പതിനെട്ടാംപടിയിലെ ആചാരങ്ങളെക്കുറിച്ച് അറിയില്ല: ശ്രീധരന്‍പിള്ള
Sabarimala women entry
പതിനെട്ടാംപടിയിലെ ആചാരങ്ങളെക്കുറിച്ച് അറിയില്ല: ശ്രീധരന്‍പിള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th November 2018, 5:01 pm

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ പതിനെട്ടാം പടിയെക്കുറിച്ചുള്ള ആചാരങ്ങള്‍ എന്താണെന്ന് അറിയില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള. ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടിയില്‍ കയറിയതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ ഇന്ന് നടന്നത് എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. എന്നാല്‍, മാധ്യമങ്ങളില്‍ വന്ന ദൃശ്യങ്ങളെ വിശ്വാസമില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ALSO READ: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറി വത്സന്‍ തില്ലങ്കേരി; പതിനെട്ടാം പടിയില്‍ പുറംതിരിഞ്ഞ് നിന്ന് ആചാരലംഘനം നടത്തി പ്രസംഗം

“രാജ്യംകണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനമാണ് ശബരിമലയില്‍ പൊലീസിനെ അണിനിരത്തി കേരള സര്‍ക്കാര്‍ നടത്തിയത്. ശബരിമലയിലെത്തിയവര്‍ക്ക് മുറികളും കുടിവെള്ളവും സഞ്ചാര സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടു. സമാധനത്തോടെ ദര്‍ശനം നടത്താന്‍ വിശ്വാസികള്‍ക്ക് സാധിച്ചില്ല.”

ദൈനംദിന കാര്യങ്ങളില്‍ കടന്നുകയറിയതിന് സര്‍ക്കാര്‍ മാപ്പ് ചോദിക്കണം. മനുഷ്യാവകാശ ലംഘനം സംബന്ധിച്ച് കേന്ദ്ര മനുഷ്യവകാശ കമ്മീഷന്റെ മുന്നില്‍ ബി.ജെ.പി പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ക്രമസമാധനത്തെ സംബന്ധിച്ച് ഗവര്‍ണറെ കണ്ട് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി പതിനെട്ടാം പടിയില്‍ പുറംതിരിഞ്ഞ് നിന്ന് പ്രസംഗിക്കുകയും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറുകയുമായിരുന്നു. പതിനെട്ടാം പടി പ്രസംഗ പീഠമാക്കിയ വത്സന്‍ തില്ലങ്കേരിയുടെ നടപടിക്കെതിരെ വലിയ വിമര്‍ശനം ഉയരുന്നുണ്ട്.

ALSO READ: സംഘപരിവാറില്‍ നിന്ന് മര്യാദ പ്രതീക്ഷിച്ചിട്ട് കാര്യമില്ല; എങ്ങനെ നേരിടണമെന്ന് സര്‍ക്കാറിനറിയാം: ഇ.പി ജയരാജന്‍

ഇന്ന് രാവിലെയാണ് വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ എത്തുകയും പുറംതിരിഞ്ഞ് നിന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തത്. ഇതിന് ശേഷം വത്സന്‍ തില്ലങ്കേരി ഇരുമുടിയില്ലാതെ പതിനെട്ടാം പടി കയറുകയും ചെയ്തു.

പൊലീസ് മൈക്കിലൂടെയും വത്സന്‍ തില്ലങ്കേരിയുടെ പ്രസംഗം ഉണ്ടായിരുന്നു. ചോറൂണിനെത്തിയ അമ്പത് വയസ്സ് കഴിഞ്ഞ സ്ത്രീയ്ക്ക് നേരെ പ്രതിഷേധക്കാര്‍ പാഞ്ഞടുത്ത സംഭവത്തെ തുടര്‍ന്ന് പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വത്സന്‍ തില്ലങ്കേരി.

ചിത്തിര ആട്ടവിശേഷത്തിനോടനുബന്ധിച്ച് ശബരിമല നട ഇന്നലെയാണ് തുറന്നത്.

ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയ്ക്ക് ശേഷം സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ ശബരിമലയിലും നിലയ്ക്കലിലും വലിയ സംഘര്‍ഷം ഉടലെടുത്തിരുന്നു.

WATCH THIS VIDEO: