തിരുവനന്തപുരം: യുവമോര്‍ച്ച യോഗത്തില്‍ നടത്തിയ പ്രകോപനപരമായ പ്രസംഗത്തിനെതിരായ നിയമ നടപടി സംബന്ധിച്ച് ബി.ജെ.പിയില്‍ ഭിന്നത.
അറസ്റ്റുചെയ്യാന്‍ പൊലീസിനെ വെല്ലുവിളിച്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.ടി.രമേശിന്റെ പ്രസംഗം വികാരപ്രകടനമാണെന്നും കേസ് റദ്ദാക്കാനുള്ള ഹര്‍ജി നല്‍കാന്‍ പാര്‍ട്ടിയുടെ അനുമതി ആവശ്യമില്ലെന്നും ബി.ജെ.പി അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു.
വിവാദ പ്രസംഗത്തിനെതിരായ കേസ് രാഷ്ട്രീയമായി നേരിടണമെന്നാണ് പാര്‍ട്ടിയുടെ പൊതുവികാരം. എം.ടി രമേശ് ഉള്‍പ്പെടെ 4 ജനറല്‍ സെക്രട്ടറിമാരും സര്‍ക്കാരിനെ വെല്ലുവിളിച്ചു മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നവരാണ്.
രഥയാത്രയുടെ വേദികളില്‍ അവരത് പരസ്യമാക്കിയിട്ടുമുണ്ട്. എം.ടി രമേശിന്റെ പ്രസംഗം വൈകാരിക പ്രകടനമാണെന്നും കേസിനെ നിയമപരമായി നേരിടാന്‍ വ്യക്തിപരമായി തനിക്ക് അവകാശമുണ്ടെന്നും പാര്‍ട്ടി അനുമതി വേണ്ടെന്നും പിള്ള പ്രതികരിച്ചു.
യുവമോര്‍ച്ച യോഗത്തില്‍ നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യാന്‍ വെല്ലുവിളിച്ച് ബി.ജെ.പി നേതാവ് എം.ടി രമേശ് രാവിലെ രംഗത്തെത്തിയിരുന്നു. ശ്രീധരന്‍ പിള്ളയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത കസബ പൊലീസ് സ്റ്റേഷനു മുമ്പിലൂടെ ഇന്ന് വൈകുന്നേരം അദ്ദേഹം നടന്നുനീങ്ങുന്നുണ്ടെങ്കിലും ധൈര്യമുണ്ടെങ്കില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യൂവെന്നുമായിരുന്നു എം.ടി രമേശ് പറഞ്ഞത്.
യുവമോര്‍ച്ച സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്ത് ശ്രീധരന്‍ പിള്ള നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ശബരിമല ബി.ജെ.പിക്ക് ഒരു സുവര്‍ണാവസരമാണെന്നും നമ്മള്‍ വെച്ച കെണിയില്‍ ഓരോരുത്തരായി വീണെന്നും ശ്രീധരന്‍പിള്ള പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
അതിനു പുറമേ യുവതീ പ്രവേശനമുണ്ടായാല്‍ നട അടച്ചിടുമെന്ന് ഭീഷണിപ്പെടുത്തുന്നതിനു മുമ്പ് തന്ത്രി കണ്ഠരര് രാജീവര് തന്നെ വിളിച്ച് അഭിപ്രായം തേടിയിരുന്നെന്നും താനാണ് അദ്ദേഹത്തിന് ധൈര്യം നല്‍കിയതെന്നും ശ്രീധരന്‍ പിള്ള അവകാശപ്പെട്ടിരുന്നു. പരാമര്‍ശം വിവാദമായതിനു പിന്നാലെയാണ് കസബ പൊലീസ് ശ്രീധരന്‍ പിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തത്.
കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചെന്നും കലാപത്തിന് ആഹ്വാനം ചെയ്തുവെന്നുമുള്ള കുറ്റം ചുമത്തിയാണ് ശ്രീധരന്‍ പിള്ളയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. നന്മണ്ട സ്വദേശിയായ ഷൈബിനാണ് കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനില്‍ ശ്രീധരന്‍ പിള്ളയ്ക്കെതിരെ പരാതി നല്‍കിയത്.