തിരുവനന്തപുരം: വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി എത്തിയാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി മാറുമെന്ന സൂചന നല്‍കി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള.
രാഹുല്‍ വന്നാല്‍ കൗതുകപൂര്‍വം അതിനെ നേരിടാനുള്ള തയ്യാറെടുപ്പുമായി കാത്തിരിക്കുകയാണ് ബി.ജെ.പിയെന്നും രാഹുല്‍ വരുമെന്ന കാര്യം ആര്‍ക്കും ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
രാഹുല്‍ ഗാന്ധി വരുന്നു വരുന്നു എന്ന് പറഞ്ഞ് ഇങ്ങനെ നീട്ടിക്കൊണ്ടുപോകുകയാണല്ലോ, പുലി വരുന്നേ പുലി വരുന്നേ എന്ന് പറയുന്നതുപോലെയാണ്. അതുകൊണ്ട് തന്നെ സ്വാഭാവികമായും അത് സ്ഥാനാര്‍ത്ഥിത്വത്തേയും തെരഞ്ഞെടുപ്പു പ്രചരണത്തെയുമെല്ലാം സ്വാധീനിക്കുന്ന ഘടകമാണ്.
കൗതുകപൂര്‍വം അതിനെ നേരിടാനുള്ള തയ്യാറെടുപ്പുമായി കാത്തിരിക്കുകയാണ്. രാഹുല്‍ വരുമെന്ന കാര്യം ആര്‍ക്കും ഇപ്പോള്‍ പ്രചരിക്കാന്‍ പറ്റില്ല. കേരളത്തിലെ ജനങ്ങള്‍ വിഡ്ഢികളായിക്കാണ്ടിരിക്കുന്ന അവസരമാണ് ഇതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
അതേസമയം വയനാട് സീറ്റ് ബി.ജെ.പിക്ക് വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് ബി.ഡി.ജെ.എസ് തീരുമാനം. രാഹുല്‍ ഗാന്ധി വയനാട് മത്സസരിക്കുകയാണെങ്കില്‍ തുഷാര്‍ വെള്ളാപ്പള്ളി തന്നെ മത്സരിക്കണമെന്നുമാണ് ബി.ഡി.ജെ.എസ് പറയുന്നത്.
നിലവില്‍ തൃശ്ശൂരില്‍ തുഷാറിനെ മത്സരിപ്പിക്കാനാണ് ബി.ഡി.ജെ.എസിന്റെ തീരുമാനം. വയനാട്ടിന്റെ കാര്യം തീരുമാനമാകുന്നത് വരെ തൃശ്ശൂരിലും വയനാട്ടിലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കേണ്ട എന്നാണ് ബി.ഡി.ജെ.എസിന്റെ തീരുമാനം.
എന്നാല്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുകയാണെങ്കില്‍ വയനാട്ടില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.
അതേസമയം കോണ്‍ഗ്രസിന്റെ പുതിയ സ്ഥാനാര്‍ത്ഥി പട്ടികയിലും വയനാടിലെയും വടകരയിലെയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു.