കൊച്ചി മെട്രോ: ശ്രീധരന് പൂര്‍ണ അധികാരം നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് സുധീര്‍ കൃഷ്ണ
Kerala
കൊച്ചി മെട്രോ: ശ്രീധരന് പൂര്‍ണ അധികാരം നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് സുധീര്‍ കൃഷ്ണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th December 2012, 4:03 pm

കൊച്ചി: കൊച്ചി മെട്രോയില്‍ ഇ. ശ്രീധരന് പൂര്‍ണ അധികാരം നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര നഗരവികസന സെക്രട്ടറിയും കെ.എം.ആര്‍.എല്‍ ചെയര്‍മാനുമായ സുധീര്‍ കൃഷ്ണ.

കൊച്ചി മെട്രോയുടെ ചുമതല ശ്രീധരനാണെന്ന ഡി.എം.ആര്‍.സി എം.ഡി മംഗു സിങ്ങിന്റെ പ്രസ്താവനയെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.[]

കൊച്ചി മെട്രോയില്‍ കെ.എം.ആര്‍.എല്‍ ചെയ്യേണ്ടത് ചെയ്യണം. പദ്ധതിയില്‍ ഡി.എം.ആര്‍.സിയുടെ റോള്‍ സംബന്ധിച്ച് പൂര്‍ണരൂപമായിട്ടില്ല. അതിന് ഇനിയും സമയമുണ്ട്. അതിന് ഇനിയും സമയമുണ്ട്. വിശദപദ്ധതി റിപ്പോര്‍ട്ടില്‍ ചില മാറ്റങ്ങള്‍ വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

നഗരവികസന മന്ത്രാലയവും ഡി.എം.ആര്‍.സി ഡയറക്ടര്‍ ബോര്‍ഡും ഒരു തീരുമാനവും എടുത്തിട്ടില്ല. മെട്രോയുടെ പദ്ധതിരേഖകളില്‍ ചില മാറ്റങ്ങള്‍ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഡിഎംആര്‍സിയുടെ കുറിപ്പ് തിരിച്ചയച്ചത് സര്‍ക്കാര്‍ നടപടിക്രമം മാത്രമാണെന്നും സുധീര്‍ കൃഷ്ണ പറഞ്ഞു.

കൊച്ചി മെട്രോ ഡി.എം.ആര്‍.സി ഏറ്റെടുക്കുന്നതിന് തടസ്സം ഉദ്യോഗസ്ഥരാണെന്ന് ഇ.ശ്രീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാഷ്ട്രീയതലത്തില്‍ പദ്ധതിക്ക് തടസ്സമൊന്നുമില്ലെന്നും കേന്ദ്ര നഗരവികസന മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥര്‍ പദ്ധതിക്ക് എതിരാണെന്നുമായിരുന്നു ശ്രീധരന്‍ പറഞ്ഞത്.

കൊച്ചി മെട്രോയില്‍ ഡി.എം.ആര്‍.സിയെ സഹകരിപ്പിച്ചിട്ടില്ലെങ്കില്‍ താനുമുണ്ടാകില്ലെന്നും വീണ്ടും ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു. കൊച്ചി മെട്രോയുടെ നിര്‍മാണ ചുമതല പൂര്‍ണമായും ഡി.എം.ആര്‍.സിക്ക് ലഭിക്കുന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ശ്രീധരന്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.