D' Election 2019
തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍വിധിയോടെ പെരുമാറി; അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചിട്ടില്ല; സുരേഷ് ഗോപിയെ പിന്തുണച്ച് പി.എസ് ശ്രീധരന്‍ പിള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Apr 07, 12:59 pm
Sunday, 7th April 2019, 6:29 pm

കോഴിക്കോട്: തൃശ്ശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍ വിധിയോടെ പെരുമാറിയെന്ന് ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള.

സുരേഷ് ഗോപി കുറ്റക്കാരനാണെന്ന് ഇപ്പോള്‍ തന്നെ വിധിക്കാന്‍ പാടില്ലായിരുന്നെന്നും സുരേഷ് ഗോപിക്ക് ഇനി എങ്ങനെ അപ്പീല്‍ നല്‍കാന്‍ സാധിക്കുമെന്നും ശ്രീധരന്‍പിള്ള ചോദിച്ചു.

കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ അപ്പീല്‍ നല്‍കിയാല്‍ സ്വീകരിക്കേണ്ടയാളാണു മീണ. ഇപ്പോള്‍ തന്നെ സുരേഷ് ഗോപി കുറ്റക്കാരനാണെന്ന് പറഞ്ഞത് ശരിയായില്ലെന്ന് പറഞ്ഞ ശ്രീധരന്‍പിള്ള ശബരിമല വിഷയം ഇനിയും ബി.ജെ.പി പ്രചാരണത്തില്‍ ഉന്നയിക്കുമെന്നും പറഞ്ഞു. അയ്യപ്പന്റെ പേരില്‍ സുരേഷ് ഗോപി വോട്ടു ചോദിച്ചിട്ടില്ലെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

നേരത്തെ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. “ഇഷ്ടദേവന്റെ പേരുപറയാന്‍ പാടില്ലെന്നതു ഗതികേട്. ഇത് എന്തൊരു ജനാധിപത്യമാണ്? അയ്യന്റെ അര്‍ഥം എന്താണെന്നു പരിശോധിക്കൂ.”- അദ്ദേഹം പറഞ്ഞു.

Also Read  എം.കെ രാഘവന്റെ വാക്കുകള്‍ ജനാധിപത്യത്തിന് നേര്‍ക്കുള്ള ഭീഷണി, കോഴിക്കോട് മത്സരിക്കാന്‍ ധാര്‍മികമായി അവകാശമില്ല: ആംആദ്മി പാര്‍ട്ടി

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാണിച്ച് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമ കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത്. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് കളക്ടര്‍ പറഞ്ഞിരുന്നു.

തൃശ്ശൂരിലെ എന്‍.ഡി.എ മണ്ഡലം കണ്‍വെന്‍ഷനിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന. അയ്യപ്പന്‍ ഒരു വികാരമാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നായിരുന്നു പ്രസ്താവന. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണു താന്‍ വോട്ട് അപേക്ഷിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

സുരേഷ് ഗോപിയെ പിന്തുണച്ച് ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണനും ഇതിനിടെ രംഗത്തുവന്നു. കളക്ടറുടെ നടപടി വിവരക്കേടാണെന്നും കളക്ടര്‍ക്ക് എടുക്കാന്‍ പറ്റുന്ന എല്ലാ നടപടിയും എടുക്കട്ടെയെന്നും എല്ലാം തങ്ങള്‍ നോക്കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ശബരിമലയുടെ പേരുപറഞ്ഞ് വോട്ട് പിടിക്കാനാകില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
DoolNews Video