തിരുവനന്തപുരം: ഗവര്‍ണര്‍ പദവിയില്‍ നിന്ന് താനായിട്ട് പിന്മാറില്ലെന്നും പദവിയില്‍ നിന്ന് പിന്മാറണമെങ്കില്‍ തന്നെ നിയോഗിച്ചവര്‍ തന്നെ പറയണമെന്നും മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള.
ആരേയും ഉദ്ദേശിച്ചല്ല തന്റെ പ്രതികരണമെന്നും കേരളത്തിലേക്ക് പെട്ടെന്നൊരു തിരിച്ചുവരവുണ്ടാകുമോ എന്ന് ചോദിച്ചത് കൊണ്ട് മാത്രമാണ് താന്‍ ഇങ്ങനെ പറഞ്ഞതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുട്ടിക്കളിപോലെ വലിച്ചെറിയേണ്ടതല്ല ഗവര്‍ണര്‍ പദവി. അത് വിട്ട് കേരളരാഷ്ട്രീയത്തിലേക്ക് ഉടന്‍ ഇല്ലെന്നും പി.എസ് ശ്രീധരന്‍ പിളള പറഞ്ഞു. പുസ്തകപ്രകാശന ചടങ്ങിനായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു അദ്ദേഹം.
ഉയര്‍ന്ന ഭരണഘടന പദവികളില്‍ ഒന്നാണ് ഗവര്‍ണറുടേത്. അതില്‍ നിന്നും പിന്മാറണമെങ്കില്‍ തന്നെ നിയോഗിച്ചവര്‍ തന്നെ പറയണം. താനായിട്ട് ആ പദവിയില്‍ നിന്ന് പിന്മാറില്ല.
നേരത്തെ കേരളത്തിലേക്ക് മടങ്ങിവരാനുള്ള ആഗ്രഹം പങ്കുവെച്ച് ശ്രീധരന്‍ പിള്ള തന്നെ രംഗത്തെത്തിയിരുന്നു. ‘ഗവര്‍ണ്ണറായി സന്തോഷത്തോടെ ഇവിടെ അഭിരമിക്കുമ്പോഴും ഗൃഹാതുരത്വം കറുത്ത കോട്ടിന്റെ തനിനിറം കാട്ടി മാടിവിളിക്കുന്നു എന്നൊരു തോന്നല്‍ മനസ്സിന്റെ കോണിലെവിടെയോ അങ്കുരിച്ചുവോ’ എന്നായിരുന്നു മിസോറാം ഗവര്‍ണറായി ഒരു വര്‍ഷം തികയ്ക്കുന്ന വേളയില്‍ ശ്രീധരന്‍ പിള്ള ഫേസ്ബുക്കില്‍ എഴുതിയത്.
ബാര്‍ കൗണ്‍സിലില്‍ പോയി അഭിഭാഷകവൃത്തി ഉപേക്ഷിച്ചതായി എഴുതിക്കൊടുക്കുന്നതിനു പകരം താല്‍ക്കാലികമായി മരവിപ്പിക്കുകമാത്രം ചെയ്തത് നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.
ഇതോടെ ശ്രീധരന്‍ പിള്ള ഉടന്‍ തന്നെ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരും എന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമായി. കുമ്മനം രാജശേഖരനെ പോലെ ശ്രീധരന്‍ പിള്ളയും രാജിവെച്ച് കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുമെന്നായിരുന്നു സൂചനകള്‍. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിനെ തുടര്‍ന്നായിരുന്നു കുമ്മനം മിസ്സോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചത്. ഇതിന് പിന്നാലെയായിരുന്നു ശ്രീധരന്‍ പിള്ളയ്ക്ക് ഗവര്‍ണ്ണര്‍ സ്ഥാനം ലഭിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക