കൊച്ചി: കഴിഞ്ഞദിവസം നടന്ന അയ്യപ്പജ്യോതിയിലെ ജനപങ്കാളിത്തം തെരഞ്ഞെടുപ്പില്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള.
“അയ്യപ്പജ്യോതിയും വോട്ടിങ് പാറ്റേണുമായി കൂട്ടിക്കലര്‍ത്താന്‍ ശ്രമിക്കുന്നത് ശരിയല്ല. അതിന്റെ ആവശ്യമില്ല. വിശ്വാസത്തോട് ബന്ധപ്പെടുത്തി ഒരു രാഷ്ട്രീയ മുതലെടുപ്പിനോ അല്ലെങ്കില്‍ അതിനെ രാഷ്ട്രീയ ഇന്ധനമാക്കാനോ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ” ശ്രീധരന്‍പിള്ള പറഞ്ഞു.
അയ്യപ്പജ്യോതിയില്‍ എസ്.എന്‍.ഡി.പി അടക്കമുള്ള സമുദായ സംഘടനകളും ബി.ഡി.ജെ.എസും പങ്കെടുത്തെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. എന്നാല്‍ ജ്യോതി തെളിയിക്കാന്‍ പങ്കെടുത്തുവര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അനുകൂല വോട്ടുകളായി മാറുമെന്ന് ബി.ജെ.പി വിലയിരുത്തുന്നില്ലെന്നാണ് ശ്രീധരന്‍പിള്ള തന്നെ വ്യക്തമാക്കുന്നത്.
ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതില്‍ എളുപ്പമല്ലെന്ന് സി.പി.ഐ.എമ്മിന് ബോധ്യപ്പെട്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. വനിതാ മതില്‍ നെഗറ്റീവാണ്. അല്ലെങ്കില്‍ പിന്നെ എന്തിനാണ് അവര്‍ മലക്കം മറിയുന്നതെന്നും ശ്രീധരന്‍ പിള്ള ചോദിക്കുന്നു.
കഴിഞ്ഞദിവസത്തെ അയ്യപ്പജ്യോതിയില്‍ സി.പി.ഐ.എമ്മുകാരുടെ ഭാര്യമാരടക്കം പങ്കെടുത്തെന്നും പാര്‍ട്ടിയെ ഭയന്ന് അവര്‍ ഫോട്ടോയെടുക്കാന്‍ സമ്മതിച്ചില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.