| Friday, 24th May 2019, 2:27 pm

തോല്‍വിക്കു കാരണം ആര്‍.എസ്.എസ് ഇടപെടലെന്ന് ശ്രീധരന്‍ പിള്ള: ഉത്തരവാദി സംസ്ഥാന അധ്യക്ഷനെന്ന് മുരളീധരപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് സീറ്റു നേടാന്‍ കഴിയാതെ പോയതിനു പിന്നാലെ നേതൃമാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടിയിലെ ഒരു വിഭാഗം. എന്നാല്‍ തോല്‍വിക്ക് കാരണം ആര്‍.എസ്.എസ് ഇടപെടലാണെന്നാണ് സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ ആരോപണം.

തിരുവനന്തപുരത്തും പത്തനംതിട്ടയിലും തോല്‍ക്കാനിടയാക്കിയത് ആര്‍.എസ്.എസിന്റെ ഇടപെടലാണെന്നാണ് ശ്രീധരന്‍പിള്ളയുടെ അഭിപ്രായം. ഇക്കാര്യം അദ്ദേഹം ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ശബരിമല വിഷയം ഉള്‍പ്പെടെ പാര്‍ട്ടിക്ക് അനുകൂലമായ സാഹചര്യമുണ്ടായിട്ടും മുതലാക്കാന്‍ സാധിക്കാതെ പോയത് സംസ്ഥാന അധ്യക്ഷന്റെ കഴിവുകേടാണെന്ന നിലപാടാണ് മുരളീധരപക്ഷത്തിന്. ശബരിമലയുമായി ബന്ധപ്പെട്ട് ശ്രീധരന്‍പിള്ള അടയ്ക്കടി നിലപാട് മാറ്റിയത് ബി.ജെ.പിയുടെ ഉദ്ദേശശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയിലെത്തിച്ചെന്നും ഇവര്‍ ആരോപിക്കുന്നു.

പിള്ളയ്‌ക്കെതിരായ നീക്കത്തില്‍ മുരളീധരന് ആര്‍.എസ്.എസിന്റെ പിന്തുണയുണ്ട്. അതു തിരിച്ചറിഞ്ഞാണ് പിള്ള ആര്‍.എസ്.എസിനെ കുറ്റപ്പെടുത്തി രംഗത്തുവന്നിരിക്കുന്നത്.

തിരുവനന്തപുരത്തും പത്തനംതിട്ടയിലും യഥാക്രമം കുമ്മനത്തെയും കെ. സുരേന്ദ്രനേയും നിര്‍ത്തേണ്ടി വന്നത് ആര്‍.എസ്.എസ് സമ്മര്‍ദ്ദം മൂലമാണെന്നാണ് ശ്രീധരന്‍ പിള്ള പറയുന്നത്. ഇതില്‍ ഏതെങ്കിലുമൊരു മണ്ഡലത്തില്‍ താന്‍ മത്സരിച്ചിരുന്നുവെങ്കില്‍ ന്യൂനപക്ഷ വോട്ടുകള്‍കൂടി പിടിക്കാമെന്നാണ് പിള്ളയുടെ അവകാശവാദം.

ആര്‍.എസ്.എസിന്റെ ഭാഗത്തുനിന്നും അമിത ഇടപെടലുണ്ടായെന്ന ആക്ഷേപം കൃഷ്ണദാസ് പക്ഷത്തിനുമുണ്ട്. അടുത്തയാഴ്ച ചേരുന്ന സംസ്ഥാന നേതൃയോഗങ്ങളില്‍ ഇത് വലിയ ഭിന്നതയ്ക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.

We use cookies to give you the best possible experience. Learn more