| Thursday, 28th March 2019, 10:47 am

''ഒന്ന് സ്വിച്ച് അമര്‍ത്തിയാല്‍ പാക്കിസ്ഥാനില്‍ പിന്നെ ആര്‍ക്കും ടിവി കാണാന്‍ സാധിക്കില്ല, എല്ലാം നിശ്ചലമാകും''; ചിരിപടര്‍ത്തി ശ്രീധരന്‍ പിള്ളയുടെ പ്രസംഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സുപ്രധാന കാര്യം പറയാനുണ്ട് എന്ന മുന്നറിയിപ്പോടെ ഇന്ത്യ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിച്ച കാര്യം പരാമര്‍ശിച്ചുകൊണ്ട് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചതിന് പിന്നാലെ വിഷയത്തെ തെരഞ്ഞെടുപ്പ് പ്രചരണവേദിയില്‍ ഉപയോഗിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള.

ഇനി ഇന്ത്യ ഒരു സ്വിച്ച് അമര്‍ത്തിയാല്‍ പാക്കിസ്ഥാനില്‍ പിന്നെ ആര്‍ക്കും ടിവി കാണാന്‍ സാധിക്കില്ലെന്നും എല്ലാം നിശ്ചലമാണെന്നും പറഞ്ഞായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രസംഗം.

പാക്കിസ്ഥാനില്‍ പിന്നെ കമ്പി തപാല്‍ ഉണ്ടാകില്ല. മൊബൈല്‍ ഫോണ്‍ ഉണ്ടാവില്ല. ഈ മൂന്ന് മിനുട്ട് കൊണ്ട് അവരെയൊക്ക നിശ്ചലമാക്കാന്‍ സാധിക്കുന്ന ലോകത്തിലെ മഹാശക്തിയായി നാലാമത്തെ രാജ്യമായി നരേന്ദ്ര മോദി നയിക്കുന്ന ഇന്ത്യാ രാജ്യം മാറിയിരിക്കുകയാണ് എന്ന് പറഞ്ഞുള്ള ശ്രീധരന്‍ പിള്ളയുടെ പ്രസംഗം സോഷ്യല്‍ മീഡിയയിലും ചിരി പടര്‍ത്തുകയാണ്.


ഇന്ത്യക്ക് ഒരു ബോംബയക്കാന്‍ പ്രത്യേക നെഞ്ചളവിന്റെ ആവശ്യമില്ല; മോദിയുടെ തെരഞ്ഞെടുപ്പ് റോക്കറ്റും ചീറ്റിപ്പോയെന്ന് വി.എസ്


“” ഇന്ന് 12: 15 മണിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി ഈ രാജ്യത്തോട് മാത്രമല്ല ലോകത്തെ മുഴുവന്‍ ജനങ്ങളോടുമായി ഒരു വസ്തുത അറിയിക്കുകയുണ്ടായി. ആ വസ്തുത വരുന്ന അവസരത്തില്‍ മിക്കവാറും എല്ലാ മാധ്യമങ്ങളും ബി.ജെ.പിയെ തേടി എത്തിയിരുന്നു. അയ്യോ ഇങ്ങനെ പെരുമാറ്റച്ചട്ടം വന്ന ശേഷം പ്രധാനമന്ത്രി എന്താണ് ഔപചാരികമായി പറയാന്‍ പോകുന്നത് എന്നായിരുന്നു എല്ലാവരുടേയും ചോദ്യം.

അദ്ദേഹം ഔപചാരികമായി പറഞ്ഞത് ഏതൊരു രാജ്യത്തിന്റേയും വാര്‍ത്താ വിനിമയ രംഗം ഒന്നടങ്കം മൂന്ന് മിനുട്ട് കൊണ്ട്, ഇന്ത്യ ആഗ്രഹിച്ചാല്‍ ഇന്ത്യ ഒരിക്കലും അങ്ങനെ ആഗ്രഹിക്കില്ല. ഇന്ത്യ ആഗ്രഹിച്ചാല്‍ ഏത് ശത്രുരാജ്യത്തിന്റേയും വാര്‍ത്താ വിനിമയ രംഗം ഒന്നടങ്കം മൂന്ന് മിനുട്ട് കൊണ്ട് വധിക്കാന്‍ സാധിക്കുന്ന രാജ്യമായി ഇന്ന് ഇന്ത്യ മാറിയിരിക്കുകയാണ് എന്നാണ്.

പാക്കിസ്ഥാനായാലും ചൈനയായാലും നമ്മളോട് ഒരു ഏറ്റുമുട്ടലിന് വേണ്ടി വന്നാല്‍ നമ്മള്‍ ഇന്ന് വിജയകരമായി നടത്തിയ പരീക്ഷണം, ആ മിസൈല്‍ ഒന്ന് സ്വിച്ച് അമര്‍ത്തിയാല്‍ പാക്കിസ്ഥാനില്‍ പിന്നെ ആര്‍ക്കും ടിവി കാണാന്‍ സാധിക്കില്ല. എല്ലാം നിശ്ചലമാണ്. കമ്പി തപാല്‍ ഉണ്ടാകില്ല. മൊബൈല്‍ ഫോണ്‍ ഉണ്ടാവില്ല. ഈ മൂന്ന് മിനുട്ട് കൊണ്ട് അവരെയൊക്ക നിശ്ചലമാക്കാന്‍ സാധിക്കുന്ന ലോകത്തിലെ മഹാശക്തിയായി നാലാമത്തെ രാജ്യമായി നരേന്ദ്ര മോദി നയിക്കുന്ന ഇന്ത്യാ രാജ്യം മാറിയിരിക്കുകയാണ്.

കണ്ണുള്ളവര്‍ കാണട്ടെ കാതുള്ളവര്‍ കേള്‍ക്കട്ടെ. സാമാന്യബുദ്ധിയുള്ള അരിയാഹാരം കഴിക്കുന്ന ആളുകളോട് ഞാന്‍ ചോദിക്കട്ടെ, സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഇംഗ്ലീഷ് വാക്കാണ്. മിന്നല്‍ ആക്രമണം എന്നാണ് മലയാളം വാക്ക് എന്തുമാകട്ടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നമ്മുടെ കുട്ടികള്‍ക്ക് പോലുമറിയാം. മൂന്നെണ്ണമാ വിജയകരമായിട്ട് നടത്തിയത്. അതിന് മുന്‍പും അമേരിക്കയും ഇസ്രയേലുമല്ലാതെ ലോകത്ത് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി വിജയിച്ച ഒരു രാജ്യത്തെയും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല.

ചൈനയ്‌ക്കോ റഷ്യയ്‌ക്കോ പോലും സാധിച്ചിട്ടില്ല. പക്ഷേ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന് പറഞ്ഞാല്‍ ഇന്ത്യാ രാജ്യത്തെ ഒരു സൈനികന് അല്ലെങ്കില്‍ ഒരാള്‍ക്ക് ശത്രുരാജ്യം ആക്രമിച്ചാല്‍ അവനെ കണ്ടെത്തി അവന്റെ രാജ്യത്ത് പോയി അവനെ ഉന്മൂലനം ചെയ്ത ശേഷം ഒരു പോറല്‍ പോലും ഏല്‍ക്കാതെ തിരിച്ചെത്തുന്ന വിസ്മയകരമായ മുന്നേറ്റം ഇന്ത്യാ രാജ്യം ചെയ്യുകയുണ്ടായി അതാണ് ഇന്ത്യ.

ആദ്യത്തെ ബര്‍മയുടെ പേരാണ് മ്യാന്‍മര്‍. ബര്‍മയില്‍ ഉള്‍ഫാ തീവ്രവാദികള്‍ നമ്മുടെ സൈനിക വാഹനത്തെ ആക്രമിച്ച് നമ്മുടെ സൈനികരെ കൊന്നു. 11 ദിവസത്തിനുള്ളില്‍ മ്യാന്‍മര്‍ കാട്ടില്‍ അഭയം തേടിയിരുന്ന ആ തീവ്രവാദികളെ രാത്രിയുടെ അന്തിമയാമത്തില്‍ ചെന്ന് അവരെ മുഴുവന്‍ ഇല്ലാതാക്കിയ ശേഷം ഇന്ത്യന്‍ പട്ടാളം അത്ഭുതകരമായി നമ്മുടെ രാജ്യത്തേക്ക് തിരിച്ചെത്തി അതായിരുന്നു ഒന്നാമത്തെ വിജയം. ബാക്കി രണ്ട് വിജയങ്ങളും നിങ്ങള്‍ക്കറിയാമെന്നും”” ശ്രീധരന്‍ പിള്ള പ്രസംഗത്തില്‍ പറയുന്നുണ്ട്.

We use cookies to give you the best possible experience. Learn more