| Thursday, 25th October 2018, 3:05 pm

ശബരിമല അശുദ്ധമാക്കാന്‍ ആളുകളെ നിയോഗിച്ച രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കണമെന്ന് ശ്രീധരന്‍പിള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശബരിമല: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തംവീഴ്ത്തി അശുദ്ധമാക്കാന്‍ 20 ആളെ നിര്‍ത്തിയ രാഹുല്‍ ഈശ്വറിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. ബി.ജെ.പിയേയും അധിക്ഷേപിക്കുന്നയാളാണ് രാഹുലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

“ശബരിമല സന്നിധി രക്തംവീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നുദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ല. യുവതികള്‍ പ്രവേശിച്ചാല്‍ കയ്യില്‍ സ്വയം മുറിവേല്‍പ്പിച്ച് രക്തം വീഴ്ത്താനായിരുന്നു പദ്ധതി”. എന്നായിരുന്നു കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിലൂടെ രാഹുല്‍ വെളിപ്പെടുത്തിയത്.


Read Also : ഇത് ഭക്തരെ തല്ലാന്‍ വന്ന ഡി.വൈ.എഫ്.ഐ ഗുണ്ടയല്ല; സംഘപരിവാറിന്റെ ഒരു നുണ കൂടി പൊളിയുന്നു


രാഹുല്‍ ഈശ്വര്‍ നടത്തിയത് രാജ്യദ്രോഹ പ്രവര്‍ത്തനമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ശബരിമലയില്‍ ചോര ഒഴുക്കാന്‍ 20 പേരെ നിര്‍ത്തിയെന്ന് അദ്ദേഹം പറഞ്ഞു. വൈകൃതമായ മനസാണ് അദ്ദേഹത്തിന്. എന്തിനാണ് കോപ്പുകൂട്ടിയതെന്ന് വഞ്ചിക്കപ്പെട്ട വിശ്വാസികളോട് രാഹുല്‍ ഈശ്വര്‍ വിശദീകരണമെന്നും കടകംപള്ളി പറഞ്ഞു.

രാഹുല്‍ ഈശ്വറും സംഘവും നടത്തിയത് രാജ്യദ്രോഹ പ്രവര്‍ത്തനം തന്നെയാണ്. രാഹുല്‍ ഈശ്വറിനെപ്പോലുള്ളവര്‍ക്ക് നില്‍ക്കാനുള്ള ഇടമല്ല ശബരിമല. ഭക്തര്‍ക്ക് മാത്രമായ ഇടമാണ് അവിടം. അവര്‍ അവിടെ വരികയും തൊഴുത് തിരിച്ച് പോകുകയും വേണം. ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കടകംപള്ളി പറഞ്ഞു.

രാഹുലിന്റെ വെളിപ്പെടുത്തലിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. രാഹുലിനെ കേസെടുത്ത് ജയിലലടക്കണമെന്ന ആവശ്യവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. അതിന് പിന്നാലെയാണ് രാഹുലിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന ആവശ്യവുമായി ശ്രീധരന്‍പിളള രംഗത്തെത്തിയത്.

രാഹുല്‍ ഈശ്വര്‍ പറഞ്ഞത് – വീഡിയോ

We use cookies to give you the best possible experience. Learn more