സ്ത്രീപ്രവേശനത്തിനെതിരെയല്ല ശബരിമല സമരം; കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെയാണെന്ന് ശ്രീധരന്‍ പിള്ള
Sabarimala
സ്ത്രീപ്രവേശനത്തിനെതിരെയല്ല ശബരിമല സമരം; കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെയാണെന്ന് ശ്രീധരന്‍ പിള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th November 2018, 11:39 am

പത്തനംതിട്ട: ശബരിമലയില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം യുവതീ പ്രവേശനത്തിന് എതിരെയല്ലെന്ന് ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായിട്ടാണ് ഈ സമരം. അല്ലാതെ സ്ത്രീകള് വരുന്നോ പോകുന്നോന്ന് നോക്കാന്‍ വേണ്ടിയല്ലെന്നാണ് ശ്രീധരന്‍ പിള്ള മാധ്യമങ്ങളോടു പറഞ്ഞത്.

സ്ത്രീകള് വരാതിരിക്കാനുള്ള സാഹചര്യമുണ്ടായാല്‍ ബി.ജെ.പി സമരത്തില്‍ നിന്ന് പിന്മാറുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

“സ്ത്രീകള് വരുന്നതിനെ സംബന്ധിച്ചല്ല ഈ സമരം. കമ്മ്യൂണിസ്റ്റുകാര്‍ ഇതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ആ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായിട്ടാണ് ഞങ്ങളുടെ സമരം. കോടിക്കണക്കിന് ആളുകളുടെ ഒപ്പു ശേഖരിക്കാന്‍ അവരുടെ വീട്ടില്‍ പോകുന്നത് അതിനുവേണ്ടിയാണ്. അല്ലാതെ അവിടെ സ്ത്രീകള് വരുന്നോ പോകുന്നോന്ന് നോക്കാന്‍ വേണ്ടിയല്ല.” എന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്.

Also Read: ശബരിമലയിലേക്ക് പോകാന്‍ ആറ് യുവതികള്‍ കൊച്ചിയില്‍; വന്നത് മലബാറില്‍ നിന്നുള്ളവര്‍

യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് ആചാരലംഘനമാണെന്ന് അവകാശപ്പെട്ടാണ് ബി.ജെ.പി സമരവുമായി രംഗത്തുവന്നത്. വിധി വരുന്നതിനു മുമ്പ് സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചിരുന്ന ബി.ജെ.പി ആര്‍.എസ്.എസ് നേതൃത്വം വിധി വന്നതിനു പിന്നാലെ ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് നിലപാട് മാറ്റി പ്രതിഷേധ രംഗത്തിറങ്ങിയത്.

Also Read:ശശികലയെ ബഹുമാനിക്കണമെന്ന് രാഹുല്‍ ഈശ്വര്‍; വര്‍ഗീയ വിഷം ചീറ്റുന്ന ഒരാളെ ബഹുമാനിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അവതാരക

പ്രതിഷേധത്തിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത് സംസ്ഥാനത്തെ സമാധാന അന്തരീക്ഷം കലുഷിതമാക്കുകയാണെന്നും സര്‍ക്കാറിനെ അസ്ഥിരപ്പെടുത്തുകയാണെന്നുമുള്ള ആക്ഷേപം ഇതിനകം തന്നെ ഉയര്‍ന്നിരുന്നു. അത്തരം ആക്ഷേപങ്ങളെ ശരിവെക്കുന്നതാണ് ശ്രീധരന്‍ പിള്ളയുടെ ഈ പ്രതികരണം.