തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ്- യാക്കോബായ പള്ളി തര്‍ക്കത്തില്‍ ബി.ജെ.പി ഇടപെട്ടത് കേരളത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ക്രൈസ്തവ വിഷയങ്ങളില്‍ ബി.ജെ.പി ഇടപെടുന്നതിന് വലിയ രീതിയില്‍ വാര്‍ത്താ പ്രധാന്യം ലഭിക്കുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തില്‍ എന്തുകൊണ്ടാണ് ക്രൈസ്തവ വിഷയങ്ങളില്‍ ഇടപെട്ടതെന്ന് മാതൃഭൂമി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള.
കൊച്ചിയില്‍ എത്തിയപ്പോള്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. തിരിച്ചു മിസോറാമിലേക്ക് പോവുന്നതിന് മുന്‍പ് സമയം നിശ്ചയിച്ച് കാണാമെന്ന് പറഞ്ഞപ്പോള്‍ ഉടന്‍ കാണണമെന്ന് പറയുകയായിരുന്നുവെന്നും ശ്രീധരന്‍ പിള്ള അഭിമുഖത്തില്‍ പറഞ്ഞു.
തുല്യനീതിക്കുപകരം വിവേചനം കാണിക്കുന്നുവെന്നായിരുന്നു ക്രൈസ്തവ സഭ യോഗത്തില്‍ പ്രധാന പരാതിയായി ഉന്നയിച്ചത്. കേരളത്തില്‍ മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യം നല്‍കുന്നതില്‍ ക്രൈസ്തവരോട് നീതിനിഷേധം കാണിച്ചു എന്നും പരാതി പറഞ്ഞു.
ക്രൈസ്തവ പെണ്‍കുട്ടികളെ തെറ്റിധരിപ്പിച്ചും വശീകരിച്ചും മതം മാറ്റുന്നുവെന്നായിരുന്നു മറ്റൊരു പരാതിയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
തുര്‍ക്കിയിലെ സോഫിയ പള്ളി, ഫ്രാന്‍സിലെ പള്ളി എന്നിവയ്ക്കുനേരെയുള്ള അതിക്രമവും ആശങ്കയായി പങ്കുവെച്ചു എന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.
ആര്‍ച്ച് ബിഷപ്പുമായി ഒറ്റയ്ക്കും വിവിധ മേഖലകളില്‍ ചുമതലവഹിക്കുന്ന 22 പ്രധാന വൈദികരുമായും രണ്ടുമണിക്കൂറോളം സംസാരിച്ചുവെന്നും ശ്രീധരന്‍ പിളള പറഞ്ഞു.
സഭയുമായി പതിറ്റാണ്ടുകളായുള്ള ബന്ധംമൂലമാവാം അവര്‍ എന്നില്‍ വിശ്വാസം അര്‍പ്പിച്ചത്. നീതിനിഷേധം ഉണ്ടെങ്കില്‍ അതില്‍ ഇടപെടാമെന്ന് കര്‍ദിനാളിന് ഉറപ്പുനല്‍കിയെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.
ഇതോടൊപ്പമാണ് ഓര്‍ത്തഡോക്‌സ് യാക്കോബായ തര്‍ക്കവും തന്റെ മുന്നിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.