| Friday, 30th November 2018, 10:31 pm

ഉപതെരഞ്ഞെടുപ്പ് ഫലം അഭിമാനം നല്‍കുന്നു, കേരളത്തില്‍ ഇരുമുന്നണികളുടെയും അടിത്തറ തകര്‍ന്നു: പി.എസ് ശ്രീധരന്‍പിള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഇന്ന് പുറത്തുവന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് അഭിമാനം നല്‍കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. കേരളത്തില്‍ ബി.ജെ.പി ശക്തമായി മുന്നോട്ട് പോകുകയാണെന്നും കേരളത്തിലെ ഇരുമുന്നണികളുടെയും അടിത്തറ തകര്‍ന്നെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

കോഴിക്കോട് ചേര്‍ന്ന ബി.ജെ.പി നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള.

പത്തനംതിട്ട ജില്ലയില്‍ ഭരണപാര്‍ട്ടിക്കുണ്ടായ തിരിച്ചടി ശബരിമല വിഷയത്തിലെ ജനങ്ങളുടെ പ്രതികരണമാണ്. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ വോട്ട് കുറഞ്ഞത് ഇതിന്റെ പ്രതിഫലനമാണെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. ബി.ജെ.പി വിശ്വാസികള്‍ക്കൊപ്പമാണ്. നിലപാടുകളില്‍ മലക്കംമറിച്ചില്‍ ഇല്ലെന്നും ശ്രീധരന്‍പിള്ള അറിയിച്ചു.

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണവാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കാണ് മേല്‍ക്കൈ ലഭിച്ചത്. ആകെയുള്ള 39 സീറ്റുകളില്‍ എല്‍.ഡി.എഫ് 21 സീറ്റുകള്‍ നേടി. യു.ഡി.എഫിന് 12 സീറ്റുകളുണ്ട്. ബിജെപിയും എസ്.ഡി.പി.ഐയും രണ്ട് വീതം സീറ്റുകളാണ് നേടിയത്.

ശബരിമല വിഷയം രാഷ്ട്രീയ ആയുധമാക്കി ഉപതെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് ശബരിമല സ്ഥിതിചെയ്യുന്ന പത്തനംതിട്ടയില്‍ ബി.ജെ.പിക്ക് ആകെ ലഭിച്ചത് പത്തൊന്‍പത് വോട്ടാണ്. പത്തനംതിട്ട നഗരസഭയിലെ പതിമൂന്നാം വാര്‍ഡിലും പന്തളം നഗരസഭയിലെ പത്താംവാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ഏഴും 12 ഉം വോട്ടുകളാണ് ബി.ജെ.പിക്ക് രണ്ടിടങ്ങളില്‍ നിന്നുമായി ലഭിച്ചത്. എല്‍.ഡി.എഫിന് സിറ്റിങ് സീറ്റുകള്‍ നഷ്ടമായപ്പോള്‍ വിജയിച്ച് കയറിയതില്‍ ഒരാള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മറ്റൊരാള്‍ എസ്.ഡി.പി.ഐക്കാരിയുമാണ്.

പത്തനംതിട്ട നഗരസഭയില്‍ പതിമൂന്നാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അന്‍സര്‍ മുഹമ്മദ് വിജയിച്ചു.

We use cookies to give you the best possible experience. Learn more