തിരുവനന്തപുരം: ടോം വടക്കന്‍ ബി.ജെ.പി സംസ്ഥാന ഘടനം തയ്യാറാക്കിയ സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഇല്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. ടോം വടക്കന്റെ കാര്യം കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
തൃശ്ശൂരില്‍ ടോം വടക്കന്‍ മത്സരിക്കുന്നതു സംബന്ധിച്ച തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അത്തരം നീക്കങ്ങളൊന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. കേരളത്തില്‍ ബിജെപിക്ക് അനുകൂലമായ സാഹചര്യമുണ്ട്. ടോം വടക്കന്‍ വരുന്നതുകൊണ്ടോ വരാതിരുന്നതുകൊണ്ടോ അതില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ടോം വടക്കന്റെ വരവ് തീരുമാനിച്ചത് അഖിലേന്ത്യാ കമ്മറ്റിയാണെന്നും ഇക്കാര്യം തന്നോട് പറഞ്ഞിരുന്നുവെന്നും പി.എസ് ശ്രീധരന്‍ പിള്ള പ്രതികരിച്ചിരുന്നു.
ആരൊക്കെയാണ് ഇനി വരുന്നതെന്ന കാര്യം മാധ്യമങ്ങളോട് പറയാന്‍ സാധിക്കില്ല. വിരല്‍ ഞൊടിച്ചാല്‍ വരാന്‍ ധാരാളം നേതാക്കളുണ്ട്. അവരെക്കുറിച്ച് പറയാന്‍ പറ്റില്ലെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍.
ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ കേരളത്തില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് അത്തരം ധാരണകളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നായിരുന്നു ടോം വടക്കന്‍ പ്രതികരിച്ചത്. ബി.ജെ.പി കേന്ദ്രനേതൃത്വം പറയുന്നതുപോലെ അനുസരിക്കുമെന്നും നാഗ്പൂരില്‍ കാമ്പയിന്‍ ചെയ്യാന്‍ പറഞ്ഞാല്‍ അവിടെ പോയി കാമ്പയിന്‍ ചെയ്യുമെന്നും വടക്കന്‍ പറഞ്ഞിരുന്നു.