| Thursday, 15th November 2018, 10:59 am

ആരാണ് തൃപ്തി ദേശായി? ഏത് പ്രസ്ഥാനത്തിന്റെ ആളാണ് അവര്‍ : രൂക്ഷ പരാമര്‍ശവുമായി ശ്രീധരന്‍ പിള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയ്‌ക്കെതിരെ രൂക്ഷ പരാമര്‍ശവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള.

തൃപ്തി ദേശായി ആരാണെന്നും ഏത് പ്രസ്ഥാനത്തിന്റെ ആളാണെന്നുമായിരുന്നു ശ്രീധരന്‍പിള്ളയുടെ ചോദ്യം. “”തൃപ്തി ദേശായി ആരാണ് ചരിത്രത്തില്‍. അവരെയൊക്കെ ഈ വേഷം കെട്ടി ആടാന്‍ ആരാണ് അനുവദിക്കുന്നത്. അവര്‍ വിശ്വാസിയാണോ അവര്‍ ആരാണ്?

കേരളക്കാര്‍ക്ക് അറിയുമോ അവരെ ?മീഡിയകള്‍ ഊതിവീര്‍പ്പിച്ച് ചില ആളുകളെ ഉണ്ടാക്കുന്നു അതിനപ്പുറത്ത് അവര്‍ക്കെന്താണ് പ്രാധാന്യം. ഏത് പ്രസ്ഥാനത്തിന്റെ ആളാണ് അവര്‍- ശ്രീധരന്‍പിള്ള ചോദിക്കുന്നു.

അവര്‍ ഇതൊക്കെ പറയുന്നത് വലിയ വാര്‍ത്തകളായി കൊടുക്കുന്നു. ഞാന്‍ മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന് എതിരായിപറയുകയല്ല. പക്ഷേ ഒരിക്കലും തൃപ്തി ദേശായിയെപ്പോലുള്ളവരെ ഹീറോയിനുകളാക്കി മാറ്റിയുള്ള സമീപനത്തോട് എനിക്ക് യോജിപ്പില്ല. അവര്‍ വരുകയോ പോകുകയോ എന്ത് വേണമെങ്കിലും ചെയ്യട്ടെ – ശ്രീധരന്‍ പിള്ള.


ശബരിമലയില്‍ വെച്ച് താന്‍ കൊല്ലപ്പെട്ടാല്‍ ഉത്തരവാദിത്വം മുഖ്യമന്ത്രിയ്ക്ക്: തൃപ്തി ദേശായി


തൃപ്തി ദേശായി ശബരിമലയില്‍ എത്തിയാല്‍ തടയുമോ എന്ന ചോദ്യത്തിന് ” ഞാനല്ലല്ലോ അത് പറയേണ്ടത് വിശ്വാസികളല്ലേ തീരുമാനിക്കേണ്ടത്. എന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ മറുപടി.

ബി.ജെ.പി തടയാനായി ഇതുവരെ പോയിട്ടില്ല. തടയുമെന്ന് പ്രഖ്യാപിച്ചത് ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസുകാരാണ് . എന്നിട്ട് അവിടെ വന്നിട്ട് ആരെയെങ്കിലും തടഞ്ഞോ?തടഞ്ഞത് വിശ്വാസികളാണ്. – ശ്രീധരന്‍പിള്ള പറഞ്ഞു.

കലാപമുണ്ടാകാതെ സമാധാനപരമായ അന്തരീക്ഷം ഉണ്ടാക്കാനുള്ള ഏത് ശ്രമത്തേയും ബി.ജെ.പി സ്വീകരിക്കും. സര്‍വകക്ഷി യോഗം നടത്തണമെന്ന് ആദ്യംമുതല്‍ ആവശ്യപ്പെട്ടതാണെന്നും സര്‍ക്കാരിന് വൈകിയാണ് ബുദ്ധിയുദിച്ചതെന്നും ശ്രീധരന്‍പിള്ള കുറ്റപ്പെടുത്തി.

ശബരിമല വിധിക്ക് സ്റ്റേ ഇല്ലെങ്കിലും നടപ്പാക്കേണ്ട ബാധ്യതയില്ലെന്ന് പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു. റിവ്യൂ ഹര്‍ജി പരിശോധിക്കാന്‍ തീരുമാനിച്ചാല്‍ അതുവരെ വിധി നടപ്പാക്കേണ്ടതില്ല. അടിച്ചമര്‍ത്തല്‍ ഭരണത്തില്‍ ജനഹിതമേ വിജയിച്ചിട്ടൂള്ളൂ. അത് കേരളത്തിലും ബാധകമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

We use cookies to give you the best possible experience. Learn more