| Friday, 23rd November 2018, 11:17 am

ഞങ്ങള്‍ക്കിത് ഗോള്‍ഡന്‍ ഓപ്പര്‍ച്യുനിറ്റി; ധൈര്യമുണ്ടെങ്കില്‍ കോടിയേരി സംവാദത്തിന് സ്ഥലം നിശ്ചയിക്കട്ടെ; വെല്ലുവിളിച്ച് ശ്രീധരന്‍പിള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി സംവാദത്തിന് അവസരം ലഭിച്ചത് സുവര്‍ണാവസരമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള.

ആശയപരമായി ശബരിമല വിഷയത്തില്‍ സംവാദം നടത്താന്‍ തയ്യാറുണ്ടോയെന്നാണ് കോടിയേരി ചോദിച്ചത്. ധൈര്യമുണ്ടെങ്കില്‍ അദ്ദേഹം തന്നെ സംവാദത്തിന് സ്ഥലം നിശ്ചയിക്കട്ടെ, ഒരു പൊതുവേദിയില്‍ എവിടെ വേണമെങ്കിലും അത്തരമൊരു ചര്‍ച്ചയ്ക്ക് ഞങ്ങള്‍ തയ്യാറാണെന്നും ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് പാസാക്കിയ തെറ്റുതിരുത്തല്‍ പ്രമേയത്തിലാണ് മതവിശ്വാസത്തില്‍ നിന്ന് ആളുകള്‍ മാറിനില്‍ക്കണമെന്ന് പറയുന്നത്. എ.കെ.ജിയുടെ കാലത്തും നായനാരുടെ കാലത്തും നടത്തിയ ശബരിമല വിരുദ്ധ ശ്രമങ്ങളുണ്ട്. അതിനാല്‍ കോടിയേരിയുമായി സംവാദത്തിന് അവസരം കിട്ടിയത് “ഗോള്‍ഡന്‍ ഓപ്പര്‍ച്യൂണിറ്റി”യായി കാണുന്നു.

കേരളത്തില്‍ നടക്കുന്നത് നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടുള്ള കമ്മ്യൂണിസ്റ്റ് തേര്‍വാഴ്ചയാണ്. അത് ദൗര്‍ഭാഗ്യകരമാണെന്നും അതിനെതിരെ വ്യവസ്ഥാപിതമായ പോരാട്ടത്തിനവ് ബി.ജെ.പി തയ്യാറാകുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.


Dont Miss മകന്റെ അറസ്റ്റിനെ കുറിച്ച് അറിയില്ല; പ്രതികരണവുമായി പി.ടി.എ റഹീം എം.എല്‍.എ


സന്നിധാനത്ത് ശരണം വിളിക്കാനുള്ള അവകാശത്തിന് വേണ്ടി ഭക്തജനങ്ങള്‍ ശ്രമിക്കും അതിനവരെ കള്ളക്കേസില്‍ കുടുക്കുന്നവര്‍ മാപ്പര്‍ഹിക്കാത്തവരായി ചരിത്രത്തിന്റെ കറുത്ത ലിപികളില്‍ രേഖപ്പെടുത്തപ്പെടുത്തുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

കെ. സുരേന്ദ്രനെതിരായ കേസുകള്‍ക്കൊന്നും ഒരടിസ്ഥാനവുമില്ലെന്നും ശത്രുതാപരമായി ബി.ജെ.പിയേയും സംഘപരിവാര്‍ പ്രസ്ഥാനത്തേയും ഇല്ലാതാക്കാന്‍ അതിന്റെ നേതാക്കളെയെല്ലാം കള്ളക്കേസുകളില്‍ കുടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ സ്ഥിതിഗതികള്‍ അഖിലേന്ത്യാ നേതൃത്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ മുഴുവന്‍ ബി.ജെ.പി സംവിധാനവും കേരളത്തില്‍ അടിച്ചമര്‍ത്തപ്പെടുന്ന പ്രവര്‍ത്തകരോടൊപ്പമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ആലപ്പുഴയില്‍ നിന്ന് ശബരിമലയ്ക്ക് പോയ പ്രദീപെന്നയാളെ പോലീസ് കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കിയെന്ന ആരോപണമുണ്ടെന്നും പ്രദീപിന് സംഭവിച്ചതെന്താണെന്ന് പോലീസ് വ്യക്തമാക്കണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു.

അയാളെ കള്ളക്കേസില്‍ നിന്ന് മോചിതനാക്കണമെന്ന് ആവശ്യപ്പെടുന്നു. സുരേന്ദ്രനുള്‍പ്പെടെയുള്ള ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more