കോഴിക്കോട്: മുസ്‌ലിംങ്ങളാണോ എന്നറിയാന്‍ വസ്ത്രം മാറ്റി നോക്കിയാല്‍ മതിയെന്ന വിവാദ പ്രസംഗത്തില്‍ വിശദീകരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. മുസ് ലിംങ്ങള്‍ക്കെതിരെയല്ല ഇസ്‌ലാമിക ഭീകരവാദികള്‍ക്കെതിരെയാണ് താന്‍ സംസാരിച്ചതെന്ന് ശ്രീധരന്‍ പിള്ള മാതൃഭൂമിയോട് പറഞ്ഞു.
ആടിനെ പട്ടിയാക്കുന്ന പ്രചരണമാണ് നടന്നത്. ബാലാകോട്ട് ആക്രമണത്തെ കുറിച്ച് പ്രതിപക്ഷ നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് താന്‍ മറുപടി നല്‍കിയത്. 21 മിനുട്ടിനുള്ളില്‍ പാകിസ്ഥാന്‍ തോക്കുകളും റഡാറുകളും പ്രവര്‍ത്തിക്കുന്നതിന് മുമ്പ് രക്ഷപ്പെടാന്‍ നോക്കുന്നതിന് പകരം അവിടത്തെ ഭീകരവാദികളെ പരിശോധിച്ച് തിട്ടപ്പെടുത്തണോയെന്നാണ് താന്‍ ചോദിച്ചത്.
കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം തിട്ടപ്പെടുത്താനും ഐഡന്റിറ്റി മനസിലാക്കാനും ദേഹപരിശോധന നടത്തണം. സാധാരണ ഐഡന്റിറ്റി മനസിലാക്കുന്നത് വസ്ത്രം പരിശോധിച്ച് കൊണ്ടാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
എന്നാല്‍ പ്രസംഗത്തില്‍ മുസ്‌ലിം ഭീകരര്‍ എന്നല്ല മുസ്‌ലിംങ്ങള്‍ എന്നു തന്നെയാണ് പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ മാധ്യമങ്ങളുടെ വ്യാഖ്യാനങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നാണ് ശ്രീധരന്‍ പിള്ള പ്രതികരിച്ചത്.
ഏപ്രില്‍ 14ന് ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയ്ക്കിടെയായിരുന്നു ശ്രീധരന്‍പിള്ളയുടെ വിവാദ പരാമര്‍ശം. സംഭവത്തില്‍ ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കേസെടുക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിശദീകരണം തേടിയിരുന്നു. സര്‍ക്കാരും ഡി.ജി.പിയും ശ്രീധരന്‍പിള്ളയും വിശദീകരണം നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.
ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം
‘ജീവന്‍ പണയപ്പെടുത്തി വിജയം നേടുമ്പോള്‍, രാഹുല്‍ ഗാന്ധി, യെച്ചൂരി, പിണറായി എന്നിവര്‍ പറയുന്നത് അവിടെ മരിച്ചു കിടക്കുന്നവര്‍ ഏത് ജാതിക്കാരാ ഏത് മതക്കാരാ എന്ന് അറിയണമെന്നാണ്. ഇസ്ലാമാണെങ്കില്‍ ചില അടയാളമൊക്കെയുണ്ടല്ലോ. ഡ്രസ് എല്ലാം മാറ്റി നോക്കിയാലല്ലേ അറിയാന്‍ പറ്റുകയുള്ളു.’-