര്‍ത്തിക്കുകയായിരുന്നു. ആ പ്രസ്താവനയെ തെറ്റായി ഉദ്ധരിച്ചും വളച്ചൊടിച്ചും തെറ്റിദ്ധാരണ പരത്താനുള്ള ചിലരുടെ ശ്രമം നിര്‍ഭാഗ്യകരമാണ്.”

നേരത്തെ ശബരിമലയില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം യുവതീ പ്രവേശനത്തിന് എതിരെയല്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായിട്ടാണ് ഈ സമരം. അല്ലാതെ സ്ത്രീകള് വരുന്നോ പോകുന്നോന്ന് നോക്കാന്‍ വേണ്ടിയല്ലെന്നാണ് ശ്രീധരന്‍ പിള്ള മാധ്യമങ്ങളോടു പറഞ്ഞത്.


ALSO READ: ശബരിമലയിലെ നിരോധാനാജ്ഞ ലംഘിക്കല്‍; കെ. സുരേന്ദ്രന് ജാമ്യമില്ല, അറസ്റ്റിലായ 68 പേര്‍ റിമാന്‍ഡില്‍

സ്ത്രീകള് വരാതിരിക്കാനുള്ള സാഹചര്യമുണ്ടായാല്‍ ബി.ജെ.പി സമരത്തില്‍ നിന്ന് പിന്മാറുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.


“സ്ത്രീകള് വരുന്നതിനെ സംബന്ധിച്ചല്ല ഈ സമരം. കമ്മ്യൂണിസ്റ്റുകാര്‍ ഇതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ആ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായിട്ടാണ് ഞങ്ങളുടെ സമരം. കോടിക്കണക്കിന് ആളുകളുടെ ഒപ്പു ശേഖരിക്കാന്‍ അവരുടെ വീട്ടില്‍ പോകുന്നത് അതിനുവേണ്ടിയാണ്. അല്ലാതെ അവിടെ സ്ത്രീകള് വരുന്നോ പോകുന്നോന്ന് നോക്കാന്‍ വേണ്ടിയല്ല.” എന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്.

ALSO READ: ശബരിമല യുദ്ധക്കളമാക്കിയതില്‍ ഹരജി നല്‍കിയവര്‍ക്കും പങ്ക്; പൊലീസ് നടപടികളില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി

യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് ആചാരലംഘനമാണെന്ന് അവകാശപ്പെട്ടാണ് ബി.ജെ.പി സമരവുമായി രംഗത്തുവന്നത്. വിധി വരുന്നതിനു മുമ്പ് സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചിരുന്ന ബി.ജെ.പി ആര്‍.എസ്.എസ് നേതൃത്വം വിധി വന്നതിനു പിന്നാലെ ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് നിലപാട് മാറ്റി പ്രതിഷേധ രംഗത്തിറങ്ങിയത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more