| Monday, 5th November 2018, 3:45 pm

ഒരു ബി.ജെ.പി എം.പിയുണ്ട്, അക്കാര്യം പാര്‍ട്ടി തലത്തില്‍ തീരുമാനിക്കട്ടെ; യുവമോര്‍ച്ച വേദിയിലെ പ്രസംഗം പുറത്തുവിട്ട മാധ്യമത്തിനെതിരെ ആഞ്ഞടിച്ച് ശ്രീധരന്‍ പിള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യുവമോര്‍ച്ച വേദിയിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് പ്രസംഗം പുറത്തുവിട്ട മാധ്യമത്തിനെതിരെ രോഷാകുലനായി ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. ശബരിമലയില്‍ ആചാരലംഘനമുണ്ടായാല്‍ നട അടച്ചിടുമെന്ന് പ്രഖ്യാപിക്കും മുമ്പ് തന്ത്രി തന്നെ വിളിച്ചിരുന്നതായി ശ്രീധരന്‍ പിള്ള വെളിപ്പെടുത്തുന്ന പ്രസംഗമാണ് വിവാദമായത്.

മാധ്യമരംഗത്ത് ഇന്ന് പാടില്ലാത്ത ഒരു കാര്യം എന്നാണ് ഇതിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ഒരു പ്രധാനപ്പെട്ട ചാനല്‍ ശബ്ദരേഖ പുറത്തുകൊണ്ടുവന്നു. ഞാനാ ചാനലിനോടു പറയാന്‍ ആഗ്രഹിക്കുന്നു, നിങ്ങളെപ്പോലുള്ളവര്‍ ഇത് ചെയ്യുന്നത് സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തോടുള്ള കടുത്ത ദ്രോഹമാണ്. ഒരു ബി.ജെ.പി എം.പിയുണ്ട്. ആ ബി.ജെ.പി എം.പി…. പാര്‍ട്ടി തലത്തില്‍ തീരുമാനിക്കട്ടെ. ഇത് എവിടെയെത്തുന്നു.

Also Read:നട അടച്ചിടുമെന്ന് പ്രഖ്യാപിക്കും മുന്‍പ് തന്ത്രി വിളിച്ചിരുന്നു; ധൈര്യം നല്‍കിയത് താന്‍; ഗുരുതര വെളിപ്പെടുത്തലുമായി പി.എസ് ശ്രീധരന്‍ പിള്ള

“ഇന്നിപ്പോള്‍ ഒരു വാര്‍ത്ത കൊണ്ടുവന്നു. വാര്‍ത്ത പറയാം. ഇന്ന് മുഴുവന്‍ തലങ്ങും വിലങ്ങും അത് പ്രകടിപ്പിക്കുകയാണ്. ഇന്നലെ ഞാന്‍ നടത്തിയ ഒരു പ്രസംഗമാണ്. ഇന്നലെ പതിനൊന്നു മണിക്ക് നടന്ന കാര്യം. വളരെ ഓപ്പണായിട്ട് ലൈവായിട്ട് കേരളത്തിലെ ബി.ജെ.വൈ.എം കേരളയുള്‍പ്പെടെ എല്ലാവര്‍ക്കും പരസ്യമായ ഒരു കാര്യമാണ് ഇന്ന് എടുത്തിട്ടത്. ഞങ്ങളേതോ രഹസ്യം കണ്ടുപിടിച്ചു, യൂറിക്കാ, യൂറിക്കാ എന്ന മട്ടില്‍. നാണക്കേടാണിത്.” എന്നാണ് ശ്രീധരന്‍ പിള് പറഞ്ഞത്.

പ്രസംഗത്തില്‍ ഉറച്ചു നില്‍ക്കുന്നു. ജനസേവനത്തിനുള്ള സുവര്‍ണാവസരം എന്നാണ് താന്‍ ഉദ്ദേശിച്ചത്. തന്ത്രി തന്നോട് അഭിപ്രായം ആരാഞ്ഞത് വലിയ വിഷയമാക്കേണ്ട. എല്ലാ രാഷ്ട്രീയക്കാരും തന്റെ നിയമോപദേശം തേടാറുണ്ട്. ബി.ജെ.പി നേതാവായിട്ടും സര്‍ക്കാര്‍ കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read:പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് അംഗം രാജിവെച്ചു; രാജി ബി.ജെ.പിയ്‌ക്കെതിരായ അവിശ്വാസം പരിഗണിക്കാനിരിക്കെ

ചില മാധ്യമങ്ങളില്‍ സി.പി.ഐ.എം ഫ്രാക്ഷനില്‍പ്പെട്ട മാധ്യമങ്ങളുണ്ട്. പന്ത്രണ്ട് മാധ്യമപ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ളതായി മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആ ഫ്രാക്ഷന്‍ അപകടകരമാണ്. ആ ഫ്രാക്ഷന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

”ഇപ്പോള്‍ നമ്മളെ സംബന്ധിച്ച് ഒരു ഗോള്‍ഡന്‍ ഓപ്പര്‍ച്യുനിറ്റിയാണ്. ശബരിമല ഒരു സമസ്യയാണ്. ആ സമസ്യ എങ്ങനെ പൂരിപ്പിക്കാന്‍ സാധിക്കും എന്നുള്ളത് സംബന്ധിച്ച് നമുക്കൊരു വരവരച്ചാല്‍ ആ വരയിലൂടെ അത് കൊണ്ടുപോകാന്‍ സാധിക്കില്ല. നമ്മുടെ കയ്യിലല്ല കാര്യങ്ങള്‍ ഉള്ളത്. നമ്മള്‍ ഒരു അജണ്ട മുന്നോട്ടുവെച്ചു. ആ അജണ്ടയ്ക്ക് മുന്നില്‍ ഓരോരുത്തരായി അടിയറവ് പറഞ്ഞുകൊണ്ട് രംഗം കാലിയാക്കുമ്പോള്‍ അവസാനം അവശേഷിക്കുന്നത് നമ്മളും നമ്മുടെ എതിരാളികളായ ഇന്നത്തെ ഭരണകൂടവും അവരുടെ പാര്‍ട്ടിയുമാണ് എന്ന് ഞാന്‍ കരുതുകയാണ്. അതുകൊണ്ട ്ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. ഇപ്പോഴത്തെ സമരത്തെ സംബന്ധിച്ചിടത്തോളം ഈ കഴിഞ്ഞമാസം മലയാളം മാസം 1 ാം തിയതി മുതല്‍ അഞ്ചാം തിയതി വരെയുള്ള സമരം ഏതാണ്ട് ബി.ജെ.പിയാണ് അത് പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയത്. നമ്മുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ നിര്‍ദേശിക്കപ്പെട്ടതനുസരിച്ച് ഒരു സ്ഥലത്ത് പോയി നിന്നു വിജയകരമായി ആ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സാധിച്ചു. അതുപോലെ യുവമോര്‍ച്ചയുടെ ആദ്യത്തെ ദിവസം 19 ാംതിയതി ആദ്യം രണ്ട് സ്ത്രീകളേയും കൊണ്ട് പോകുന്ന അവസരത്തില്‍ പുറംലോകത്തിന് അറിയില്ല പക്ഷേ യുവമോര്‍ച്ചയുടെ ഒരു ജില്ലാ ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് അന്നവിടെ ഭക്തജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് ശ്രീജിത്ത് രണ്ട് സ്ത്രീകളേയും കൊണ്ട് പോയപ്പോള്‍ അത് തടയിടാന്‍ സാധിച്ചത് എന്ന വസ്തുത നമുക്കറിയാം. പക്ഷേ അതിന് ശേഷം അത് അങ്ങനെയല്ലായിത്തീരത്തക്ക സാഹചര്യങ്ങളിലേക്ക് കാര്യങ്ങള്‍ പോയി. അവിടെ പോകുന്ന എല്ലാവരുടേയും ഫോട്ടോയും കാര്യങ്ങളും എല്ലാം നോക്കി വേറൊരു തരത്തിലേക്ക് പോയി. അതുകൊണ്ട് ഒരു കോട്ടമുണ്ടായതായി ഞാന്‍ കരുതുന്നില്ല. പക്ഷേ നമ്മുടെ പ്രസ്ഥാനം നിശ്ചയിക്കുന്നതനുസരിച്ച് പോകുമ്പോഴുണ്ടാകുന്ന നേട്ടം ഒരു ഭാഗത്തും അതേസമയം എതിരാളികള്‍ പ്രകോപിപ്പിച്ച് നമ്മളെ കൊണ്ട് വഴി ഏതാണ്ട് തെറ്റിച്ചുകൊണ്ടുപോകുന്ന ഒരു സ്ഥിതി വിശേഷം ഉണ്ടാകുന്നതും ഒരു സമരത്തെ സംബന്ധിച്ചിടത്തോളം നീണ്ടുനില്‍ക്കുന്ന പ്രക്ഷോഭത്തെ സംബന്ധിച്ചിടത്തോളം അതിന് അതിന്റേതായ പരിമിതികള്‍ ഉണ്ടാകുമെന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണ്.

ഇതൊരു ലോങ് സ്റ്റാന്റിങ് ഫൈറ്റാണ്. ആ ഫൈറ്റിന് പല തട്ടുകളുമുണ്ട്. തന്ത്രി സമൂഹത്തിന് ഇന്ന് കൂടുതല്‍ വിശ്വാസം ബി.ജെ.പിയിലുണ്ട്. അല്ലെങ്കില്‍ അതിന്റെ സംസ്ഥാന അധ്യക്ഷനിലുണ്ട്.

ആ സമയത്ത് അദ്ദേഹം വിളിച്ച കൂട്ടത്തില്‍ ഒരാള്‍ ഞാനായിരുന്നു. അദ്ദേഹം അസ്വസ്ഥനായിരുന്നു. ഞാന്‍ വിളിച്ച അവസരത്തില്‍ പറഞ്ഞു. തിരുമേനീ, തിരുമേനി ഒറ്റയക്കല്ല. പതിനായിരക്കണക്കിനാളുകളും കൂടെയുണ്ടാകും. ഇത് കോടതിയലക്ഷയത്തില്‍ നില്‍ക്കില്ല.കോടതി വിധി ലംഘിച്ച തിരുമേനി ഒറ്റയ്ക്കല്ല കോടതിലക്ഷ്യം നില്‍ക്കില്ല. കോടതിലക്ഷ്യം എടുക്കുകയാണെങ്കില്‍ ആദ്യം ഞങ്ങളുടെ പേരിലായിരിക്കും എടുക്കുക. ഇതോടെ എനിക്ക് സാറ് പറഞ്ഞ ഒരൊറ്റ വാക്ക് മതിയെന്ന് പറഞ്ഞ് ദൃഢമായ തീരുമാനം അദ്ദേഹം എടുത്തു. ആ തീരുമാനമാണ് പൊലീസിനേയും ഭരണകൂടത്തേയും പ്രതിസന്ധിയിലാക്കിയത്. കോടതിലക്ഷ്യം വന്നപ്പോള്‍ ഞാന്‍ ഒന്നാം പ്രതിയും അദ്ദേഹം രണ്ടാം പ്രതിയുമാക്കിയാണ് മാര്‍കിസ്റ്റുകാര്‍ കോടതിയില്‍ കോടതിയലക്ഷ്യം ഫയല്‍ ചെയ്തത് എന്ന് വന്നപ്പോള്‍ എന്റെ വാക്ക് ഞാന്‍ വെറുതെ പറഞ്ഞതാണെങ്കിലും വെറുതെ പറഞ്ഞല്ല ആത്മാര്‍ത്ഥമായി പറഞ്ഞതാണെങ്കിലും എന്നെ കോടതിലക്ഷ്യത്തിന് കൊടുക്കുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും കണ്ടിരുന്നില്ല. പക്ഷേ ഭഗവാന്റെ നിശ്ചയം ഞാനും അദ്ദേഹവും ഒന്നിച്ച് കോടതിലക്ഷ്യത്തില്‍ പ്രതികളാകുമ്പോള്‍ അദ്ദേഹത്തിന് ആത്മവിശ്വാസം ഒന്നുംകൂടി കൂടി ഉയര്‍ന്നിരിക്കുന്നു എന്നതാണ് വസ്തുത. – ശ്രീധരന്‍പിള്ള പ്രസംഗത്തില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more