| Saturday, 10th November 2018, 6:05 pm

നിയമോപദേശം തേടി തന്ത്രി തന്നെ വിളിച്ചിട്ടില്ല; മലക്കം മറിഞ്ഞ് ശ്രീധരന്‍ പിള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശബരിമല വിഷയത്തില്‍ നിയമോപദേശം തേടി തന്ത്രി തന്നെ വിളിച്ചിട്ടില്ലെന്ന് ശ്രീധരന്‍പിള്ള. സ്ത്രീകള്‍ മല ചവിട്ടിയാല്‍ എന്തുചെയ്യണമെന്ന് കണ്ഠരര് രാജീവര് തന്നോട് വിളിച്ചു ചോദിച്ചുവെന്ന് മുന്‍പ് ശ്രീധരന്‍ പിള്ള പറഞ്ഞത് നേരത്തെ വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

തന്ത്രി നേരിട്ട് തന്നെ വിളിച്ചിട്ടില്ല, കുടുംബത്തിലെ മറ്റാരോ ആണ് തന്നെ വിളിച്ചത്. അതാരാണെന്ന് തനിക്ക് ഓര്‍മയില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. അന്നും താന്‍ പറഞ്ഞത് അങ്ങനെയാണ്. പക്ഷേ തന്റെ വാക്കുകള്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കുകയാണ് ഉണ്ടായത്- ശ്രീധരന്‍പിള്ള പറഞ്ഞു.

ALSO READ: ഇരുമുടിക്കെട്ടില്‍ സ്‌ഫോടകവസ്തുക്കളുമായി തീര്‍ത്ഥാടകവേഷത്തില്‍ തീവ്രവാദികളെത്താന്‍ സാധ്യത; ശബരിമലയില്‍ സുരക്ഷ കര്‍ശനമാക്കണമെന്ന് ഡി.ജി.പി

കണ്ഠരര് പറഞ്ഞത് സത്യമാണെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. തന്നെ വിളിച്ചില്ലെന്നായിരുന്നു കണ്ഠരര് പറഞ്ഞത്. ആ വാക്കുകള്‍ ശരിയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

നേരത്തെ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ നട അടച്ചാല്‍ അത് കോടതി അലക്ഷ്യമാകുമോയെന്ന് തന്ത്രി കണ്ഠരര് രാജീവര് തന്നോട് നിയമോപദേശം തേടി എന്നായിരുന്നു ശ്രീധരന്‍പിള്ള പറഞ്ഞിരുന്നത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കാന്‍ ശ്രമിക്കവേ തന്ത്രി നട അടച്ചിട്ടിരുന്നു. ഇത് തന്നോടു കൂടിയാലോചിച്ചിട്ടായിരുന്നു എന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ അവകാശവാദം.

നടയടയ്ക്കുന്നതിനെ കുറിച്ച് അദ്ദേഹം ഏറെ നേരം സംസാരിച്ചു. ആ സമയം ഏറെ അസ്വസ്ഥനായിരുന്നു അദ്ദേഹം. തിരുമേനി ഒറ്റക്കല്ലെന്നും കോടതിയലക്ഷ്യം നിലനില്‍ക്കില്ലെന്നും ഞാന്‍ പറഞ്ഞു. ഇതിന് ശേഷമായിരുന്നു തന്ത്രിയുടെ തീരുമാനമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. യുവമോര്‍ച്ച സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ശ്രീധരന്‍ പിള്ള ഇക്കാര്യം പറഞ്ഞത്.

എന്നാല്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ നട അടച്ചാല്‍ അത് കോടതി അലക്ഷ്യമാകുമോയെന്ന് തന്ത്രി കണ്ഠരര് രാജീവര് തന്നോട് നിയമോപദേശം തേടി എന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ വാദം തള്ളി തന്ത്രി രംഗത്ത്. താന്‍ ആരോടും ഫോണില്‍ വിളിച്ച് നിയമോപദേശം തേടിയിട്ടില്ലെന്ന് രാജീവരര് വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more