പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടകയില്‍ ക്രൈസ്തവ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തതിനാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തള്ളുകയായിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള. ഇതേതുടര്‍ന്നാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തെ എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാക്കിയതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
പത്തനംതിട്ടയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ പാര്‍ലമെന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവേയായിരുന്നു ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍.
“കേരള ഘടകം സമര്‍പ്പിച്ച ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ക്രൈസ്തവ സ്ഥാനാര്‍ത്ഥികള്‍ ആരും ഇല്ലായിരുന്നു. ഇതേ തുടര്‍ന്ന് ഈ പട്ടിക പ്രധാനമന്ത്രി തള്ളി. അങ്ങനെയാണ് എറണാകുളത്തെ സ്ഥാനാര്‍ത്ഥിയായി അല്‍ഫോണ്‍സ് കണ്ണന്താനം വന്നത്” – ശ്രീധരന്‍ പിള്ള പറഞ്ഞു.
ഏറെ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ മാര്‍ച്ച് 21 നാണ് ബി.ജെ.പിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ജെ.പി നദ്ദയായിരുന്നു സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്.
അതേസമയം കണ്ണന്താനം കൊല്ലത്ത് മത്സരിക്കുമെന്നായിരുന്നു ബി.ജെ.പിയുടെ തീരുമാനം. എന്നാല്‍ കൊല്ലത്ത് മത്സരിക്കാന്‍ തയാറല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നായിരുന്നു കണ്ണന്താനത്തിന് മണ്ഡലം മാറ്റി നല്‍കിയത്.
കൊല്ലത്ത് മത്സരിക്കുന്നതിനേക്കാള്‍ ഭേദം മലപ്പുറത്ത് പോയി മത്സരിക്കുന്നതാണെന്നുമായിരുന്നു ഇതുമായി ബന്ധപ്പെട്ട് കണ്ണന്താനം പ്രതികരിച്ചത്. മത്സരിക്കാന്‍ ഇല്ലെന്നാണ് തന്റെ നിലപാട്. നിര്‍ബന്ധമാണെങ്കില്‍ പത്തനംതിട്ടയോ തൃശൂരോ കോട്ടയമോ ലഭിക്കണം. കൊല്ലത്ത് മത്സരിക്കാന്‍ താത്പര്യമില്ല. എന്നാല്‍ വലിയ സമ്മര്‍ദ്ദമാണ് വരുന്നത്. കൊല്ലത്ത് ആരേയും പരിചയം പോലുമില്ലെന്നും കണ്ണന്താനം പറഞ്ഞിരുന്നു.
മത്സരിക്കാന്‍ താത്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. തന്റെ മണ്ഡലം പത്തനംതിട്ടയാണ്. അതുകൊണ്ട് തന്നെ അവിടെ മത്സരിക്കണമെന്നാണ് ആഗ്രഹം. മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ സഭകളുമായും എന്‍.എസ്.എസുമായും തനിക്ക് നല്ല ബന്ധമാണ് ഉള്ളതെന്നും കണ്ണന്താനം പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് കണ്ണന്താനത്തെ എറണാകുളത്ത് മത്സരിപ്പിക്കുമെന്ന തീരുമാനം വന്നത്.