ശബരിമലയിലെ 'സുവര്‍ണാവസരം' ബി.ജെ.പിയ്ക്ക് നല്‍കിയത് പൂജ്യം സീറ്റ്; ശ്രീധരന്‍പിള്ളയെ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയേക്കും
D' Election 2019
ശബരിമലയിലെ 'സുവര്‍ണാവസരം' ബി.ജെ.പിയ്ക്ക് നല്‍കിയത് പൂജ്യം സീറ്റ്; ശ്രീധരന്‍പിള്ളയെ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd May 2019, 12:51 pm

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കനത്ത തിരിച്ചടിയേറ്റ ബി.ജെ.പി നേതൃത്വത്തെ അടിമുടി മാറ്റിയേക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം ബി.ജെ.പിയുടെ കേരളാ ഘടകത്തില്‍ അഴിച്ചുപണിയുണ്ടാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഉത്തര്‍പ്രദേശിലെ അയോധ്യയിലേതിന് സമാനമായാണ് ശബരിമല വിഷയം കേരളത്തില്‍ ബി.ജെ.പി കൈകാര്യം ചെയ്തത്. സുപ്രീംകോടതി വിധി നടപ്പിലാക്കാനൊരുങ്ങിയ സംസ്ഥാന സര്‍ക്കാരിനെതിരെ കലാപത്തിനും ബി.ജെ.പി ശ്രമിച്ചിരുന്നു.

എന്നാല്‍ ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ബി.ജെ.പിയ്ക്കായില്ല. അനുകൂലമായ സാഹചര്യങ്ങള്‍ ഒരുപാടുണ്ടായിട്ടും പാര്‍ട്ടിയെ ഐക്യപ്പെടുത്തി നയിക്കാനും ശ്രീധരന്‍പിള്ളയ്ക്കുമായില്ല.

സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തില്‍ ആര്‍.എസ്.എസിനും കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്നാലും നേതൃമാറ്റം വേണമെന്നായിരുന്നു ആര്‍.എസ്.എസ് നിലപാട്.

ദേശീയനിര്‍വാഹക സമിതി അംഗവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ വി. മുരളീധരന്‍ എം.പിക്ക് ദേശീയതലത്തില്‍ ഉയര്‍ന്ന പദവിയും ഉത്തരവാദിത്വങ്ങളും നല്‍കിയേക്കും. ദേശീയതലത്തില്‍ പ്രവര്‍ത്തനപരിചയമുള്ള മുരളീധരന് ദേശീയ ജനറല്‍സെക്രട്ടറി പദവി ലഭിക്കുമെന്നാണ് സൂചനകള്‍.

എ.ബി.വി.പി അഖിലേന്ത്യാ ജനറല്‍സെക്രട്ടറിയായി മുരളീധരന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എ.ബി.വി.പിയില്‍ മുരളീധരന്റെ സഹപ്രവര്‍ത്തകരായിരുന്നു കേന്ദ്രമന്ത്രിമാരായ ധര്‍മ്മേന്ദ്ര പ്രധാന്‍, പിയൂഷ് ഗോയല്‍ തുടങ്ങിയവര്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആന്ധ്രപ്രദേശിന്റെ പ്രചാരണ ചുമതലയും മുരളീധരന്‍ വഹിച്ചിരുന്നു.

WATCH THIS VIDEO: